ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

സ്ഥാനമേറ്റെടുക്കുന്നതു സംബന്ധിച്ച് ഗംഭീറുമായി ബിസിസിഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായേക്കുമെന്നു സൂചന. ടീമിന്റെ പരിശീലക സ്ഥാനത്തേ് ബിസിസിഐ പരിഗണിക്കുന്നവരില്‍ പ്രഥമ സ്ഥാനം ഗംഭീറിനാണെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനമേറ്റെടുക്കുന്നതു സംബന്ധിച്ച് ഗംഭീറുമായി ബിസിസിഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീം ഇന്ത്യയുടെ പുതിയ പരിശീലകനെ ഐപിഎല്‍ ഫൈനലിനു ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഐപിഎല്‍ ഫൈനലിന്റെ അടുത്ത ദിവസമായ 27-ാണ്. നിലവില്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി പ്രവര്‍ത്തിക്കുകയാണ് ഗംഭീര്‍.

ടീം ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കലാവധി അടുത്തമാസം ജൂണില്‍ ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം അവസാനിക്കും. പരിശീലക സ്ഥാനത്ത് വീണ്ടും തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ ശ്രമമാരംഭിച്ചത്.

ഗംഭീറിനാണ് പ്രഥമ പരിഗണനയെന്ന റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ആഭ്യന്തര തലത്തിലോ, രാജ്യാന്തര തലത്തിലോ പരിശീലകനായി പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഒരാളെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ക്രിക്കറ്റ് മതിയാക്കിയ ശേഷം രാഷ്ട്രീയത്തിലും കമന്ററിയിലും ഒരുകൈ നോക്കിയ ഗംഭീറിന് രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്ററായി പ്രവര്‍ത്തിച്ചുള്ള പരിചയം മാത്രമാണുള്ളത്.

2022, 2023 സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീര്‍. ആ രണ്ട് സീസണിലും അവര്‍ പ്ലേ ഓഫില്‍ കടന്നിരുന്നു. ഇക്കുറി കൊല്‍ക്കത്തയുടെ മെന്ററായി ഗംഭീര്‍ എത്തിയപ്പോള്‍ ഇടവേളയ്ക്കു ശേഷം അവരും പ്ലേ ഓഫില്‍ കടന്നു. 2011 മുതല്‍ 2017 വരെ കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗംഭീര്‍ അവരെ 2012-ലും 2014-ലും കിരീടത്തിലേക്ക് നയിച്ചിരുന്നു. അതിനു പുറമേ 2014 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്കും എത്തിച്ചു.

ടീം ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ താരം കൂടിയാണ് ഗംഭീര്‍. 2007-ലെ പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലും 2011-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ ഗംഭീറിന്റെ സംഭാവന ചെറുതല്ല. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ടോപ്‌സ്‌കോററും ഗംഭീറായിരുന്നു.

logo
The Fourth
www.thefourthnews.in