രോഹിത് ശര്‍മ പിന്മാറി; മുംബൈ ഇന്ത്യന്‍സിനെ ഇനി ഹാര്‍ദ്ദിക് നയിക്കും

രോഹിത് ശര്‍മ പിന്മാറി; മുംബൈ ഇന്ത്യന്‍സിനെ ഇനി ഹാര്‍ദ്ദിക് നയിക്കും

ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ തലപ്പത്ത് നാടകീയ മാറ്റം. ടീമിനെ അഞ്ചു തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ പിന്മാറിയതോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി നിയമിച്ചു. ഇതോടെ മുംബൈ ഇന്ത്യന്‍സില്‍ 10 വര്‍ഷം നീണ്ട രോഹിത് യുഗത്തിന് അന്ത്യമായി. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് രോഹിത് നായകസ്ഥാനത്തു നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി മാറിയ പാണ്ഡ്യയെ ഇക്കഴിഞ്ഞ മാസമാണ് മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിച്ചത്. പാണ്ഡ്യയെ തിരികെ കൊണ്ടുവന്നതോടെ തന്നെ രോഹിതിനു പകരം താരം ക്യാപ്റ്റനാകുമെന്ന സൂചനകള്‍ വന്നിരുന്നു. ഒടുവില്‍ ടീം മാനേജ്‌മെന്റ് അക്കാര്യം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണിത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുതല്‍ ഹര്‍ഭജന്‍ സിങ് വരെയും റിക്കി പോണ്ടിങ് മുതല്‍ രോഹിത് ശര്‍മ വരെയും അസാധാരണമായ നേതൃപാടവം ടീമിനുണ്ടായിരുന്നു. അത് നുടരാനായാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ 2024 സീസണില്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. - ടീമിന്റെ ഗ്ലോബല്‍ പെര്‍ഫോര്‍മന്‍സ് മേധാവി മഹേള ജയവര്‍ധനെ പറഞ്ഞു.

2013 മുതല്‍ പത്ത് വര്‍ഷം ടീമിനെ നയിച്ച നായകനാണ് രോഹിത് ശര്‍മ. 10 സീസണുകള്‍ക്കിടെ അഞ്ചു തവണ ഐപിഎല്‍ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടവും രോഹിത് മുംബൈയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. രോഹിതിന്റെ അസാധാരണമായ നായകത്വത്തിന് നന്ദി അറിയിക്കുന്നതായി മുംബൈ ഇന്ത്യന്‍ അറിയിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായി അദ്ദേഹം സ്ഥാനം ഉറപ്പിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in