സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

കളത്തിനകത്തും പുറത്തും ദുബെയുടെ ശൈലിയും സമീപനവുമെല്ലാം യുവിയെ അനുസ്മരിപ്പിക്കുന്നു. പ്രത്യേകിച്ച് ബാറ്റിങ്ങിലെ സ്വിങ്ങും ടൈമിങ്ങും പവറും അനയാസം പടുകൂറ്റന്‍ സിക്‌സറുകള്‍ നേടാനുള്ള കഴിവും

ശിവം ദുബെ അടിക്കുന്ന ഓരോ സിക്‌സറിനുമൊപ്പം ഗ്യാലറിയില്‍ ആരാധകരുടെ ആരവം മാത്രമല്ല ഉയരുക, കമന്ററി ബോക്‌സില്‍ രവി ശാസ്ത്രിയുടെയും ഹര്‍ഷ ഭോഗ്ലയുടെയും മറ്റും തീപ്പൊരി കമന്റുകളും ഉയര്‍ന്നുകേള്‍ക്കാം. ദുബെയുടെ പ്ലേയിങ് സ്‌റ്റൈല്‍ മുതല്‍ ഷോട്ടിന്റെ മനോഹാരിത വരെ തങ്ങളുടെ പദസമ്പത്ത് ഉപയോഗിച്ച് അവര്‍ ഓരോ രീതിയില്‍ വര്‍ണിക്കും. പറഞ്ഞ് പറഞ്ഞ് ഏറ്റവും ഒടുവില്‍ അവരെല്ലാവരും എത്തിച്ചേരുക യുവ്‌രാജ് സിങ്ങിലായിരിക്കും. ദുബെ എവിടെ, ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും ആഒരു കാര്യത്തിനു മാത്രം മാറ്റമുണ്ടാകില്ല.

2017-ല്‍ നീലക്കുപ്പായം അഴിച്ചുവച്ച, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവ്‌രാജ് സിങ്. അതിനു ശേഷം ഏഴു വര്‍ഷം പിന്നിടാറുകുമ്പോഴും യുവി അവശേഷിപ്പിച്ചുപോയ വിടവ് അടയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഓരോ യുവതാരത്തിലും ആരാധകരും ക്രിക്കറ്റ് വിദഗ്ധരും തേടുന്നത് യുവിയുടെ പകരക്കാരനെയാണ്. ഇപ്പോള്‍ അതിന് ഏറെക്കുറേയൊരു ഉത്തരം ശിവം ദുബെ എന്ന മുംബൈ താരത്തിലൂടെ ലഭിച്ചുവെന്നാണ് ഏവരും വിശ്വസിക്കുന്നത്.

കളത്തിനകത്തും പുറത്തും ദുബെയുടെ ശൈലിയും സമീപനവുമെല്ലാം യുവിയെ അനുസ്മരിപ്പിക്കുന്നു. പ്രത്യേകിച്ച് ബാറ്റിങ്ങിലെ സ്വിങ്ങും ടൈമിങ്ങും പവറും അനയാസം പടുകൂറ്റന്‍ സിക്‌സറുകള്‍ നേടാനുള്ള കഴിവും. ഇതിനു പുറമേ ടീമിന് ആവശ്യമുള്ളപ്പോള്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കാനുള്ള ബൗളിങ് മികവും ഫീല്‍ഡിങ്ങിലെ മിന്നല്‍ വേഗവും കൃത്യതയുമെല്ലാം യുവിയോട് കിടപിടിക്കും. ഇതെല്ലാം ചേര്‍ന്നുതന്നെ ഒരു മികച്ച ഓള്‍റൗണ്ടാക്കുമ്പോഴും യുവ്‌രാജ് സിങ്ങിനോട് താരതമ്യം ചെയ്യരുതെന്നാണ് ദുബെയുടെ അഭ്യര്‍ഥന.

യുവിയും ദുബെയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം എന്താണെന്ന് ചോദിച്ചാല്‍ ആരാധര്‍ക്ക് തെല്ലും ആലോചിക്കേണ്ടി വരില്ല, അത് അനായാസം സിക്‌സര്‍ അടിക്കാനുള്ള മികവ് തന്നെ. നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര ടി20യിലേക്ക് തിരികെ വന്ന ദുബെ അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ അത് വ്യക്തമായി കാട്ടിത്തരുകയും ചെയ്തു. യുവ ഓള്‍റൗണ്ടര്‍മാരില്‍ മറ്റാര്‍ക്കും ഈ മികവ് അവകാശപ്പെടാനില്ല. വരുംകാല നായകനും സീം ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വരുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥാനം കണ്ണുവയ്ക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ പോലും ഇക്കാര്യത്തില്‍ ദുബെയ്ക്ക് പിന്നിലാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പായിച്ച മറ്റൊരു താരമില്ല. 22 തവണയാണ് സ്പിന്നര്‍മാരുടെ പന്തുകള്‍ ദുബെയുടെ ബാറ്റില്‍ നിന്ന് ഗ്യാലറിയില്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ദുബെ നേടിയ ഈ സിക്‌സറുകളും 20 എണ്ണവും മധ്യഓവറുകളില്‍(ഏഴു മുതല്‍ 16വരെ) ആണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഈ ഓവര്‍ പരിധിയില്‍ ദുബെ(172.17)യെക്കാള്‍ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് കേവലം രണ്ടേരണ്ടു പേര്‍ക്ക് മാത്രമാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റ്‌റിച്ച് ക്ലാസനും(185.34) മലയാളി താരം സഞ്ജു സാംസണും(172.17). എന്നാല്‍ ഈ രണ്ടുപേര്‍ക്കും ദുബെ നേടിയത്രയും സിക്‌സറുകള്‍ നേടനായിട്ടില്ല. ക്ലാസന്‍ 16 സിക്‌സറുകളും സഞ്ജു 18 സിക്‌സറുകളുമാണ് ഈ ഓവര്‍പരിധിക്കിടെ അടിച്ചത്.

യുവിയെപ്പോലെ ബാറ്റിങ് ഓര്‍ഡറില്‍ ഏതു സ്ഥാനത്ത് ഇറങ്ങാനും തക്കവണ്ണം ഫ്‌ളക്‌സിബിലിറ്റി ഉണ്ടെന്നതും ദുബെയെ വ്യത്യസ്തനാകുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മൂന്നു മുതല്‍ ആറാം നമ്പര്‍ സ്ഥാനത്തു വരെ താരം ബാറ്റ് ചെയ്തിട്ടുണ്ട്. ഓരോ തവണയും മികച്ച ഇംപാക്ട് ഉണ്ടാക്കാനും സാധിച്ചു. ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വെയ്ക്കും ഋതുരാജ് സിങ്ങിനും ശേഷം ചെന്നൈയുടെ ഏറ്റവും മികച്ച മൂന്നാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയായിരുന്നു ദുബെ.

2019-ലാണ് ശിവം ദുബെ ടീം ഇന്ത്യയുടെ നീല ജഴ്‌സിയില്‍ അരങ്ങേറുന്നത്. എന്നാല്‍ അരങ്ങേറ്റം ഗംഭീരമാക്കാന്‍ കഴിയാതെ പോയതോടെ അധികം വൈകാതെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തഴയപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ശ്രദ്ധേയ മാറ്റത്തോടെ മികവിലേക്ക് ഉയരാന്‍ താരത്തിനായി. ഷോട്ട് സെലക്ഷനില്‍ കൈവരിച്ച മികവാണ് ഏറ്റവും ശ്രദ്ധേയം. ഷോട്ട് ബോള്‍ കളിക്കുന്നതില്‍ ഉണ്ടായിരുന്ന ദൗര്‍ബല്യം ഈ രണ്ടു വര്‍ഷം കൊണ്ട് മാറ്റിയെടുത്തതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഷോട്ട്‌ബോളുകളില്‍ ആക്രമണത്തിനു തുനിഞ്ഞു തുടരെ പുറത്തായിരുന്ന താരം കഴിഞ്ഞ ഐപിഎല്ലില്‍ അത്തരമൊരു പന്തില്‍ പുറത്തായത് ഒരേയൊരു തവണമാത്രമാണ്.

സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്ന റോളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബെയ്ക്ക് കഴിഞ്ഞ സീസണില്‍ നല്‍കിയത്. ലീഗ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയും ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും ദുബെ ഈ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇന്ത്യന്‍ ടീമിന്റെ ഇക്കഴിഞ്ഞ അഫ്ഗാന്‍ പരമ്പരയിലും ദുബെയ്ക്ക് സമാന റോളാണ് നല്‍കിയത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അത് ഭംഗിയായി നിര്‍വഹിക്കാന്‍ താരത്തിനായി.

ഇന്ത്യന്‍ സെലക്ടര്‍മാരെയാണ് ഇത് ഏറെ സന്തോഷിപ്പിക്കുന്നത്. വരുന്ന ജൂണില്‍ യുഎസിലും കാനഡയിലുമായി നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിര സന്തുലിതമാക്കാന്‍ ഒരു ഓള്‍റൗണ്ടറെ തേടുകയായിരുന്നു അവര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ആശങ്കയിലായിരുന്ന സെലക്ടര്‍മാരുടെ മനസില്‍ പെയ്ത കുളിര്‍മഴയായി അഫ്ഗാനിസ്താനെതിരായ ദുബെയുടെ പ്രകടനം.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 22 പന്തിലാണ് ദുബെ 50 റണ്‍സ് തികച്ചത്. ഇതില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞ 15 പന്തില്‍ നിന്നാണ് 36 റണ്‍സ്! അതില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡുള്ള അഫ്ഗാന്റെ സ്റ്റാര്‍ സ്പിന്നര്‍ മുഹമ്മദ് നബിയുടെ ഓവറില്‍ തുടര്‍ച്ചയായി നേടിയ മൂന്നു സിക്‌സറുകളും ഉള്‍പ്പടും.

ഐപിഎല്ലില്‍ സൂപ്പര്‍ കിങ്‌സ് ദുബെയുടെ ബൗളിങ്ങിനെ അധികം ആശ്രയിച്ചിരുന്നില്ല. എന്നാല്‍ ടീം ഇന്ത്യ മിനി സ്‌പെല്ലുകള്‍ നല്‍കി ബൗളിങ് മികവും പരീക്ഷിച്ചു. ആദ്യ മത്സരത്തില്‍ രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ്, രണ്ടാം മത്സരത്തില്‍ മൂന്നോവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും മൂന്നാം മത്സരത്തില്‍ രണ്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമാണ് താരം നേടിയത്. മൂന്നു മത്സരങ്ങളിലും പ്രതികൂല സാഹചര്യത്തിലാണ് താരം പന്തെറിഞ്ഞതെന്നതും ശ്രദ്ധേയം. പരമ്പരയിലെ മൂന്നാം മത്സരത്തിനു ശേഷം ബംഗളുരുവില്‍ ദുബെയുടെ ബൗളിങ്ങിനെ നായകന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും പുകഴ്ത്തുകയും ചെയ്തു. ഇതെല്ലാം മുന്‍നിര്‍ത്തി ദുബെയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ദുബെയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ പരുക്കും ഫിറ്റ്‌നസ് ഇല്ലായ്മയും കാരണം പാണ്ഡ്യയെ പൂര്‍ണമായും ആശ്രയിക്കാന്‍ സെലക്ടര്‍മാര്‍ക്ക് മടിയുണ്ട്. നാലോവര്‍ തികച്ച് ബൗള്‍ ചെയ്യാന്‍ പാണ്ഡ്യയ്ക്ക് കഴിയുമോയെന്നതാണ് ആശങ്ക. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായിരുന്നു. ടൂര്‍ണമെന്റിനിടെ താരം പരുക്കേറ്റ് പുറത്തായത് ടീമിന്റെ സന്തുലിതാവസ്ഥ തന്നെ തെറ്റിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദുബെയെ ഒരു ബായ്ക്കപ്പായി എങ്കിലും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ഇന്ത്യക്കു വേണ്ടി ഇതുവരെ 21 ടി20 മത്സരങ്ങളാണ് ദുബെ കളിച്ചത്. 39.42 ശരാശരിയില്‍ 276 റണ്‍സും എട്ടു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഈയൊരു സ്റ്റാറ്റ് വച്ച് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. എന്നാല്‍ ദുബെയ്ക്കു മുന്നില്‍ ഒരു മുഴുവന്‍ ഐപിഎല്‍ സീസണാണ് നീണ്ടുനിവര്‍ന്നു കിടക്കുന്നത്. 2024 ഐപിഎല്‍ അവിസ്മരണീയമാക്കാനായാല്‍ ലോകകപ്പിനായി യുഎസിലേക്ക് പറക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ദുബെയുമുണ്ടാകും, പ്ലേയിങ് ഇലവനിലും സ്ഥാനം ലഭിച്ചേക്കും. ഹാര്‍ദ്ദിക്കും ഐപിഎല്ലിന് ഇറങ്ങുന്നുണ്ട്, അതും മുംബൈ ഇന്ത്യന്‍സിന്റെ നായകനായി. ഇരുവരും തമ്മിലുള്ള ഒരു ഓട്ടമത്സരമാകും ഇക്കുറി ഐപിഎല്‍ എന്നു തീര്‍ച്ച.

ആരു ജയിച്ചാലും ടീം ഇന്ത്യക്കാണ് നേട്ടം. എന്നാല്‍ യുവിയെ അനുസ്മരിപ്പിക്കുന്ന ദുബെയോട് ഒരല്‍പം കൂടുതല്‍ ഇഷ്ടം ആരാധകര്‍ കാട്ടിയേക്കാം. കാരണം മറ്റൊന്നുമല്ല, 2007-ലെ ടി20 ലോകകപ്പും 2011-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ യുവി വഹിച്ച പങ്ക് തന്നെ. യുവി 2.0 എന്നു വിളിക്കപ്പെടുന്ന ദുബെയ്ക്ക് ഇന്ത്യയുടെ നിര്‍ഭാഗ്യമകറ്റി ഐസിസി കിരീടം സമ്മാനിക്കാന്‍ നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ? കാത്തിരുന്നു കാണാം...

logo
The Fourth
www.thefourthnews.in