'ഞാനുള്‍പ്പടെയുള്ളവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് തിരിച്ചടിയായി'; തോല്‍വിയില്‍ കുറ്റസമ്മതവുമായി ഹാര്‍ദ്ദിക്‌

'ഞാനുള്‍പ്പടെയുള്ളവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് തിരിച്ചടിയായി'; തോല്‍വിയില്‍ കുറ്റസമ്മതവുമായി ഹാര്‍ദ്ദിക്‌

വളരെ ചെറിയ സ്കോറിൽ വിൻഡീസിനെ പിടിച്ചുകെട്ടിയെങ്കിലും വിക്കറ്റുകൾ നഷ്‍ടപ്പെടുത്തിയത് തിരിച്ചടിയായെന്ന് മത്സരത്തിന് പിന്നാലെ ഹർദിക് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ടി20 പരമ്പരയും പിടിച്ചെടുക്കാനുളള ലക്ഷ്യവുമായാണ് ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ നീലപ്പട ഇറങ്ങിയത്. എന്നാൽ ആദ്യ കളിയിൽ തന്നെ തോൽവിയുടെ ചൂടറിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടീം. പരാജയത്തിന് പന്നാലെ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതെ പോയതും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയതുമാണ് പരാജയത്തിന്റെ കാരണമെന്നാണ് ഹാര്‍ദ്ദിക്കിന്റെ കുറ്റസമ്മതം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. നാല് റൺസിനായിരുന്നു കരീബിയൻ ടീമിന്റെ ജയം. വളരെ ചെറിയ സ്കോറിൽ വിൻഡീസിനെ പിടിച്ചുകെട്ടിയെങ്കിലും വിക്കറ്റുകൾ നഷ്‍ടപ്പെടുത്തിയത് തിരിച്ചടിയായെന്ന് മത്സരത്തിന് പിന്നാലെ ഹർദിക് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

എത് വലിയ സ്കോറും പിന്തുടരാനുള്ള താക്കോലാണ് വിക്കറ്റുകൾ കയ്യിൽ സൂക്ഷിക്കുകയെന്ന് ഹാർദിക് സമ്മതിച്ചു. "ടി20 ക്രിക്കറ്റിൽ,വിക്കറ്റുകൾ നഷ്ടമായാൽ, ഏത് ടോട്ടലും പിന്തുടരുന്നത് ബുദ്ധിമുട്ടാണ്,‍ അതാണ് സംഭവിച്ചത്. രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ തന്നെ വിൻഡീസിനെ ചെയ്സ് ചെയ്യുന്നതിൽ നിന്നും തങ്ങളെ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു. കുൽദീപിനും ചാഹലിനും ഒരുമിച്ച് കളിക്കാനുളള അവസരം ഒരുക്കാനാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും ഓൾ റൗണ്ടറായി അക്സർ പട്ടേലിന് ബാറ്റിങിലും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നും അതാണ് ശരിയായ കോമ്പിനേഷൻ എന്ന് തോന്നിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ടീമിനായി മികച്ച സംഭാവനകൾ നൽകാൻ ആ​ഗ്രഹിക്കുന്ന പ്ലയറാണ് മുകേഷ് കുമാറെന്നും ഹാർദിക് പറഞ്ഞു.

മുന്‍നിര ബാറ്റിങ് നിര തകർന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ തിലക് വര്‍മയ്ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട സ്കോർ നേടാനായത്. 22 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 39 റണ്‍സാണ് തിലക് നേടിയത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും(6), ശുഭ്മാന്‍ ഗില്ലും(3) നിരാശപ്പെടുത്തിയതോടെ മധ്യനിരയ്ക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 21 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 19 പന്തുകളില്‍ നിന്ന് 19 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, 11 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍, 12 പന്തില്‍ 12 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in