സെഞ്ചൂറിയനായി ഹെഡ്, ക്ലാസിക് വെടിക്കെട്ടുമായി ക്ലാസന്‍; സ്വന്തം റെക്കോഡ് തിരുത്തി സണ്‍റൈസേഴ്‌സ്

സെഞ്ചൂറിയനായി ഹെഡ്, ക്ലാസിക് വെടിക്കെട്ടുമായി ക്ലാസന്‍; സ്വന്തം റെക്കോഡ് തിരുത്തി സണ്‍റൈസേഴ്‌സ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരേ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരേ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് തന്നെ കുറിച്ച 277 റണ്‍സ് എന്ന റെക്കോഡ് പഴങ്കഥയായി.

സെഞ്ചുറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ഹെന്റ്‌റിച്ച് ക്ലാസന്റെയും മിന്നുന്ന ബാറ്റിങ്ങാണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹെഡ് 41 പന്തുകളില്‍ നിന്ന് ഒമ്പതൃ ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 102 റണ്‍സ് നേടിയപ്പോള്‍ 31 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 67 റണ്‍സാണ് ക്ലാസന്‍ അടിച്ചെടുത്തത്.

ഇവര്‍ക്കു പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(22 പന്തില്‍ 34, രണ്ടു വീതം സിക്‌സും ഫോറും), മധ്യനിര താരങ്ങളായ എയ്ഡന്‍ മര്‍ക്രം(17 പന്തില്‍ 32, രണ്ടു വീതം സിക്‌സും ഫോറും), അബ്ദുള്‍ സമദ്(10 പന്തില്‍ 37, നാലു ഫോറും മൂന്നു സിക്‌സും) എന്നിവരും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.

തകര്‍പ്പന്‍ തുടക്കമാണ് അഭിഷേകും ഹെഡും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. ഏഴാം ഓവറില്‍ തന്നെ സണ്‍റൈസേഴ്‌സ് 100 തികച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേമാണ് അഭിഷേക് മടങ്ങിയത്. പിന്നീട് ഹെഡിന് കൂട്ടായി ക്ലാസന്‍ എത്തിയതോടെ സ്‌കോര്‍ വേഗം കൂടി. സെഞ്ചുറി നേടിയതിനു പിന്നാലെ ഹെഡ് മടങ്ങിയെങ്കില്‍ ക്ലാസനും പിന്നീടെത്തിയ മര്‍ക്രം, സമദ് എന്നിവരും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ പുതിയ റെക്കോഡിലേക്ക് നയിക്കുകയായിരുന്നു.

ബംഗളുരുവിന് വേണ്ടി പന്തെറിഞ്ഞവര്‍ക്കെല്ലാം കണക്കിന് ശിക്ഷകിട്ടി. നാലോവറില്‍ 52 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ലോക്കീ ഫെര്‍ഗൂസനാണ് അല്‍പമെങ്കിലും ഥേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലോവറില്‍ 68 റണ്‍സ് വഴങ്ങിയ റീസ് ടോപ്ലിക്കാണ് ശേഷിച്ച ഒരുവിക്കറ്റ്. ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് സണ്‍റൈസേഴ്‌സ് 200-നു മേല്‍ സ്‌കോര്‍ ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in