ചിന്നസ്വാമിയില്‍ പെരിയ സംഭവം; ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് നാലാം തോല്‍വി, ലങ്കൻ വിജയം എട്ട് വിക്കറ്റിന്

ചിന്നസ്വാമിയില്‍ പെരിയ സംഭവം; ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് നാലാം തോല്‍വി, ലങ്കൻ വിജയം എട്ട് വിക്കറ്റിന്

നിസാങ്ക 77 റണ്‍സും സമരവിക്രമ 65 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇതോടെ അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി

റണ്‍മഴയുണ്ടാകുമെന്ന പ്രവചനങ്ങള്‍ തെറ്റിച്ച് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് നാണം കെട്ടതോല്‍വി. നിലവിലെ ചാംപ്യന്‍മാരുടെ നിഴല്‍ മാത്രമാണോ കളിക്കുന്നതെന്ന് ആരാധകര്‍ പോലും സംശയിച്ച മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ചത്.

വെറും 157 റണ്‍സ് മാത്രമാണ് ശ്രീലങ്കയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച വിജയലക്ഷ്യം. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക സ്‌കോര്‍ മറികടന്നു.

ഡേവിഡ് മലനും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് അല്‍പം മാന്യമായ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ആദ്യ അഞ്ച് ഓവറില്‍ മാലനും ബെയര്‍‌സ്റ്റോയും 39/0 എന്ന നിലയിലേക്ക് എത്തിച്ചതെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കവേ ഏയ്ഞ്ചലോ മാത്യൂസിന്റെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കി മലന്‍ പുറത്തായി. തൊട്ടുപിന്നാലെ എത്തിയ ജോ റൂട്ട് റണ്‍ഔട്ടായി. 73 പന്തില്‍ 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ശ്രീലങ്കന്‍ ബൗളിങ് നിരയ്ക്കു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. പിന്നീടെത്തിയവരെല്ലാം കൃത്യമായ ഇടവേളകളില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഏഴോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ലാഹിരു കുമാരയാണ് ലങ്കന്‍ ബൗളര്‍മാരിലെ കേമന്‍. ഏയ്ഞ്ചലോ മാത്യൂസ്, കെ രജിത എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുസാല്‍ പെരേരയെ (4) നഷ്ടമായി. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസും (11) പുറത്തായതോടെ ലങ്ക അല്‍പം പരുങ്ങലില്‍ ആയെങ്കിലും നിസാങ്കയും സമരവിക്രമയും ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. ഇരുവിക്കറ്റും നേടിയത് ഡേവിഡ് വില്ലിയായിരുന്നു.

നിസാങ്ക 77 റണ്‍സും സമരവിക്രമ 65 റണ്‍സും നേടി പുറത്താകാതെ നിന്നു. ഇതോടെ അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി

logo
The Fourth
www.thefourthnews.in