പൂജാരയും ശ്രേയസും തിളങ്ങി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മാന്യമായ സ്‌കോറിലേക്ക്

പൂജാരയും ശ്രേയസും തിളങ്ങി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മാന്യമായ സ്‌കോറിലേക്ക്

പൂജാര 203 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 90 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രേയസ് 169 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളുമായി 82 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ചിറ്റഗോങ്ങില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരങ്ങളായ ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കരയകയറ്റി മാന്യമായ സ്‌കോറിലെത്തിച്ചത്. പൂജാര 203 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 90 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രേയസ് 169 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളുമായി 82 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു.

ഇവര്‍ക്കു പുറമേ 45 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 46റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, 54 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 22 റണ്‍സ് നേടിയ നായകന്‍ കെ.എല്‍ രാഹുല്‍, 40 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കത്തിനു ശേഷം തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഗില്ലും രാഹുലും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗില്ലിനെ തയ്ജുല്‍ ഇസ്ലാം വീഴ്ത്തിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

പിന്നാലെ രാഹുലും മുന്‍ നായകന്‍ വിരാട് കോഹ്ലി(1) മടങ്ങിയതോടെ ക്ഷണത്തില്‍ മൂന്നിന് 48 എന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റില്‍ പൂജാര-പന്ത് സഖ്യം കരകയറ്റുമെന്നു തോന്നിപ്പിച്ചു. ഇരുവരും ചേര്‍ന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു ടീം സ്‌കോര്‍ 100 കടത്തി. ഇതിനു പിന്നാലെ പന്ത് വീണു.

പിന്നീട് അഞ്ചാം വിക്കറ്റില്‍ പൂജാരയ്ക്കു കൂട്ടായി ശ്രേയസ് എത്തിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. ഇരുവരും ചേര്‍ന്ന് 149 റണ്‍സാണ കൂട്ടിച്ചേര്‍ത്തതത്. ഒടുവില്‍ സെഞ്ചുറിക്ക് 10 റണ്‍സ് അകലെ പൂജാരയെ വീഴ്ത്തില തയ്ജുലാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. ബംഗ്ലാദേശിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ തയ്ജുലാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന്‍ മിറാസ്, ഒരു വിക്കറ്റ് വീഴ്ത്തിയ ഖാലിദ് അഹമ്മദ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in