രോഹിതിനും ജയ്‌സ്വാളിനും അര്‍ധസെഞ്ചുറി; മികച്ച തുടക്കത്തിനുശേഷം പതറി ഇന്ത്യ

രോഹിതിനും ജയ്‌സ്വാളിനും അര്‍ധസെഞ്ചുറി; മികച്ച തുടക്കത്തിനുശേഷം പതറി ഇന്ത്യ

അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെയും ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെയും ഒപ്പം മധ്യനിര താരം ശുഭ്മാന്‍ ഗില്‍, ഉപനായകന്‍ അജിന്‍ക്യ രഹാനെ എന്നിവരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കത്തിനുശേഷം പതറി ഇന്ത്യ. പോര്‍ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെയും ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെയും ഒപ്പം മധ്യനിര താരം ശുഭ്മാന്‍ ഗില്‍, ഉപനായകന്‍ അജിന്‍ക്യ രഹാനെ എന്നിവരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 44 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. രോഹിതും ജയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങായിരുന്നു അവരുടേത്. ഒന്നാം വിക്കറ്റില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഒടുവില്‍ 74 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ ജയ്‌സ്വാളിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ജയ്‌സ്വാള്‍ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ താളം ചെറുതായി പിഴച്ചു.

വണ്‍ഡൗണായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാതെ പോയതോടെ രോഹിതിന്റെയും ശ്രദ്ധപിഴച്ചു. രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 10 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. പിന്നീട് രോഹിതും. പുറത്താകുമ്പോള്‍ 143 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 80 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം.

പിന്നീട് മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ അജിന്‍ക്യ രഹാനെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ ഏറെനേരം പിടിച്ചു നില്‍ക്കാനായില്ല. 27 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രഹാനെ(8)യെ മടക്കി വിന്‍ഡീസ് വീണ്ടും പ്രഹരിച്ചു. രഹാനെ പുറത്തായതോടെ ഇരുടീമുകളും ചായയ്ക്കു പിരിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in