ബന്ദൂ സിങ്ങിന്റെ 'മൂക്കിന്' അറിയാം സച്ചിന്‍ എന്ന ബൗളറെ!

ബന്ദൂ സിങ്ങിന്റെ 'മൂക്കിന്' അറിയാം സച്ചിന്‍ എന്ന ബൗളറെ!

വെസ്റ്റിന്‍ഡീസ് പേസ് ഇതിഹാസം 'കര്‍ട്‌ലി ആംബ്രാസിന്റെ ആത്മാവ് ആവേശിച്ച' സച്ചിന്‍ എന്ന ബൗളറെ ആര്‍ക്കെങ്കിലും അറിയുമോ? അതറിയാവുന്ന ഒരാളേയുള്ളു ഇന്ത്യന്‍ ക്രിക്കറ്റില്‍...

സര്‍വാധിപത്യത്തോടെയുള്ള ബാറ്റിങ്ങിലൂടെ നിരവധി ബൗളര്‍മാരുടെ ഉറക്കം കളഞ്ഞ ഇതിഹാസ താരമായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. എന്നാല്‍ വെസ്റ്റിന്‍ഡീസ് പേസ് ഇതിഹാസം 'കര്‍ട്‌ലി ആംബ്രാസിന്റെ ആത്മാവ് ആവേശിച്ച' സച്ചിന്‍ എന്ന ബൗളറെ ആര്‍ക്കെങ്കിലും അറിയുമോ? അതറിയാവുന്ന ഒരാളേയുള്ളു ഇന്ത്യന്‍ ക്രിക്കറ്റില്‍- ബന്ദൂ സിങ് എന്ന ഡല്‍ഹി രഞ്ജി ക്രിക്കറ്റ് താരം!

ബന്ദൂ സിങ്ങിന്റെ 'മൂക്കിന്' അറിയാം സച്ചിന്‍ എന്ന ബൗളറെ!
സച്ചിനെ എങ്ങനെ സ്നേഹിക്കാതിരിക്കും?

1980-കളിലും 90-കളിലും ഡല്‍ഹി രഞ്ജി ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നെടുന്തൂണുകളില്‍ ഒരാളായിരുന്നു ബന്ദൂ സിങ്. ക്രിക്കറ്റ് പിച്ചില്‍ ആരെയും കൂസാത്ത പഞ്ചാബി വീര്യമുള്ള ഒരു ഘടാഘടിയന്‍! എന്നാല്‍ 32 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1991 ഏപ്രില്‍ 20ന് മുംബൈയില്‍നിന്നുള്ള ഒരു കൊച്ചു പയ്യന്‍ ബന്ദുവിന് ഒരു പണികൊടുത്തു. അക്കാര്യം ബന്ദു മറന്നാലും അദ്ദേഹത്തിന്റെ മൂക്ക് മറക്കില്ല.

ബന്ദൂ സിങ്ങിന്റെ 'മൂക്കിന്' അറിയാം സച്ചിന്‍ എന്ന ബൗളറെ!
സച്ചിന് വേണ്ടി മാത്രം ലതാജി പാടിയ പാട്ട്

കാരണം ഒരൊറ്റയേറില്‍ ബന്ദു സിങ്ങിന്റെ മൂക്കിന്റെ 'ഷെയ്പ്' തന്നെ മാറ്റിക്കളഞ്ഞു അന്ന് മുംബൈ യുവതാരമായിരുന്ന സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അഞ്ചടി അഞ്ചിഞ്ചുകാരന്‍ പയ്യന്‍ അന്നെറിഞ്ഞ ബൗണ്‍സറിന്റെ കരുത്ത് ഓര്‍ക്കുമ്പോള്‍ ബന്ദു സിങ്ങിന്റെ മൂക്കിന്‍ തുമ്പ് ഇന്നും വിറയ്ക്കും.

80-90 കാലഘട്ടങ്ങളില്‍ ക്രിക്കറ്റില്‍ മുംബൈ-ഡല്‍ഹി പോരാട്ടം തീപാറുന്നതായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ ഈഗോയും പ്രാദേശിക വാദങ്ങളുമെല്ലാം ഈ മത്സരങ്ങളെ യുദ്ധസമാനമാക്കി മാറ്റിയിരുന്നു. പലപ്പോഴും ഗ്രൗണ്ടില്‍ അടിപൊട്ടാതെ പോയത് ഭാഗ്യം കൊണ്ടാണെന്നു ക്രിക്കറ്റ് 'മാന്യന്മാരുടെ കളിയാണെന്ന്' ഇന്നും ഉറച്ചു വിശ്വസിക്കുന്ന സുനില്‍ ഗാവസ്‌കര്‍ വരെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

ബന്ദൂ സിങ്ങിന്റെ 'മൂക്കിന്' അറിയാം സച്ചിന്‍ എന്ന ബൗളറെ!
അമ്പത് കടന്ന സച്ചിനിസത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍

അങ്ങനൊരു സാഹചര്യത്തിലാണ് അന്ന് മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടിയത്. മത്സരം നടക്കുന്നത് ഡല്‍ഹിയിലെ വിഖ്യാതമായ ഫിറോസ് ഷാ കോട്‌ല (ഇന്നത്തെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം)യില്‍. മത്സരത്തിനായി പേസര്‍മാരെ തുണയ്ക്കുന്ന പച്ചപ്പുല്‍നിറഞ്ഞ വിക്കറ്റാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയത്.

എന്നാല്‍ മുംബൈ താരങ്ങളുടെ മികവിനു മുന്നില്‍ കോട്‌ലയിലെ പിച്ച് ബാറ്റിങ് പ്രേമിയായി മാറുന്നതാണ് കണ്ടത്. പക്ഷേ ഡല്‍ഹി താരങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. തന്റെ അവസാന രഞ്ജി സീസണ്‍ കളിക്കുന്ന മുംബൈയുടെ സൂപ്പര്‍ താരം ദീലീപ് വെങ്‌സര്‍ക്കറിനെ ടാര്‍ഗറ്റ് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അതിന്‍പ്രകാരം ഡല്‍ഹി പേസര്‍മാരായ സഞ്ജീവ് ശര്‍മയും അതുല്‍ വാസനും(1983 ലോകകപ്പ് ടീമില്‍ ഇടംപിടിച്ച മലയാളി താരം) വെങ്‌സര്‍ക്കര്‍ക്കു നേരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ ആരംഭിച്ചതോടെ 'മത്സരച്ചൂട്' അതിരുവിട്ടു.

ഇതിനിടെ അതുല്‍ വാസന്റെ ഒരു ബൗണ്‍സര്‍ വെങ്‌സര്‍ക്കറുടെ വാരിയെല്ലില്‍ ഇടിച്ചു. പിന്നാലെ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്‌പോരും ആരംഭിച്ചു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ മുംബൈ 390 റണ്‍സാണ് നേടിയത്. ഡല്‍ഹി 389 റണ്‍സിനു പുറത്തായി. ഒരു റണ്ണിന്റെ നിര്‍ണായക ലീഡ് നേടിയ മുംബൈ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.

അതിനാല്‍ തന്നെ മത്സരഫലത്തെക്കാള്‍ പരസ്പരമുള്ള 'കൊടുക്കല്‍ വാങ്ങലുകള്‍'ക്കാണ് രണ്ടാമിന്നിങ്‌സ് ഇരുടീമുകളും വിനിയോഗിച്ചത്. സഞ്ജയ് മഞ്ജരേക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചന്ദ്രകാന്ത് പണ്ഡിറ്റ് എന്നിവരുടെ സെഞ്ചുറി മികവില്‍ രണ്ടാമിന്നിങ്‌സില്‍ മുംബൈ 719 റണ്‍സാണ് പടുത്തുയര്‍ത്തിയത്.

ഇതോടെ ഡല്‍ഹിക്കു മുന്നില്‍ അവസാന ദിനം 721 റണ്‍സിന്റെ വിജയലക്ഷ്യം. തീര്‍ത്തും അസാധ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹി താരങ്ങള്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ബന്ദൂ സിങ്ങായിരുന്നു മുന്നില്‍.

ബന്ദൂ സിങ്ങും സച്ചിന്‍ തെണ്ടുല്‍ക്കറും. ഒരു പില്‍ക്കാല ചിത്രം.
ബന്ദൂ സിങ്ങും സച്ചിന്‍ തെണ്ടുല്‍ക്കറും. ഒരു പില്‍ക്കാല ചിത്രം.

ഒടുവില്‍ മുംബൈ നായകന്‍ പന്തേല്‍പ്പിച്ചത് സച്ചിനെ. അന്ന് മീഡിയം പേസ് ബൗളറായിരുന്നു സച്ചിന്‍. കവറിലൂടെ ഒരു ബൗണ്ടറി പായിച്ചാണ് ബന്ദൂ സിങ് സച്ചിനെ സ്വീകരിച്ചത്. അതിനു മറുപടിയെന്നോണം തൊട്ടടുത്ത പന്തില്‍ സച്ചിന്‍ എറിഞ്ഞ് ഉഗ്രനൊരു ബൗണ്‍സര്‍.

കോട്‌ലയിലെ പിച്ചില്‍ കുത്തിയുയര്‍ന്ന പന്ത് ഫ്രണ്ട് ഗ്രില്‍ ഇല്ലാത്ത ബന്ദുസിങ്ങിന്റെ ഹെല്‍മറ്റ് തകര്‍ത്ത് കൃത്യം മൂക്കില്‍ത്തന്നെ കൊണ്ടു. ഒരുനിമിഷം ക്രീസില്‍നിന്ന് 'ആടിയ' ബന്ദു സിങ് രക്തമൊലിക്കുന്ന മൂക്കുമായി പൊടുന്നനെ നിലത്തുവീണു. ഗ്യാലറിയും താരങ്ങളുമെല്ലാം സ്തബ്ധരായിപ്പോയി.

ഓടിയെത്തിയ മുംബൈ നായകന്‍ സഞ്ജയ് മഞ്ചരേക്കര്‍ ഡല്‍ഹി താരത്തെ കോരിയെടുക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ ജഴ്‌സി രക്തവര്‍ണമായിക്കഴിഞ്ഞിരുന്നു. മഞ്ജരേക്കറുടെ കൈകളില്‍ ബോധംനഷ്ടമായി വീണ ബന്ദൂ സിങ്ങിനെ ഉടന്‍തന്നെ സമീപത്തുള്ള സഞ്ജീവന്‍ ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ദ്ധ പരിശോധനയില്‍ മൂക്കിന്റെ പാലത്തിന് മൂന്ന് പൊട്ടല്‍ കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തുടര്‍ന്നു രണ്ടു മാസത്തോളം ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞ ശേഷമാണ് താരത്തിനു ക്രിക്കറ്റ് കളത്തിലേക്ക് തിരികെയെത്താനായത്. പക്ഷേ ആ തിരിച്ചുവരവ് പഴയ ബന്ദൂ സിങ് ആയിട്ടായിരുന്നില്ലെന്നു മാത്രം.

''എന്റെ മൂക്കിന്റെ ഡിസൈന്‍ തന്നെ മാറിപ്പോയി. ഇപ്പോള്‍ എനിക്ക് പുതിയ മൂക്കാണ് ഉള്ളത്'' -സച്ചിന്റെ അന്നത്തെ ആ ബൗണ്‍സര്‍ ഓര്‍മിച്ച് ചിരിയോടെ ബന്ദൂ സിങ് പറയും. ആ വാക്കുകളില്‍ പക്ഷേ ഇല്ലോളം ഇല്ല വൈരാഗ്യം. അതിനുള്ള കാരണവും ബന്ദൂ സിങ് തന്നെ പറയും, അത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ സച്ചിന്‍ ആരാണെന്നു വ്യക്തമാക്കുന്നതാണ്.

''അന്നത്തെ ആ ദിനം വൈകിട്ട് മത്സരം കഴിഞ്ഞ് മുംബൈ ടീം മടങ്ങിയിരുന്നു. പക്ഷേ രാത്രി 11 മണിയോടെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ ബെല്ലടിച്ചു. എന്റെ അച്ഛനാണ് ഫോണ്‍ എടുത്തത്. മറുതലയ്ക്കല്‍ സച്ചിനായിരുന്നു. എന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ സംഘടിപ്പിച്ചുവെന്ന് ഇന്നും അറിയില്ല. എനിക്ക് എങ്ങനെയുണ്ട്, ഡോക്ടര്‍ എന്തു പറഞ്ഞു എന്നൊക്കെ വിഹ്വലതയോടെ അന്വേഷിക്കുന്ന സച്ചിനെക്കുറിച്ച് പിന്നീട് സ്‌നേഹത്തോടെ മാത്രമേ എന്റെ അച്ഛന്‍ പറഞ്ഞിട്ടുള്ളു,'' ബന്ദൂ സിങ് പറഞ്ഞു.

ഇന്നും തമ്മില്‍ക്കാണുമ്പോള്‍ 'താങ്കളുടെ മൂക്ക് ഓക്കെയല്ലേ'' എന്ന് അന്വേഷിക്കുന്ന സച്ചിനില്‍ താന്‍ ഒരു ഇതിഹാസത്തെയല്ല, മറിച്ച് ഒരു മനുഷ്യസ്‌നേഹിയെയാണ് കാണുന്നതെന്നാണ് ബന്ദൂ സിങ് പറയുന്നത്.

logo
The Fourth
www.thefourthnews.in