CWC 2023 | ഷമിയും കോഹ്ലിയും തിളങ്ങി; കിവീസിനെയും വീഴ്ത്തി അജയ്യരായി ഇന്ത്യ

CWC 2023 | ഷമിയും കോഹ്ലിയും തിളങ്ങി; കിവീസിനെയും വീഴ്ത്തി അജയ്യരായി ഇന്ത്യ

ഈ ലോകകപ്പില്‍ തന്റെ ആദ്യ മത്സരം കളിച്ച പേസര്‍ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്‌ വീഴ്ത്തിയ ഷമിയുടെ മികച്ച ബൗളിങ്ങാണ് കിവീസിനെ 273-ല്‍ ഒതുക്കിയത്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അജയ്യരായി ടീം ഇന്ത്യ. ടൂര്‍ണമെന്റിലെ അപരാജിത ടീമുകളായ ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ധരംശാലയില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഇന്ത്യക്കൊപ്പം. നാലു വിക്കറ്റിന് കിവീസിനെ തോല്‍പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ കിവീസിനെ മറികടന്ന ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ വീണ മുന്‍നായകന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്.

104 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 95 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്ലിക്കു പുറമേ 40 പന്തുകളില്‍ നിന്ന് നാലു വീതം ബൗണ്ടറികളും സിക്‌സറുകളു േസഹിതം 46 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 44 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 39 റണ്‍സ് നേടി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ, 29 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 33 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍, 27 റണ്‍സ് നേടിയ കെ.എല്‍ രാുല്‍, 26 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിതും ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 11 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അര്‍ധസെഞ്ചുറിക്ക് അരികെ രോഹിതി ബൗള്‍ഡാക്കി ലോക്കീ ഫെര്‍ഗൂസനാണ് കിവീസ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ ഗില്ലിനെയും ഫെര്‍ഗൂസന്‍ വീഴ്ത്തിയതോടെ ക്ഷണത്തില്‍ രണ്ടിന് 76 എന്ന നിലയിലേക്ക് ഇന്ത്യ വീണു.

ഇവിടെ നിന്നാണ് കോഹ്ലി പോരാട്ടം ആരംഭിച്ചത്. ആദ്യം ശ്രേയസിനൊപ്പം 52 റണ്‍സിന്റെയും പിന്നീട് രാഹുലിനൊപ്പം 54 റണ്‍സിന്റെയും കൂട്ടുകെട്ടുയര്‍ത്തിയ കോഹ്ലി ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 78 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ഒടുവില്‍ ജയിക്കാന്‍ അഞ്ച് റണ്‍സും തന്റെ 49-ാം സെഞ്ചുറി തികയ്ക്കാന്‍ അഞ്ചു റണ്‍സും വേണ്ടിയിരിക്കെ മാറ്റ് ഹെന്റ്‌റിയുടെ പന്തില്‍ സിക്‌സറിനു ശ്രമിച്ച കോഹ്ലിയെ ബൗണ്ടറിക്കരികില്‍ ഗ്ലെന്‍ ഫിലിപ്‌സ് പിടികൂടുകയായിരുന്നു.

കോഹ്ലി പുറത്തായ ശേഷം മുഹമ്മദ് ഷമി(1)യെ കൂട്ടുനിര്‍ത്തി ജഡേജ ഇന്ത്യയെ വിജയവര കടത്തി. കിവീസിനു വേണ്ടി ഫെര്‍ഗൂസന്‍ രണ്ടും ട്രെന്റ്‌ബോള്‍ട്ട്, മാറ്റ് ഹെന്റ്‌റി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ സെഞ്ചുറി നേടിയ മധ്യനിര താരം ഡാരില്‍ മിച്ചലിന്റെയും അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം രചിന്‍ രവീന്ദ്രയുടെയും മികച്ച ബാറ്റിങ്ങാണ് കിവീസിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തില്‍ 8.1 ഓവറില്‍ രണ്ടിന് 19 എന്ന നിലയില്‍ പതറിയ കിവീസിനെ മൂന്നാം വിക്കറ്റില്‍ മിച്ചല്‍-രചിന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. രചിന്‍ 87 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ 127 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 130 റണ്‍സ് നേടിയ മിച്ചല്‍ ടോപ് സ്‌കോററായി.

ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും കിവീസ് നിരയില്‍ തിളങ്ങാനായില്ല. 23 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 17 റണ്‍സ് നേടിയ ഓപ്പണര്‍ വില്‍ യങ് എന്നിവരാണ് രണ്ടക്കം കടന്ന് മറ്റു കിവി ബാറ്റര്‍മാര്‍. ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ(0), നായകന്‍ ടോം ലാഥം(5), മധ്യനിര താരങ്ങളായ മാര്‍ക് ചാപ്മാന്‍(6), മിച്ചല്‍ സാന്റ്‌നര്‍(1) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.

ഈ ലോകകപ്പില്‍ തന്റെ ആദ്യ മത്സരം കളിക്കുന്ന മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. പത്തോവറില്‍ ഒരു മെയ്ഡനടക്കം 45 റണ്‍സ് മാത്രം വഴങ്ങി ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച പിന്തുണ നല്‍കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പത്തോവറില്‍ 73 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.

logo
The Fourth
www.thefourthnews.in