CWC2023 | റൂട്ടിന് അര്‍ദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം

CWC2023 | റൂട്ടിന് അര്‍ദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം

റൂട്ടിന് പുറമെ മറ്റ് താരങ്ങളാരും തിളങ്ങാതെ പോയതാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്

2023 ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ജോ റൂട്ടിന്റെ (77) അര്‍ദ്ധ സെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. നായകന്‍ ജോസ് ബട്ട്ലര്‍ (43), ജോണി ബെയര്‍സ്റ്റോ (33) എന്നിവര്‍ റൂട്ടിന് പിന്തുണ നല്‍കി. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റ്റി മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ റണ്‍സ് ജോണി ബെയര്‍സ്റ്റോയുടെ ബാറ്റില്‍ നിന്നായിരുന്നു. ട്രെന്‍ ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ സിക്സ് പായിച്ച് തുടങ്ങിയ ബെയര്‍സ്റ്റോയ്ക്കും ഇംഗ്ലണ്ടിനും ആ കുതിപ്പ് പിന്നീട് തുടരാനായില്ല. എട്ടാം ഓവറില്‍ ഡേവിഡ് മലനെ (14) മടക്കി മാറ്റ് ഹെന്‍റിയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ ജോ റൂട്ടിനൊപ്പം അധിക നേരം ക്രീസില്‍ തുടരാന്‍ ബെയര്‍സ്റ്റോയ്ക്ക് കഴിഞ്ഞില്ല.

CWC2023 | റൂട്ടിന് അര്‍ദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം
'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം

33 റണ്‍സെടുത്ത താരത്തെ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സാറ്റ്നര്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരം നല്‍കി. ഹാരി ബ്രൂക്ക് (25), മൊയീന്‍ അലി (11) എന്നിവരെ രച്ചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്സും പുറത്താക്കിയതോടെ നിലവിലെ ചാമ്പ്യന്മാര്‍ പരുങ്ങലിലായി. പക്ഷെ നായകന്‍ ജോസ് ബട്ട്ലര്‍ റൂട്ടിനൊപ്പം ചേര്‍ന്നതോടെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങി. അഞ്ചാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്.

ബട്ട്ലറിനെ (43) മടക്കി മാറ്റ് ഹെന്‍റിയാണ് ന്യൂസിലന്‍ഡിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ഫിനിഷര്‍ റോളില്‍ തിളങ്ങാനെത്തിയ ലിയാം ലിവിങ്സ്റ്റണും (20) വേഗം പവലിയനിലേക്ക് എത്തിയതോടെ കൂറ്റന്‍ സ്കോറെന്ന ലക്ഷ്യം ഇംഗ്ലണ്ട് അവസാനിപ്പിക്കേണ്ടതായി വന്നു. അപ്രതീക്ഷിതമായ ഗ്ലെന്‍ ഫിലിപ്സിനെ എത്തിച്ചായിരുന്നു റൂട്ടിനെ ടോം ലാഥം പിഴുതെറിഞ്ഞത്. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 77 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.

സാം കറണ്‍ (14), ക്രിസ് വോക്സ് (11) എന്നിവരും റണ്‍സ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ മാര്‍ക്ക് വുഡും (13*) ആദില്‍ റഷീദും (15*) നടത്തിയ ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ട് സ്കോര്‍ 280 കടത്തിയത്. 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെന്‍റിയാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ മികവ് കാട്ടിയത്. മിച്ചല്‍ സാറ്റ്നറും ഗ്ലെന്‍ ഫിലിപ്സും രണ്ട് വിക്കറ്റുമായി താരത്തിന് പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in