ധരംശാലയില്‍ ആധികാരികം; ഇന്ത്യന്‍ ജയം ഇന്നിങ്സിനും 64 റണ്‍സിനും

ധരംശാലയില്‍ ആധികാരികം; ഇന്ത്യന്‍ ജയം ഇന്നിങ്സിനും 64 റണ്‍സിനും

ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര നേടി. യശസ്വി ജയ്‌സ്വാവാളാണ് പരമ്പരയിലെ താരം

ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 64 റണ്‍സിനും തകർത്ത് ഇന്ത്യ. 259 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 195ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര നേടി. യശസ്വി ജയ്‌സ്വാവാളാണ് പരമ്പരയിലെ താരം. കളിയിലെ താരമായി കുല്‍ദീപ് യാദവ് തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ട് - 218, 195

ഇന്ത്യ - 477

ഇന്നിങ്സ് തോല്‍വി മുന്നില്‍ നില്‍ക്കെ പൊരുതാന്‍ പോലും തയാറാകാതെയായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് നിര ധരംശാലയില്‍ തകർന്നടിഞ്ഞത്. ഇംഗ്ലണ്ട് മുന്‍നിരയെ അശ്വിന്‍ തകർത്തെറിയുകയായിരുന്നു. സാക്ക് ക്രൗളി (0), ബെന്‍ ഡക്കറ്റ് (2), ഒലി പോപ് (19) എന്നിവർ 10 ഓവർ തികയും മുന്‍പത് തന്നെ ഡഗ്‍ഔട്ടിലെത്തി. പിന്നീട് ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനത്തിന് ജോ റൂട്ടിന്റെ ശ്രമം. നാലാം വിക്കറ്റില്‍ 56 റണ്‍സ്.

ധരംശാലയില്‍ ആധികാരികം; ഇന്ത്യന്‍ ജയം ഇന്നിങ്സിനും 64 റണ്‍സിനും
ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍

ബെയർസ്റ്റോയെ (39) വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് കൂട്ടുകെട്ട് പൊളിച്ചു. ബെന്‍ സ്റ്റോക്സിനേയും (2) ബെന്‍ ഫോക്സിനേയും (8) ബൗള്‍ഡാക്കി അശ്വിന്റെ വക ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് പരാജയഭാരം കുറയ്ക്കാനുള്ള റൂട്ടിന്റെ ശ്രമമായിരുന്നു ധരംശാലയില്‍ കണ്ടത്. പക്ഷേ, ടോം ഹാർട്ടിലിയേയും (20) മാർക്ക് വുഡിനേയും (0) പുറത്താക്കി ബുംറ ഇന്ത്യയുടെ വിജയത്തിലേക്കുള്ള യാത്ര അതിവേഗമാക്കി.

ഷോയിബ് ബഷീറിനെ (13) ജഡേജയും ജോ റൂട്ടിനെ കുല്‍ദീപും പുറത്താക്കിയതോടെ ധരംശാലയില്‍‍ ഇന്ത്യ ജയം ഉറപ്പിച്ചു. 128 പന്തില്‍ 84 റണ്‍സെടുത്താണ് ജോ റൂട്ട് മടങ്ങിയത്. 12 ഫോർ റൂട്ടിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. അശ്വിന് പുറമെ ബുംറയും കുല്‍ദീപും രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.

നേരത്തെ ശുഭ്മാന്‍ ഗില്‍ (110), രോഹിത് ശർമ (103) എന്നിവരുടെ സെഞ്ചുറി മികവിലായിരുന്നു ഒന്നാം ഇന്നിങ്സില്‍ 477 റണ്‍സ് ഇന്ത്യ പടുത്തുയർത്തിയത്. ദേവ്‌ദത്ത് പടിക്കല്‍ (65), യശസ്വി ജയ്‌സ്വാള്‍ (57), സർഫറാസ് ഖാന്‍ (56) എന്നിവർ അർധ സെഞ്ചുറിയും നേടി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനായിരുന്നു പുറത്തായത്.

logo
The Fourth
www.thefourthnews.in