രോഹിത് രക്ഷകനായി, പിന്തുണച്ച് സൂര്യയും രാഹുലും; തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

രോഹിത് രക്ഷകനായി, പിന്തുണച്ച് സൂര്യയും രാഹുലും; തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍ച്ചയില്‍ നിന്ന് കരകയറി ടീം ഇന്ത്യ. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. അര്‍ധസെഞ്ചുറിയുമായി നായകന്റെ ഇന്നിങ്‌സ് കാഴ്ചവച്ച രോഹിത് ശര്‍മയുടെയും മികച്ച പിന്തുണ നല്‍കിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

101 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 87 റണ്‍സ് നേടിയ രോഹിതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 49 റണ്‍സ് നേടിയ സൂര്യകുമാറും 58 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ രാഹുലും മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ വാലറ്റ താരം ജസ്പ്രീത് ബുംറ(16)യ്ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(9), മുന്‍ നായകന്‍ വിരാട് കോഹ്ലി(0), മധ്യനിര താരങ്ങളായ ശ്രേയസ് അയ്യര്‍(4), രവീന്ദ്ര ജഡേജ(8) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 10 ഓവറില്‍ വെറും 45 റണ്‍സ് മാത്രം വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ഡേവിഡ് വില്ലിയാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ക്രിസ് വോക്‌സും ആദില്‍ റഷീദും ഒരു വിക്കറ്റുമായി മാര്‍ക്ക് വുഡും വില്ലിക്ക് മികച്ച പിന്തുണ നല്‍കി.

ലഖ്‌നൗവിലെ ഏക്‌ന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പവര്‍പ്ലേയില്‍ റണ്ണെടുക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ സ്‌കോറിങ് വേഗം ഇടിഞ്ഞു.

നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. ഒമ്പതു റണ്‍സ് എടുത്ത ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി വോക്‌സാണ് ആതിഥേയരെ ഞെട്ടിച്ചത്. തൊട്ടുപിന്നാലെ വില്ലി ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു, ഇക്കുറി വീണത് ഇന്‍ഫോം ബാറ്റ്‌സ്മാന്‍ കോഹ്ലി. ഒമ്പത പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ നിന്ന കോഹ്ലിയെ വില്ലിയുടെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സ് പിടികൂടുകയായിരുന്നു.

ശ്രേയസിന്റേതായിരുന്നു അടുത്ത ഊഴം. ആദ്യ മത്സരങ്ങളിലെ ഫോം ആവര്‍ത്തിക്കാനാകാതെ ഉഴലുന്ന ശ്രേയസിനെ വോക്‌സ് മാര്‍ക്ക് വുഡിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 11.5 ഓവറില്‍ മൂന്നിന് 40 എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിതും രാഹുലും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. ഇരുവരും ചേര്‍ന്ന് മോശം പന്തുകളെ ശിക്ഷിച്ചും വിക്കറ്റിനിടയിലെ മിന്നലോട്ടങ്ങളിലൂടെയും സ്‌കോര്‍ നീക്കി.

നാലാം വിക്കറ്റില്‍ 91 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു തുടങ്ങിയപ്പോഴാണ് വില്ലി വീണ്ടും വില്ലനായത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വന്ന രാഹുല്‍ വില്ലിയുടെ ഷോര്‍ട്ട് ബോളില്‍ കൂറ്റനടിക്കു ശ്രമിച്ച് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ രോഹിതിനൊപ്പം ഉറച്ചു നിന്നതോടെ വന്‍തകര്‍ച്ചയിലേക്കു വീഴാതെ ഇന്ത്യ പിടിച്ചുനിന്നു.

അഞ്ചാം വിക്കറ്റില്‍ 33 റണ്‍സ് നേടിയ രോഹിത്-സൂര്യ സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല. സെഞ്ചുറി 13 റണ്‍സ് അകലെ രോഹിതിനെ വീഴ്ത്തി സ്പിന്നര്‍ ആദില്‍ റഷീദ് ഇംഗ്ലണ്ടിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ രവീന്ദ്ര ജഡേജയെ വീഴ്ത്തി വില്ലി ഇന്ത്യയുടെ മധ്യനിര തുടച്ചുനീക്കിയതോടെ ടീം 200 കടക്കുമോയെന്നായി ആശങ്ക. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് സൂര്യ ടീമനെ 200 എന്ന സംഖ്യ കടത്തി. പിന്നാലെ തന്നെ സൂര്യയുടെ വിക്കറ്റും നഷ്ടമായി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ സൂര്യയെ മടക്കി വില്ലിയാണ് അവസാന ആണി അടിച്ചത്. പിന്നീട് അവസാന ഓവറുകളില്‍ ബുംറയും കുല്‍ദീപ് യാദവും(9നോട്ടൗട്ട്) ചേര്‍ന്നാണ് ടീമിനെ 229-ല്‍ എത്തിച്ചത്.

logo
The Fourth
www.thefourthnews.in