ജഡേജ നങ്കൂരമിട്ടു, തകര്‍ത്തടിച്ച് മൊയീനും ധോണിയും; സൂപ്പര്‍ ജയന്റ്‌സിനെതിരേ സൂപ്പര്‍ കിങ്‌സിന് മികച്ച സ്‌കോര്‍

ജഡേജ നങ്കൂരമിട്ടു, തകര്‍ത്തടിച്ച് മൊയീനും ധോണിയും; സൂപ്പര്‍ ജയന്റ്‌സിനെതിരേ സൂപ്പര്‍ കിങ്‌സിന് മികച്ച സ്‌കോര്‍

അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച മൊയീന്‍ അലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവരുടെ പ്രകടനമാണ് അവര്‍ക്ക് തുണയായത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച സ്‌കോര്‍. ഇന്ന് ലഖ്‌നൗ ഏക്‌ന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച മൊയീന്‍ അലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവരുടെ പ്രകടനമാണ് അവര്‍ക്ക് തുണയായത്.

40 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ ജഡേജയാണ് ടോപ് സ്‌കോറര്‍. അലി 20 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകള്‍ സഹിതം 30 റണ്‍സ് നേടിയപ്പോള്‍ ധോണി ഒമ്പതു പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു. 24 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഒരു ഘട്ടത്തില്‍ അഞ്ചിന് 90 എന്ന നിലയില്‍ പതറിയ ചെന്നൈയെ ആറാം വിക്കറ്റില്‍ ജഡേജ-അലി കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 141-ല്‍ നില്‍ക്കെ അലി പുറത്തായെങ്കിലും പിന്നീട് എ്ത്തിയ ധോണി ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകായിരുന്നു.

ലഖ്‌നൗവിന് വേണ്ടി 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in