ഏകദിന ലോകകപ്പ് മത്സരം; പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കുമോയെന്ന ഉറപ്പ് തേടി ഐസിസി

ഏകദിന ലോകകപ്പ് മത്സരം; പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കുമോയെന്ന ഉറപ്പ് തേടി ഐസിസി

ദേശീയ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഉറപ്പു ലഭിക്കാനാണ് ഐസിസി ചെയർമാനും സിഇഒയും എത്തിയതെന്നാണ് സൂചന.

പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ എത്തിയില്ലെങ്കിൽ, ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്‌ ബഹിഷ്ക്കരിക്കുമെന്ന നിലപാടിലാണ് നിലവിൽ പാകിസ്താൻ. ഇതിന്റെ ഭാഗമായി, വരാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുന്ന 'ഹൈബ്രിഡ് മോഡൽ' വേണമെന്ന് പിസിബി ആവശ്യപ്പെടില്ലെന്ന ഉറപ്പ് തേടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ( ഐസിസി ) ചെയർമാൻ ഗ്രെഗ് ബാർക്ലേയും, സിഇഒ ജെഫ് അലാർഡിസും ലാഹോറിലെത്തി.

ലോകകപ്പിനായി പാകിസ്താന്‍ ഇന്ത്യയിലെത്തുമെന്ന ഉറപ്പു ലഭിക്കാനാണ് ഐസിസി ചെയർമാനും സിഇഒയും എത്തിയതെന്നാണ് സൂചന. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഏഷ്യാ കപ്പിനായി പാകിസ്താനിൽ എത്തിയില്ലെങ്കിൽ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പിനായി പാക് ടീമും എത്തില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി നജാം സേത്തിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐസിസി ഉന്നതരുടെ സന്ദർശനം.

'പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി മുന്നോട്ട് വയ്ക്കുന്ന ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ഐസിസിക്കും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബിസിസിഐക്കും ആശങ്കയുണ്ട്. ഏഷ്യാ കപ്പിനായി സേത്തി ഹൈബ്രിഡ് മോഡൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ഇവന്റിനായി പിസിബി ഇത് അംഗീകരിച്ചാൽ ലോകകപ്പിലും ഇത് നടപ്പിലാക്കാൻ ഐസിസിയോട് ആവശ്യപ്പെട്ടേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്' ഐസിസി ചെയർമാൻ വ്യക്തമാക്കി.

പാക് സർക്കാർ ക്ലിയറൻസ് നൽകാതെയിരുന്നാലോ, ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിനെക്കുറിച്ച് സുരക്ഷാ ആശങ്കകളുണ്ടെങ്കിലോ മാത്രം പാകിസ്താന്റെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താൻ പിസിബിക്ക് ഐസിസിയോട് ആവശ്യപ്പെടാമെന്ന് സേതി മുൻപ് സൂചിപ്പിച്ചിരുന്നു.

'ഐസിസിയോ,ബിസിസിഐയോ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇന്ത്യൻ മണ്ണിൽ നടക്കുന്ന മത്സരങ്ങളിൽ പാകിസ്താൻ പങ്കെടുക്കുന്നത് ടൂർണമെന്റിന്റെ മാത്രമല്ല, ഇന്ത്യ-പാക് മത്സരങ്ങളുടെ കൂടി വിജയമാണ്. ഏഷ്യാ കപ്പിൽ ഹൈബ്രിഡ് മോഡൽ സ്വീകരിക്കാൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇപ്പോഴും വിമുഖത കാണിക്കുന്നതിന്റെയും, ടൂർണമെന്റിന്റെ മൂന്നോ നാലോ മത്സരങ്ങൾ പാകിസ്താനിലും ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ നടത്താനും പറയുന്നതിന്റെ പ്രാഥമിക കാരണം ഇതാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ബിസിസിഐക്കും പിസിബിക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഐസിസി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ഈ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങളിലും, ഏകദിന ലോകകപ്പ് മത്സരങ്ങളിലും പ്രശ്നങ്ങൾ പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്നതാണ് വിഷയം.

logo
The Fourth
www.thefourthnews.in