ഭാഗ്യമുണ്ടെങ്കില്‍ രണ്ടു മത്സരങ്ങള്‍! കാര്യവട്ടം കാത്തിരിക്കുന്നു; അന്തിമ തീരുമാനം 27-ന്‌

ഭാഗ്യമുണ്ടെങ്കില്‍ രണ്ടു മത്സരങ്ങള്‍! കാര്യവട്ടം കാത്തിരിക്കുന്നു; അന്തിമ തീരുമാനം 27-ന്‌

ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ ലഭിക്കുന്നതില്‍ ഒരു മത്സരമെങ്കിലും ഇന്ത്യയുടേതായിരിക്കുമെന്ന പ്രതീക്ഷയിലാണ് കെസിഎ

ഈ വര്‍ഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പ് കേരളത്തിലേക്ക് എത്തുമോ എന്ന കാര്യം 27-ന് അറിയാം. ലോകകപ്പ് മത്സരങ്ങളുടെ വേദി തീരുമാനിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 27-ന് ദുബായിയില്‍ ചേരും. യോഗത്തില്‍ മത്സരവേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കേരളത്തിന് ചുരുങ്ങിയത് രണ്ടു മത്സരങ്ങളെങ്കിലും ലഭിക്കുമെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ ലഭിക്കുന്നതില്‍ ഒരു മത്സരമെങ്കിലും ഇന്ത്യയുടേതായിരിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി.എ. അപ്രധാന മത്സരങ്ങള്‍ക്കു പകരം പ്രമുഖ ടീമുകളുടെ മത്സരം തന്നെയാകും കേരളത്തിലേക്ക് എത്തുകയെന്നും കെസിഎ പറയുന്നു.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ സൗകര്യങ്ങളില്‍ ഐസിസിക്ക് പൂര്‍ണ തൃപ്തിയാണെന്നും അതിനാല്‍ത്തന്നെ അന്തിമ പട്ടികയില്‍ കേരളം ഉള്‍പ്പെടുമെന്നും കെസിഎ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ ബിസിസിഐ പുറത്തിറക്കിയ 15 വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടംപിടിച്ചിരുന്നു.

ഗ്രീന്‍ഫീല്‍ഡിനെ കൂടാതെ അഹമ്മദാബാദ്, നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലക്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍ മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം, ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്‌റ്റേഡിയം എന്നിവയ്ക്കു മാത്രമാണ് ലോകകപ്പ് വേദിയാകുമെന്ന് ഉറപ്പുള്ളത്.

പരിശീലന മത്സരങ്ങള്‍ ഉള്‍പ്പെടെ ഇവിടെയായിരിക്കും നടത്തുക. സാധ്യതാ പട്ടികയിലുള്ള 15 വേദികളില്‍ ഏഴെണ്ണത്തിലാകും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ഉണ്ടാവുക. ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടവും ഫൈനല്‍ മത്സരവും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാകും അരങ്ങേറുക. ഇന്ത്യന്‍ ടീം ഫൈനലിലെത്തിയാല്‍ അഹമ്മദാബാദില്‍ ഇന്ത്യയുടെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉണ്ടാകും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ആ മത്സരത്തിന് ധാരാളം കാണികള്‍ ഉണ്ടാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in