ഐപിഎല്‍ മതിയെങ്കില്‍ ദേശീയ ടീം വിട്ടേക്കൂ; ഇന്ത്യന്‍ മുന്‍നിരയെ വിമര്‍ശിച്ച് ശാസ്ത്രി

ഐപിഎല്‍ മതിയെങ്കില്‍ ദേശീയ ടീം വിട്ടേക്കൂ; ഇന്ത്യന്‍ മുന്‍നിരയെ വിമര്‍ശിച്ച് ശാസ്ത്രി

ഐപിഎല്ലിന് ശേഷം വലിയ പരിശീലനമൊന്നും ഇല്ലാതെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനിറങ്ങിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ച്ചയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകൻ രവി ശാസ്ത്രി. ദേശീയ ടീമിനാണോ ഫ്രാഞ്ചൈസി ക്രിക്കറ്റിനാണോ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കളിക്കാര്‍ സ്വയം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎല്ലിന് ശേഷം വലിയ പരിശീലനമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങിയത്. ഇത് തിരിച്ചടിയായെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.

ഫൈനലിലെ ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയുടെ ബൗളിങ്ങില്‍ വന്ന പിഴവ് കൃത്യമായി ഉപയോഗിച്ച ഓസീസ് റണ്ണടിച്ചു കൂട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വച്ചത്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡല്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് പിന്നാലെയാണ് ബിസിസിഐയെയും ഇന്ത്യന്‍ ബാറ്റര്‍മാരെയും വിമര്‍ശിച്ച് രവിശാസ്ത്രി രംഗത്തെത്തിയത്.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡല്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്

''ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 469 റണ്‍സാണ് ചോര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അതിവേഗം നാല് വിക്കറ്റ് വീഴ്ത്തി ഓസീസ് പ്രതിസന്ധിയിലാക്കി. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ മൂന്ന് പേര്‍ ഐപിഎല്ലില്‍ കളിച്ച ശേഷമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെത്തിയത്.അതില്‍ രണ്ട് പേര്‍ സെഞ്ചുറികളുമായി മികച്ച ഫോമിലും. എന്നിട്ടും പരമ്പരാഗത റെഡ്‌ ബോള്‍ ഫോര്‍മാറ്റില്‍ ഫോം കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

ഐപിഎല്ലിനും ദേശീയ ടീമിനും ഇടയില്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ഗണനകള്‍ കൃത്യമായി നിശ്ചയിക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. ''ഐപിഎല്ലോ ഇന്ത്യന്‍ ടീമോ, നിങ്ങള്‍ക്ക് ഏതാണ് വലുത്? അത് നിങ്ങള്‍ തീരുമാനിക്കണം. ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മറക്കുക. അല്ലെങ്കില്‍ ടീമിന്റെ താത്പര്യം പരിഗണിച്ച് ഐപിഎല്ലില്‍ നിന്ന് ഒരു കളിക്കാരന് മാറി നില്‍ക്കമണമെങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് ബിസിസിഐ ഐപിഎല്‍ കരാറില്‍ ഒരു ക്ലോസ് ഉണ്ടാക്കണം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രവിശാസ്ത്രി ആദ്യമായല്ല ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തുന്നത്. ഐപിഎല്ലിനിടയില്‍ ഡബ്ലുടിസി ഫൈനലില്‍ പങ്കെടുക്കുന്ന കളിക്കാരോട് അവരുടെ പരിശീലനവും ഫോമും ശ്രദ്ധിക്കാന്‍ അദ്ദേഹം മുന്‍പും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഡബ്ലുടിസി ഫൈനല്‍ മുന്‍നിര്‍ത്തി ക്രമീകരിക്കാന്‍ അദ്ദേഹം ബിസിസിഐയോടും ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in