CWC2023 | കങ്കാരുക്കള്‍ക്ക് 'സ്ലോ' ഡെത്ത്; ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം

CWC2023 | കങ്കാരുക്കള്‍ക്ക് 'സ്ലോ' ഡെത്ത്; ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാരെ അതിജീവിക്കാന്‍ ഓസ്ട്രേലിയക്കായില്ല

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിട്ടും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍ സ്പിന്‍ ത്രയത്തെ അതിജീവിക്കാന്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് സാധിക്കാതെ പോയി. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ജഡേജയും ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി.

ഡേവിഡ് വാര്‍ണറിന്റെ സിംഗിളോടെ അക്കൗണ്ട് തുറന്ന ഓസ്ട്രേലിയക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ പ്രഹരം ലഭിച്ചു. ജസ്പ്രിത് ബുംറയുടെ അപ്രതീക്ഷിത ബൗണ്‍സോടെയെത്തിയ പന്തില്‍ ബാറ്റ് വച്ച മിച്ചല്‍ മാര്‍ഷിന് പിഴച്ചു. പന്ത് സുരക്ഷിതമായി കൈകളിലൊതുക്കി വിരാട് കോഹ്ലി മാര്‍ഷിന്റെ യാത്രയയപ്പ് ഉറപ്പിച്ചു. ആറ് പന്ത് നേരിട്ട് പൂജ്യനായാണ് വലം കയ്യന്‍ ബാറ്റര്‍ കളം വിട്ടത്.

ചെപ്പോക്കിലെ പിച്ച് കൂറ്റന്‍ സ്കോറിനുള്ളതില്ലെന്ന് മനസിലാക്കിയായിരുന്നു പിന്നീട് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ബൗളര്‍മാരെ നേരിട്ടത്. പന്തിന്റെ മെറിറ്റിനനുസരിച്ച് മാത്രം ഷോട്ടുകള്‍, അതായിരുന്നു ഇരുവരുടേയും ശൈലി. ചെന്നൈയിലെ ചൂടന്‍ കാലവസ്ഥയും ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയും സ്മിത്തിനേയും വാര്‍ണറിനേയും ആവോളം വെള്ളം കുടിപ്പിച്ചു.

CWC2023 | കങ്കാരുക്കള്‍ക്ക് 'സ്ലോ' ഡെത്ത്; ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം
CWC2023 | മുന്നും പിന്നും ദക്ഷിണാഫ്രിക്ക; ഒന്നല്ല മൂന്ന് തരം

ഓസീസിന് അടിത്തറ പാകുമെന്ന് തോന്നിച്ച കൂട്ടുകെട്ട് പൊളിക്കാന്‍ ചൈനമാന്‍ കുല്‍ദീപ് യാദവ് 17-ാം ഓവറില്‍ അവതരിച്ചു. കുല്‍ദീപിന്റെ ടോസ്ഡ് അപ്പ് ഡെലിവെറിയില്‍ ഡ്രൈവിന് ശ്രമിച്ച വാര്‍ണറിന് തെറ്റി. പന്ത് കുല്‍ദീപിന്റെ കൈകളില്‍ തന്നെ എത്തി. 52 പന്തില്‍ ആറ് ഫോറുള്‍പ്പടെ 41 റണ്‍സെടുത്തായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ പുറത്തായത്. 69 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു വാര്‍ണറിന്റെ വിക്കറ്റോടെ അവസാനിച്ചത്.

പിന്നീട് ഓസ്ട്രേലിയന്‍ മധ്യനിരയിലേക്ക് രവീന്ദ്ര ജഡേജയുടെ പന്തുകള്‍ തിരിഞ്ഞെത്തി. ആദ്യ ഇരയായത് സ്മിത്തായിരുന്നു. പ്രതിരോധത്തിന് ശ്രമിച്ച സ്മിത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജഡേജയുടെ പന്ത് സ്റ്റമ്പുകള്‍ തെറിപ്പിച്ചു. 71 പന്തുകള്‍ നീണ്ട ചെറുത്തിനില്‍പ്പില്‍ സ്മിത്തിന്റെ സമ്പാദ്യം 46 റണ്‍സായിരുന്നു. സ്മിത്തിന് മടക്കിയതിന് പിന്നാലെയാണ് ഓസീസിന് ജഡേജ ഇരട്ടപ്രഹരം നല്‍കിയത്.

30-ാം ഓവറില്‍ മാര്‍നസ് ലെബുഷെയ്നും അലക്സ് ക്യാരിയും ജഡേജയുടെ ബൗളിങ് മികവില്‍ തലകുനിച്ച് പവലിയനിലേക്ക്. സ്വീപ്പ് ഷോട്ട് ശ്രമിച്ചതായിരുന്നു ലെബുഷെയ്ന് പറ്റിയ പിഴവ്. പന്ത് ബാറ്റിലുരസി കെ എല്‍ രാഹുലിന്റെ ഗ്ലൗസിലെത്തി. 27 റണ്‍സാണ് താരം സ്കോര്‍ ചെയ്തത്. അലക്സ് ക്യാരിയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ രണ്ടാം ഡക്കായാണ് ക്യാരിയുടെ പുറത്താകല്‍.

119-5 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ കരകയറ്റാനുള്ള ശ്രമമായിരുന്നു കാമറൂണ്‍ ഗ്രീനും ഗ്ലെന്‍ മാക്സ്വല്ലും ചേര്‍ന്ന് പിന്നീട് നടത്തിയത്. പക്ഷെ മാക്സ്വല്ലിനെ (15) ബൗള്‍ഡാക്കി കുല്‍ദീപ് ഓസീസ് മോഹങ്ങള്‍ക്ക് തിരശീലയിട്ടു. തൊട്ടുപിന്നാലെ ലോകകപ്പിലെ അശ്വിന്റെ ആദ്യ വിക്കറ്റായി ഗ്രീന്‍ മാറി. കട്ട് ഷോട്ടിന് ശ്രമിച്ച ഗ്രീനിന് പിച്ചില്‍ നിന്ന് പ്രതീക്ഷിച്ച ബൗണ്‍സ് ലഭിച്ചില്ല. ബാക്ക്വേര്‍ഡ് പോയിന്റില്‍ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് അനായസ ക്യാച്ച്.

140-7 ല്‍ നിന്ന് പാറ്റ് കമ്മിന്‍സ് - മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് 25 റണ്‍സുകൂടി ചേര്‍ത്തു. കമ്മിന്‍സിനെ മടക്കി ബുംറയാണ് അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞത്. ആദം സാമ്പയുടെ (6) വിക്കറ്റെടുത്ത് ഹാര്‍ദിക്ക് പാണ്ഡ്യയും വിക്കറ്റ് വേട്ടക്കാരില്‍ അക്കൗണ്ട് തുറന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്നിങ്സാണ് ഓസ്ട്രേലിയയെ 199 റണ്‍സിലെത്തിച്ചത്. 28 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ അവസാന ഓവറില്‍ സിറാജാണ് പുറത്താക്കിയത്. ജഡേജ (10-2-28-3), കുല്‍ദീപ് (10-0-42-2), ബുംറ (10-0-35-2) എന്നിവരാണ് ഇന്ത്യയ്ക്കായി ബോളിങ്ങില്‍ തിളങ്ങിയത്.

logo
The Fourth
www.thefourthnews.in