ഗെയ്ക്‌വാദ് 'നയിച്ചു'; ചെപ്പോക്കില്‍ 212 നേടി സൂപ്പര്‍ കിങ്‌സ്

ഗെയ്ക്‌വാദ് 'നയിച്ചു'; ചെപ്പോക്കില്‍ 212 നേടി സൂപ്പര്‍ കിങ്‌സ്

ഗെയ്ക്ക്‌വാദ് 54 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 98 റണ്‍സാണ് നേടിയത്

നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്.

സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ പുറത്തായ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചലിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ശിവം ദുബെയുടെയും മികച്ച പ്രകടനമാണ് സൂപ്പര്‍ കിങ്‌സിനു തുണയായത്. ഗെയ്ക്ക്‌വാദ് 54 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 98 റണ്‍സാണ് നേടിയത്.

മിച്ചല്‍ 32 പന്തുകളില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സറും സഹിതം 52 റണ്‍സ് നേടിയപ്പോള്‍ ദുബെ 20 പന്തുകളില്‍ നിന്ന് ഒരു ഫോറും നാല് സിക്‌സറുകളും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പത് റണ്‍സ് നേടി പുറത്തായ ഓപ്പണര്‍ അജിന്‍ക്യ രഹാനെ നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ഗെയ്ക്ക്‌വാദ്-മിച്ചല്‍ സഖ്യമാണ് സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

ഇന്നിങ്‌സ് അവസാനിക്കും രണ്ടു പന്തുകളില്‍ നിന്ന് അഞ്ചു റണ്‍സുമായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു ദുബെയ്ക്ക് കൂട്ടായി ക്രീസില്‍. ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലും ധോണിയെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്‌സിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in