ടൈറ്റന്‍സിന് 'ക്യാപിറ്റല്‍' പണിഷ്‌മെന്റ്; ഡല്‍ഹിക്ക് ആറു വിക്കറ്റിന്റെ ആധികാരിക ജയം

ടൈറ്റന്‍സിന് 'ക്യാപിറ്റല്‍' പണിഷ്‌മെന്റ്; ഡല്‍ഹിക്ക് ആറു വിക്കറ്റിന്റെ ആധികാരിക ജയം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 11.1 ഓവര്‍ ബാക്കിനില്‍ക്കെയാണ് അവര്‍ തുരത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ വെറും 89 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഓപ്പണര്‍ ജയ്ക്ക് ഫ്രേസര്‍(20), മധ്യനിര താരങ്ങളായ അഭിമഷക് പോറല്‍(15), ഷായ് ഹോപ്(19) നായകന്‍ റിഷഭ് പന്ത്(16 നോട്ടൗട്ട്) എന്നിവരാണ് അവരുടെ ജയം അനായാസമാക്കിയത്. ഗുജറാത്തിന് വേണ്ടി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്‌പെന്‍സര്‍ ജോണ്‍സണ്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്കാണ് ശേഷിച്ച ഓരോ വിക്കറ്റുകള്‍.

നേരത്തെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഡല്‍ഹി ബൗളര്‍മാര്‍ക്കു മുന്നില്‍ ഗുജറാത്ത് ബാറ്റിങ് നിര ബാലപാഠം മറക്കുകയായിരുന്നു. 2.3 ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് മുന്‍ചാമ്പ്യന്മാരെ തകര്‍ക്കാന്‍ ഡല്‍ഹിക്കായി മുന്നില്‍ നിന്നത്.

രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ഒരോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സും മുകേഷിന് മികച്ച പിന്തുണ നല്‍കി. ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം കാഴ്ചവച്ച കുല്‍ദീപിനു മാത്രമാണ് ഗുജറാത്ത് ബൗളിങ് നിരയില്‍ വിക്കറ്റ് ലഭിക്കാഞ്ഞത്.

ഗുജറാത്ത് നിരയില്‍ 24 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. റാഷിദിനു പുറമേ 12 റണ്‍സ് നേടിയ സായ് സുദര്‍ശനും 10 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുമാണ് രണ്ടക്കം കടന്ന മറ്റ് ഗുജറാത്ത് താരങ്ങള്‍.

ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(2), നായകന്‍ ശുഭ്മാന്‍ ഗില്‍(8), മധ്യനര താരങ്ങളായ ഡേവിഡ് മില്ലര്‍(2), അഭിനവ് മനോഹര്‍(8), ഷാരൂഖ് ഖാന്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ടൈറ്റന്‍സിന് തിരിച്ചടിയായത്. മുപ്പതിലേറെ മത്സരങ്ങള്‍ പിന്നിട്ട ഈ സീസണില്‍ ഇതാദ്യമായാണ് ഒരു ടീം മൂന്നക്കം തികയ്ക്കാതെ പുറത്താകുന്നത്.

logo
The Fourth
www.thefourthnews.in