CWC 2023 | സെഞ്ചുറി നേടി മിച്ചല്‍, അഞ്ച് വിക്കറ്റിട്ട് ഷമി; കിവീസിനെതിരേ ഇന്ത്യക്ക് ലക്ഷ്യം 274

CWC 2023 | സെഞ്ചുറി നേടി മിച്ചല്‍, അഞ്ച് വിക്കറ്റിട്ട് ഷമി; കിവീസിനെതിരേ ഇന്ത്യക്ക് ലക്ഷ്യം 274

സെഞ്ചുറി നേടിയ മധ്യനിര താരം ഡാരില്‍ മിച്ചലിന്റെയും അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം രചിന്‍ രവീന്ദ്രയുടെയും മികച്ച ബാറ്റിങ്ങാണ് കിവീസിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അപരാജിതരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മധ്യനിര താരം ഡാരില്‍ മിച്ചലിന്റെയും അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം രചിന്‍ രവീന്ദ്രയുടെയും മികച്ച ബാറ്റിങ്ങാണ് കിവീസിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്.

ഒരു ഘട്ടത്തില്‍ 8.1 ഓവറില്‍ രണ്ടിന് 19 എന്ന നിലയില്‍ പതറിയ കിവീസിനെ മൂന്നാം വിക്കറ്റില്‍ മിച്ചല്‍-രചിന്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. രചിന്‍ 87 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 75 റണ്‍സ് നേടിയപ്പോള്‍ 127 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 130 റണ്‍സ് നേടിയ മിച്ചല്‍ ടോപ് സ്‌കോററായി.

ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും കിവീസ് നിരയില്‍ തിളങ്ങാനായില്ല. 23 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 17 റണ്‍സ് നേടിയ ഓപ്പണര്‍ വില്‍ യങ് എന്നിവരാണ് രണ്ടക്കം കടന്ന് മറ്റു കിവി ബാറ്റര്‍മാര്‍. ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ(0), നായകന്‍ ടോം ലാഥം(5), മധ്യനിര താരങ്ങളായ മാര്‍ക് ചാപ്മാന്‍(6), മിച്ചല്‍ സാന്റ്‌നര്‍(1) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.

ഈ ലോകകപ്പില്‍ തന്റെ ആദ്യ മത്സരം കളിക്കുന്ന മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പത്തോവറില്‍ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. പത്തോവറില്‍ ഒരു മെയ്ഡനടക്കം 45 റണ്‍സ് മാത്രം വഴങ്ങി ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച പിന്തുണ നല്‍കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പത്തോവറില്‍ 73 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി.

ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. നിലവില്‍ നാലു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റ് വീതമാണ് ഇരുകൂട്ടര്‍ക്കുമുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ മികവില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്താണ് കിവീസ് ഇപ്പോള്‍. ഇന്ന് അവരെ തോല്‍പിക്കാനായാല്‍ അപരാജിതക്കുതിപ്പ് തുടരുന്നതിനൊപ്പം പോയിന്റ് പട്ടികയില്‍ വ്യക്തമായ ആധിപത്യത്തോടെ തലപ്പത്തെത്താനും ഇന്ത്യക്ക് കഴിയും. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇലവനില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം സൂര്യകുമാര്‍ യാദവും മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

logo
The Fourth
www.thefourthnews.in