സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് സ്വന്തം തട്ടകമായ ന്യൂഡല്‍ഹി അരുണ്‍ ജയറ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ക്യാപിറ്റല്‍സിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലഖ്‌നൗവിന് മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്. മധ്യനിരയില്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ നിക്കോളാസ് പൂരന്റെയും അര്‍ഷദ് ഖാന്റെയും പ്രകടനങ്ങളാണ് അവരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പൂരന്‍ 27 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 61 റണ്‍സ് നേടി ടോപ്‌സ്‌കോററായപ്പോള്‍ അര്‍ഷദ് 33 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 58 റണ്‍സുമായി പുറത്താകാതെ നിന്നു.

നായകന്‍ കെ എല്‍ രാഹുല്‍(5), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(12), ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(5), മധ്യനിര താരങ്ങഴായ ദീപക് ഹൂഡ(0), ആയുഷ് ബദോനി(6), ക്രുണാല്‍ പാണ്ഡ്യ(18) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഇഷാന്ത് ശര്‍മയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവര്‍. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 12 പോയിന്റുള്ള ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുടെ അടുത്ത മത്സരങ്ങളിലെ ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും അവരുടെ പ്ലേ ഓഫ് സാധ്യത.

അഭിഷേക് പോറല്‍ (58), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (57*), ഷായ് ഹോപ് (38), ഋഷഭ് പന്ത് (33) എന്നിവരാണ് ഡല്‍ഹിയുടെ പ്രധാന സ്കോറർമാർ. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് നേടി. നിർണായക മത്സരത്തില്‍ ജേക്ക് ഫ്രേസറിനെ (0) രണ്ടാം പന്തില്‍ നഷ്ടമായായിരുന്നു ഡല്‍ഹി തുടങ്ങിയത്. എന്നാല്‍ അഭിഷേക് പോറലും ഷായ് ഹോപും ചേർന്ന് ഫ്രേസറിന്റെ പോരായ്മ നികത്തി. ലഖ്നൗ ബൗളർമാർ ഇടവേളകളില്ലാതെ അതിർത്തി കടന്നപ്പോള്‍ 73 റണ്‍സാണ് പവർപ്ലേയില്‍ പിറന്നത്. ഇതില്‍ 43 റണ്‍സും അഭിഷേകിന്റെ സംഭാവനയായിരുന്നു. 21 പന്തില്‍ അർധ സെഞ്ചുറി നേടാനും യുവതാരത്തിനായി.

92 റണ്‍സ് നീണ്ട കൂട്ടുകെട്ട് ഒന്‍പതാം ഓവറില്‍ രവി ബിഷ്ണോയിയാണ് തകർത്തത്. 27 പന്തില്‍ 38 റണ്‍സെടുത്ത ഹോപ് കെ എല്‍ രാഹുലിന്റെ കൈകളിലൊതുങ്ങി. വിക്കറ്റ് വീണതോടെ ഡല്‍ഹിയുടെ സ്കോറിങ് വേഗതയും കുറഞ്ഞു. ഇത് അഭിഷേകിന്റെ വിക്കറ്റിലേക്കാണ് നയിച്ചത്. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് (58) നിക്കോളാസ് പൂരന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

10 ഓവറില്‍ 106ലെത്തിയ ഡല്‍ഹിക്ക് അടുത്ത അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് ചേർക്കാനായത്. നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് - സ്റ്റബ്‌സ് സഖ്യം 47 റണ്‍സ് ചേർത്തു. 33 റണ്‍സെടുത്ത പന്തിന്റെ വിക്കറ്റും നവീനാണ് നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ സ്റ്റബ്‌സ് അനായാസം സ്കോർബോർഡ് ചലിപ്പിച്ചു. 19-ാം ഓവറില്‍ 21 റണ്‍സാണ് താരം നേടിയത്. 22 പന്തില്‍ അർധ സെഞ്ചുറി പിന്നിടാനും സ്റ്റബ്സിനായി. 25 പന്തില്‍ 57 റണ്‍സെടുത്താണ് സ്റ്റബ്‌സ് പുറത്താകാതെ നിന്നത്. മൂന്ന് ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നവീന് പുറെ ബിഷ്‌ണോയിയും അർഷദ് ഖാനുമാണ് ലഖ്നൗവിനായ് വിക്കറ്റെടുത്തത്.

logo
The Fourth
www.thefourthnews.in