എ മാസ്റ്റർക്ലാസ് അറ്റ് ഗയാന

എ മാസ്റ്റർക്ലാസ് അറ്റ് ഗയാന

മഴഭീഷണിയുള്ള മത്സരം, അണ്‍പ്രെഡിക്‌ടബിളായ വിക്കറ്റ്, ഏത് സ്കോറായിരിക്കും ഭദ്രമെന്ന നിശ്ചയമില്ലാതെയായിരുന്നു ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയത്

ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെയുള്ള വാർത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞൊരു കാര്യമുണ്ട്. "നാല് സ്പിന്നർമാരെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് വ്യക്തമായ കാരണമുണ്ട്. എന്നാല്‍ അത് ഞാൻ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പക്ഷേ, എനിക്ക് നാല് സ്പിന്നർമാരെ ആവശ്യമാണ്," ഈ വാക്കുകളുടെ പൊരുള്‍ തേടി പോയവർക്കുള്ള ഉത്തരമാണ് സൂപ്പർ എട്ടിലെ ഓസ്ട്രേലിയക്കെതിരായ മത്സരവും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ജയവും. അത്രമേല്‍ ആധികാരികം, നിർണായകമായത് അക്സർ പട്ടേല്‍ - കുല്‍ദീപ് യാദവ് - രവീന്ദ്ര ജഡേജ സ്പിൻ ത്രയം.

കളമറിഞ്ഞ് കളിച്ച ബാറ്റർമാർ

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ നാണയത്തുട്ട് ഇന്ത്യയ്ക്ക് ഒപ്പമായിരുന്നില്ല. മഴഭീഷണിയുള്ള മത്സരം, അണ്‍പ്രെഡിക്‌ടബിളായ വിക്കറ്റ്, ഏത് സ്കോറായിരിക്കും ഭദ്രമെന്ന നിശ്ചയമില്ലാതെയായിരുന്നു ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയത്. പവർപ്ലേയ്ക്കുള്ളില്‍ തന്നെ വിക്കറ്റിന്റെ വേഗതക്കുറവ് വിരാട് കോഹ്ലിയുടേയും ഋഷഭ് പന്തിന്റേയും കണക്കുകൂട്ടലുകളെ തെറ്റിച്ചിരുന്നു. പിന്നീട് സംഭവിച്ച രോഹിത് ശർമ - സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ് നിർണായകമായത്. മഴ നല്‍കിയ ഇടവേളയ്ക്കും റണ്ണൊഴുക്ക് തടയാനായില്ല.

എ മാസ്റ്റർക്ലാസ് അറ്റ് ഗയാന
ജോർജിയ: പോർച്ചുഗലിനെ ഞെട്ടിച്ച റൊണാള്‍ഡൊ ആരാധകർ

ഓസ്ട്രേലിയക്കെതിരെ ഓള്‍ ഔട്ട് അറ്റാക്ക് തന്ത്രമായിരുന്നു രോഹിത് ഉപയോഗിച്ചതെങ്കില്‍ ഗയാനയില്‍ മറിച്ചായിരുന്നു. താൻ ക്രീസില്‍ തുടരേണ്ടതിന്റെ ആവശ്യകത നന്നെ തിരിച്ചറിഞ്ഞ ഇന്നിങ്സ്. ഇംഗ്ലണ്ട് ബൗളർമാരുടെ പിഴവുകള്‍ ഉപയോഗിച്ചും ഫീല്‍ഡിലെ വിള്ളലുകള്‍ മുതലെടുത്തും ക്യത്യമായി തുന്നിച്ചേർത്ത കുപ്പായം പോലൊരു ഇന്നിങ്സ്. ഇതേ മാതൃകയായിരുന്നു സൂര്യയും പിന്തുടർന്നത്. മൂന്നാം വിക്കറ്റില്‍ സഖ്യം ചേർത്തത് 73 റണ്‍സാണ്.

രോഹിതും (57) സൂര്യയും (47) മടങ്ങിയെങ്കിലും ഹാർദിക്ക് പാണ്ഡ്യ (23), രവീന്ദ്ര ജഡേജ (17), അക്സർ പട്ടേല്‍ (10) എന്നിവരുടെ ക്യാമിയോകള്‍ ദുഷ്കരമേറിയ വിക്കറ്റില്‍ അവസാന അഞ്ച് ഓവറില്‍ 53 റണ്‍സ് നേടാൻ ഇന്ത്യയെ സഹായിച്ചു. ഇന്ത്യ 171-7 (20)

ബൗളർമാരുടെ കണിശതയും നായകതന്ത്രവും

ഇംഗ്ലണ്ടിന്റേയും ഇന്ത്യയുടെ ബൗളർമാർ തമ്മിലുള്ള പ്രധാന വ്യത്യാസമായി കാണാനായത് സ്റ്റമ്പിനെ ലക്ഷ്യമാക്കി പന്തെറിയുന്നതിലെ സ്ഥിരതയും കൃത്യതയുമാണ്. പ്രത്യേകിച്ചും അക്സറും കുല്‍ദീപും. പവർപ്ലേയിലെ ആദ്യ മൂന്ന് ഓവറില്‍‍ ഇംഗ്ലണ്ട് 26 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യൻ ആരാധകരുടെ മുഖത്ത് ആശങ്ക പടർന്നിരുന്നു. ബട്ട്ലറിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകിയതോടെ 2022 ആവർത്തിക്കുമോയെന്നായി ചോദ്യം. പക്ഷേ, പതിവിലും നേരത്തെ അക്സറിനെ എത്തിച്ച് രോഹിത് ബട്ട്‌ലറിനെ മടക്കി.

ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ലെങ്ത് ഡെലിവെറി. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബട്ട്ലറിന് പിഴയ്ക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ പ്രതിരോധം തകർത്ത ബുംറയുടെ പന്തും ഹാരി ബ്രൂക്കിന്റെ കണക്കുകൂട്ടലുകളാകെ തെറ്റിച്ച കുല്‍ദീപിന്റെ പന്തുമെല്ലാം ഇന്ത്യ വിക്കറ്റിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ ഉദാഹരണങ്ങളാണ്.

ഇന്ത്യയെറിഞ്ഞ 100 പന്തുകളില്‍ 66 എണ്ണവും സ്പിന്നർമാരുടെ വകയായിരുന്നു. വിട്ടുനല്‍കിയത് 58 റണ്‍സ് മാത്രം, പിഴുതത് ആറ് വിക്കറ്റുകള്‍. കുല്‍ദീപ് (4-0-19-3), അക്സർ (4-0-23-3), രവീന്ദ്ര ജഡേജ (3-0-16-0). 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബുംറ തന്റെ റോള്‍ എന്നത്തേയും പോലെ ഭദ്രവുമാക്കുകയായിരുന്നു.

എ മാസ്റ്റർക്ലാസ് അറ്റ് ഗയാന
എട്ട് വർഷം മുൻപ് കണ്ണീര് വീണു; അതേ മൈതാനത്ത് കൈകളുയർത്തി മെസി

മറ്റൊരു ഫൈനല്‍ക്കൂടി

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ലോകകപ്പ് ഫൈനലിലൂടെ ഇന്ത്യ പ്രവേശിച്ചിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും, ഏകദിന ലോകകപ്പും കലാശപ്പോരില്‍ നഷ്ടമായതിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ 11 വർഷമായി നീളുന്ന ഐസിസി കിരീട വരള്‍ച്ചയ്ക്കും ഉത്തരം കാണേണ്ടതുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ഫൈനലിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കാനുള്ള അവസരം കൂടിയാണ്.

logo
The Fourth
www.thefourthnews.in