സിറാജിന് വിശ്രമമനുവദിച്ച് ബിസിസിഐ; ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കി

സിറാജിന് വിശ്രമമനുവദിച്ച് ബിസിസിഐ; ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കി

ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ താരത്തിന്റെ അധ്വാനഭാരം കണക്കിലെടുത്താണ് ബിസിസിഐയുടെ നീക്കം

ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമമനുസരിച്ച് ബിസിസിഐ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. ''സിറാജിന് കണങ്കാലിന് വേദനയുണ്ട്, അതിനാല്‍ ലോകകപ്പിന് മുന്‍പായുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് താരത്തിന് വിശ്രമമനുവദിച്ചത്'' -ബിസിസിഐ വ്യക്തമാക്കി. സിറാജിനു പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലെന്നും ബിസിസിഐ അറിയിച്ചു. ഏകദിന പരമ്പര ഇന്ന് ബാര്‍ബഡോസില്‍ ആരംഭിക്കും. പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. രണ്ടാം ഏകദിനം 29-നും മൂന്നാം ഏകദിനം ഓഗസ്റ്റ് ഒന്നിനും നടക്കും.

സിറാജിന്റെ അസാന്നിധ്യത്തില്‍ ഷാര്‍ദ്ദൂല്‍ താക്കൂറാകും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക

ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ താരത്തിന്റെ അധ്വാനഭാരം കണക്കിലെടുത്താണ് ബിസിസിഐയുടെ നീക്കം. ഇതോടെ ടെസ്റ്റ് സ്‌ക്വാഡിലുണ്ടായിരുന്ന അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, കെ എസ് ഭരത്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പം സിറാജും നാട്ടിലേക്ക് മടങ്ങി. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. സിറാജിന്റെ അസാന്നിധ്യത്തില്‍ ഷാര്‍ദ്ദൂല്‍ താക്കൂറാകും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക. 35 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 50 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ഉമ്രാന്‍ മാലിക്, ജയ്‌ദേവ് ഉനദ്കട്, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. എന്നാല്‍ ഇവരുടെ പരിചയസമ്പത്തില്ലായ്മ ഇന്ത്യയുടെ ബൗളിങ് നിരയെ ബാധിക്കും.

വിന്‍ഡീസിനെതിരായ ടി20 ടീമിലും സിറാജ് ഉള്‍പ്പെട്ടിട്ടില്ല. ലോകകപ്പിനു മുമ്പ് ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലും ഇന്ത്യ കളിക്കും. പിന്നാലെ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും നടക്കും. 2023 മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ വെച്ചായിരുന്നു സിറാജിന്റെ അവസാന ഏകദിന മത്സരം. അഞ്ച് വിക്കറ്റുമായാണ് അദ്ദേഹം പരമ്പര പൂര്‍ത്തിയാക്കിയത്, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സിറാജ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുമായിരുന്നു. 2022 ന്റെ തുടക്കം മുതല്‍ 43 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്, ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വലിയ വിക്കറ്റ് നേട്ടമാണ് ഇത്.

logo
The Fourth
www.thefourthnews.in