ഇത്തവണ വില്ലന്‍ ചുഴലിക്കാറ്റ്: സഞ്ജുവിന് വീണ്ടും കാത്തിരുപ്പ്, 
സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം

ഇത്തവണ വില്ലന്‍ ചുഴലിക്കാറ്റ്: സഞ്ജുവിന് വീണ്ടും കാത്തിരുപ്പ്, സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം

സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ എന്നിവരെ ഒഴിവാക്കി. പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. മലയാളി താരം സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ എന്നിവരെ ഒഴിവാക്കി. പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി.

വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളായിരുന്നു സഞ്ജുവും ദുബെയും ജയ്‌സ്വാളും. ലോകകപ്പ് ജയത്തിനു പിന്നാലെ സിംബാബ്‌വെയിലേക്ക് മൂവരും തിരിക്കേണ്ടതായിരുന്നു. എന്നാല്‍ ബാര്‍ബഡോസില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയതോടെയാണ് ടീമില്‍ മാറ്റം വരുത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.

'ബെറില്‍' ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനൊപ്പം നാട്ടിലെത്തുന്ന സഞ്ജുവും ദുബെയും ജയ്‌സ്വാളും മൂന്നാം ടി20യ്ക്ക് മുമ്പായി ഹരാരെയിലേക്ക് തിരിക്കും.

സിംബാബ്‌വെ മണ്ണില്‍ അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മൂന്നാം മത്സരം മുതല്‍ സഞ്ജുവിനും കൂട്ടര്‍ക്കും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ ആറു മുതലാണ് പരമ്പര ആരംഭിക്കുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരയെയാണ് പര്യടനത്തിന് അയച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in