സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക്  ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക് ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ് മികച്ച ഫീല്‍ഡർക്കുള്ള മെഡല്‍ ആര് സ്വന്തമാക്കുമെന്ന് അറിയാന്‍

കാത്തിരിപ്പാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജുകളില്‍ ആ വീഡിയോ പ്രത്യക്ഷമാകാന്‍...പറയുന്നത് ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് അഭിമാന പുരസരം അവതരിപ്പിക്കുന്ന മികച്ച ഫീല്‍ഡർക്കുള്ള മെഡല്‍ദാന പരിപാടിയെക്കുറിച്ചാണ്. വെറൈറ്റിയും വൈബുമാണ് സംഭവത്തിന്റെ മെയിന്‍. താരങ്ങള്‍ മൈതാനത്ത് മെഡലിനായി തന്നെ 'ഉള്‍പോര്' നടത്തുന്നുണ്ടെന്നാണ് ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്.

ഇന്ത്യയുടെ ഡ്രെസിങ് റൂം ചുറ്റിപ്പറ്റിയുള്ള പടലപ്പിണക്കങ്ങളുടേയും അഭിപ്രായവ്യത്യാസങ്ങളുടേയും 'കഥകള്‍' പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള വ്യാഖ്യാനങ്ങളെയെല്ലാം പൊളിച്ചെഴുതി, ടീം എന്താണെന്നും താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആത്മബന്ധം എത്തരത്തിലാണെന്നും ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ദിലീപിനും സംഘത്തിനും കഴിഞ്ഞു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ശേഷം നടന്ന മെഡല്‍ദാന ചടങ്ങില്‍ ദിലീപ് പറഞ്ഞൊരു വാചകം ഉണ്ട്, ''The strength of our whole team is each member, and I think each member's strength is our team.'' ദിലീപ് ഇത് പറഞ്ഞ് തീരും മുന്‍പ് തന്നെ താരങ്ങളില്‍ നിന്ന് കയ്യടി ഉയർന്നു. ടീം ഒന്നടങ്കം പരിശീലകന്റെ വാക്കുകളെ ആ നിമിഷം ശരി വയ്ക്കുകയായിരുന്നു. ഇനി മെഡലിലേക്കുള്ള യാത്രയെക്കുറിച്ച്..

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശർമ, ദിലീപ്, ഈ മൂവർ സംഘമാണ് മെഡല്‍ ഐഡിയക്ക് പിന്നില്‍. ഏകദേശം നാല് മാസത്തിലധികമായി മികച്ച ഫീല്‍ഡർക്ക് മത്സരശേഷം അനുമോദനമുണ്ടെങ്കിലും ഒരു അവാർഡ് രൂപത്തിലേക്ക് എത്തിയത് ഈ ലോകകപ്പിലാണ്.

മികച്ച ക്യാച്ച് നേടിയതുകൊണ്ട് മാത്രം മെഡലിലേക്ക് കണ്ണ് വയ്ക്കുന്നവരുണ്ടെങ്കില്‍ അത് അങ്ങനെയല്ല എന്ന് ദിലീപ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഫീല്‍ഡിലെ കമിറ്റ്മെന്റ്, ഓരോ റണ്‍സും സേവ് ചെയ്യാന്‍ കാണിക്കുന്ന ആർജവം..എന്നിവയെല്ലാം ഘടകങ്ങളാകും.

പ്രഖ്യാപനത്തിലൊളിഞ്ഞിരിക്കുന്ന പുതുമ

ഓസ്ട്രേലിയക്കെതിരെ വിരാട് കോഹ്ലിയും അഫ്ഗാനിസ്താനെതിരെ ശാർദൂല്‍ ഠാക്കൂറും മെഡല്‍ സ്വന്തമാക്കിയപ്പോള്‍ മാത്രമായിരുന്നു പ്രഖ്യാപനം ദിലീപ് നടത്തിയത്. പിന്നീട് മെഡല്‍ ലഭിക്കുന്ന താരത്തിനെ അറിയാന്‍ മാത്രമല്ല വിതരണ രീതി എങ്ങനെയായിരിക്കുമെന്നതിലും ആകാംഷയുണ്ടായിരുന്നു.

പാകിസ്താനെതിരായ മത്സരത്തോടെയാണ് വെറൈറ്റികളുടെ തുടക്കം. കെഎല്‍ രാഹുലിന്റെ അവാർഡ് പ്രഖ്യാപനം ഡ്രെസിങ് റൂമിലെ ടെലിവിഷനിലൂടെയായിരുന്നു. ബംഗ്ലാദേശിനെതിരെ രവീന്ദ്ര ജഡേജയുടെ പേര് തെളിഞ്ഞത് സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍. പിന്നീട് ന്യൂസിലന്‍ഡിനെതിരെ സ്പൈഡർ ക്യാമറയായിരുന്നു ശ്രേയസിന്റെ ചിത്രവുമായി എത്തിയത്.

ഡ്രെസിങ് റൂമിനെ ആകെ ഞെട്ടിച്ചത് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം വന്ന മെഡല്‍. കെ എല്‍ രാഹുലായിരുന്നു വിജയി, പേര് തെളിഞ്ഞത് ലഖ്നൗവിലെ ഗ്യാലറികളില്‍ ലൈറ്റ് ഷോയുടെ മാതൃകയില്‍. രാഹുല്‍ മാത്രമല്ല, ടീം അംഗങ്ങള്‍ മുഴുവന്‍ അമ്പരന്നു.

വാങ്ക്ഡേയില്‍ സ്പെഷ്യല്‍

ശ്രീലങ്കയ്ക്കെതിരെ വാങ്ക്ഡേയില്‍ നടന്ന മത്സരത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു മികച്ച ഫീല്‍ഡറുടെ പേര് വെളിപ്പെടുത്തിയത്. ഡ്രെസിങ് റൂമിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട സച്ചിന്‍ ടീമില്‍ നിലനില്‍ക്കുന്ന ഒത്തൊരുമയെക്കുറിച്ച് വാചാലനാകുക മാത്രമല്ല, 2003 ലോകകപ്പ് നിലനിന്ന ഒരു ട്രെഡീഷനെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

''20 വർഷം മുന്‍പ് 2003ല്‍ ടൂർണമെന്റ് തുടങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ക്കൊരു ചാർട്ടുണ്ടായിരുന്നു. 'I can, we can' എന്നായിരുന്നു ചാർട്ടിന്റെ തലക്കെട്ട്. മത്സരം തുടങ്ങുന്നതിന് മുന്‍പ് എല്ലാ താരങ്ങളും ആ ചാർട്ടില്‍ ഒപ്പിടുമായിരുന്നു. ഞാന്‍ എന്റെ നൂറ് ശതമാനവും ടീമിനും രാജ്യത്തിനും സമർപ്പിക്കുമെന്നുള്ള ഉറപ്പുകൂടിയായിരുന്നു അത്. ഇപ്പോഴത്തെ ടീം ചെയ്യുന്നതും അത് തന്നെയാണ്,'' സച്ചിന്‍ പറഞ്ഞു. ശ്രേയസ് അയ്യർക്കായിരുന്നു ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ മെഡല്‍ ലഭിച്ചത്.

നായകന്‍ രോഹിതിനെ മെഡല്‍ തേടിയെത്തിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു. ഫീല്‍ഡ് പ്ലെയ്സ്മെന്റ് മികവായിരുന്നു രോഹിതിന് മെഡല്‍ നേടിക്കൊടുത്തത്. ഇത്തവണ ദിലീപല്ല, ബഗി ക്യാമറയായിരുന്നു മെഡല്‍ ജേതാവിനെ തിരഞ്ഞെടുത്തത്. നെതർല‍ന്‍ഡ്സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ പ്രഖ്യാപനം നടത്തിയത് ഗ്രൗണ്ട് സ്റ്റാഫായിരുന്നു. സൂര്യകുമാർ യാദവിന്റെ പേരിലെ അക്ഷരങ്ങളുമായി ഗ്രൗണ്ട് സ്റ്റാഫ് കളത്തില്‍ അണിനിരന്നു.

ഇത്തവണ മെഡല്‍ എനിക്ക് തന്നെ

പാകിസ്താനെതിരായ മത്സരത്തിലെ ടി വി അനൗണ്‍സ്മെന്റ് കൂടി കഴിഞ്ഞതോടെ മെഡല്‍ നേടാനുള്ള ആവേശം കൂടിയെന്ന് തന്നെ പറയാം. കളിക്കിടയില്‍ മെഡല്‍ അവകാശവാദം ആദ്യം ഉയർത്തിയത് രവീന്ദ്ര ജഡേജയായിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജസ്പ്രിത് ബുംറയുടെ പന്തില്‍ മുഷ്ഫിഖുർ റഹീമിന്റെ കട്ട് ഷോട്ട് ബാക്വേർഡ് പോയിന്റില്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് കയ്യിലൊതുക്കി ജഡേജ. ശേഷം ഡ്രെസിങ് റൂമിലേക്ക് നോക്കി മൈഡല്‍ തനിക്കെന്ന് ആംഗ്യം.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യരായിരുന്നു ജഡേജയുടെ പാത സ്വീകരിച്ചത്. സ്ക്വയർ ലെഗില്‍ ഡെവോണ്‍ കോണ്‍വെയെ ഒരു ഷാർപ്പ് ക്യാച്ചിലൂടെ പവലിയനിലേക്ക് മടക്കിയതിന് ശേഷമായിരുന്നു ശ്രേയസ് ദിലീപിനെ നോക്കി മെഡല്‍ തനിക്ക് തന്നെയെന്ന് ഉറപ്പിച്ചത്.

ഹാപ്പി വൈബ്

ആർ ശ്രീധറിന്റെ സ്ഥാനത്തേക്ക് ദിലീപ് എത്തിയപ്പോള്‍ ക്രിക്കറ്റ് പണ്ഡതിന്മാരുടെ വിമർശനം ചില്ലറയായിരുന്നില്ല. തന്റെ അണ്ടർ 19 പരിശീലന കാലം മുതലുണ്ടായിരുന്ന 'ടീമിനെ' നിലനിർത്തണമെന്ന ദ്രാവിഡിന്റെ ഡിമാന്‍ഡായിരുന്നു ദിലീപിനെ സീനിയർ ടീമിനൊപ്പമെത്തിച്ചത്. രവി ശാസ്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ബാറ്റിങ് പരിശീലകന്‍ റാത്തോറിനെ മാത്രമാണ് ദ്രാവിഡ് കൂടെക്കൂട്ടിയത്. കാരണം, ഇന്ത്യയുടെ രണ്ടാം നിരയുമായി ദ്രാവിഡ് പര്യടനങ്ങള്‍ നടത്തുമ്പോള്‍ റാത്തോറും ഒപ്പമുണ്ടായിരുന്നു എന്നതുതന്നെ.

ദിലീപിന്റെ പുതിയ നയങ്ങളും തന്ത്രങ്ങളും മെഡല്‍ദാനവുമെല്ലാം ടീമിന്റെ പ്രകടനത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. പക്ഷേ, ടീമിന്റെ പ്രകടനത്തേക്കാള്‍ ഉപരിയായി താരങ്ങള്‍ക്കിടയില്‍ വളർന്ന സൗഹൃദാന്തരീക്ഷം ഇതുവരെ കാണാത്ത തലത്തിലാണ്. ആര് മെഡല്‍ മെഡല്‍ നേടിയാലും ടീം അംഗങ്ങളും സ്റ്റാഫുമെല്ലാം ഹാപ്പിയാണ്. മെഡല്‍ദാന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത നേടാനുള്ള കാരണവും ഇതുതന്നെ. ഡ്രെസിങ് റൂമിലെ 'കണക്ഷന്‍' കളത്തിലാവർത്തിക്കുമ്പോള്‍ എങ്ങനെ വിജയം എത്താതിരിക്കുമല്ലെ..

logo
The Fourth
www.thefourthnews.in