വില്ലനായി വീണ്ടും മഴ; ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം നിര്‍ത്തിവച്ചു

വില്ലനായി വീണ്ടും മഴ; ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ പോരാട്ടം നിര്‍ത്തിവച്ചു

കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രസംകൊല്ലിയായി മഴക്കളി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 17 റണ്‍സുമായി കെ എല്‍ രാഹുലും 15 പന്തുകളില്‍ നിന്ന് ഏഴു റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് മടങ്ങിയത്.

രോഹിത് 49 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 56 റണ്‍സ് നേടിയപ്പോള്‍ 52 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രോഹിതിനെ സ്പിന്നര്‍ ഷദാബ് ഖാനും ഗില്ലിനെ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് വീഴ്ത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദിയെ സിക്‌സറിനു തൂക്കി രോഹിത് ശര്‍മ നയം വ്യക്തമാക്കി. പിന്നീട് ആക്രമണച്ചുമതലയേറ്റെടുത്ത ഗില്ലായിരുന്നു ഇന്ത്യയുടെ സ്‌കോറിങ്ങിന് തുടക്കത്തില്‍ ചുക്കാന്‍ പിടിച്ചത്. രോഹിത് ആങ്കര്‍ റോളിലേക്കു മാറി.

ഒരു ഘട്ടത്തില്‍ 26 പന്തുകളില്‍ നിന്ന് വെറും 10 റണ്‍സ് മാത്രം നേടി നിന്ന രോഹിത് പിന്നീട് ഗില്‍ അര്‍ധസെഞ്ചുറി നേടിയതിനു ശേഷം ഗിയര്‍ മാറ്റി. പാക് സ്പിന്നര്‍ ഷദാബ് ഖാനെ തുടരെ സിക്‌സറുകള്‍ പായിച്ച് ഇന്ത്യന്‍ നായകനും ഫോമിലേക്ക് ഉയര്‍ന്നതോടെ ഒന്നാം വിക്കറ്റില്‍ തന്നെ സെഞ്ചുറിക്കൂട്ടുകെട്ട് ഉയര്‍ത്താനും ഇന്ത്യക്കായി.

എന്നാല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും രാഹുലും ചേര്‍ന്ന് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് മഴ രസംകൊല്ലിയായി എത്തിയത്. മത്സരത്തിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് പൂര്‍ണമായും കളിമുടങ്ങിയാലും നിര്‍ത്തിയിടത്തു നിന്ന് നാളെ പുനഃരാരംഭിക്കും.

logo
The Fourth
www.thefourthnews.in