നസീം ഷായ്ക്ക് പരുക്ക് വിനയായി, പകരം ഹസന്‍ അലി; ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

നസീം ഷായ്ക്ക് പരുക്ക് വിനയായി, പകരം ഹസന്‍ അലി; ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഏകദിന ലോകകപ്പ് ഉയര്‍ത്തുക എന്ന വെല്ലുവിളിയാണ് ബാബര്‍ അസമിനും കൂട്ടര്‍ക്കും മുന്നിലുള്ളത്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം

2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യ കപ്പിനിടെ പരുക്കേറ്റ യുവ പേസര്‍ നസീം ഷായ്ക്ക് പകരം ഹസന്‍ അലി ടീമില്‍ ഇടം നേടി. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ ലെഗ് സ്പിന്നര്‍ ഉസാമ മിറാണ് ബാബര്‍ അസം നയിക്കുന്ന ടീമിലെ സര്‍പ്രൈസ് എന്‍ട്രി.

നസീം ഷായ്ക്ക് പരുക്ക് വിനയായി, പകരം ഹസന്‍ അലി; ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍
പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

നസീം തങ്ങളുടെ പ്രധാന ബോളറാണെന്നും താരത്തിന്റെ അഭാവം നിരാശ നല്‍കുന്നതാണെന്നും ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. പരിചയസമ്പത്തും ലങ്കന്‍ പ്രീമിയര്‍ ലീഗിലെ (എല്‍പിഎല്‍) പ്രകടനവുമാണ് ഹസന്‍ അലിക്ക് അനുകൂലമായത്. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും പന്തെറിയാനുള്ള മികവ് ഹസനുണ്ടെന്നും ഇന്‍സമാം ചൂണ്ടിക്കാണിച്ചു.

പാക്കിസ്ഥാന് വേണ്ടി 60 മത്സരങ്ങളില്‍ നിന്ന് 91 വിക്കറ്റുകളാണ് ഹസന്‍ ഇതുവരെ നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍‍ഡീസിനെതിരെ 2022 ജൂണിലായിരുന്നു അവസാന ഏകദിനം. ഹസന് പുറമെ ഷഹീന്‍ ഷാ അഫ്രിദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം എന്നിവരാണ് പാക്കിസ്ഥാന്‍ പേസ് നിരയിലുള്ളത്.

ബാറ്റിങ് നിരയില്‍ മോശം ഫോമില്‍ തുടരുന്ന ഓപ്പണര്‍ ഫഖര്‍ സമാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇമാം ഉള്‍ ഹഖായിരിക്കും ഫഖറിന്റെ പങ്കാളി. നായകന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ആഖ സല്‍മാന്‍ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍. ഷദാബ് ഖാനും മുഹമ്മദ് നവാസുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.

പാക്കിസ്ഥാന്‍ ടീം

ബാബർ അസം, ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഖ സൽമാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രിദി, മുഹമ്മദ് വസീം.

റിസര്‍വ് താരങ്ങള്‍: മുഹമ്മദ് ഹാരിസ്, സമാന്‍ ഖാന്‍, അബ്രര്‍ അഹമ്മദ്.

logo
The Fourth
www.thefourthnews.in