കിവീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; റാങ്കിങ്ങിൽ ഒന്നാമത്

കിവീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; റാങ്കിങ്ങിൽ ഒന്നാമത്

മൂന്ന് വിക്കറ്റുകളുമായി ഷാര്‍ദ്ദൂല്‍ താക്കൂര്‍ കളിയിലെ കേമനായപ്പോൾ, 360 റൺസുമായി ഗില്ലാണ് പരമ്പരയുടെ താരം

ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. 90 റൺസിനായിരുന്നു ഇന്‍ഡോറിൽ ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര തൂത്തുവാരിയ ഇന്ത്യ 114 പോയിന്റോടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. കഴിഞ്ഞ കളിയിലെ ജയത്തോടെ ന്യൂസിലന്‍ഡിന്റെ ഒന്നാംസ്ഥാനം തട്ടിത്തെറിപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഒന്നാം റാങ്കിലേക്ക് എത്തിയത്. നിലവിൽ ടി 20യിലും ഇന്ത്യയാണ് ഒന്നാം റാങ്കിൽ. മൂന്ന് വിക്കറ്റുകളുമായി ഷാര്‍ദ്ദൂല്‍ താക്കൂര്‍ കളിയിലെ കേമനായപ്പോൾ, 360 റൺസുമായി ഗില്ലാണ് പരമ്പരയുടെ താരം.

ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍ഡിന്‌ 41.2 ഓവറിൽ 295 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ ഡെവോൺ കോൺവേയുടെ പ്രകടനം പാഴായി. ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ നഷ്ട്ടമായ ന്യൂസിലന്‍ഡിനെ രണ്ടാം വിക്കറ്റിൽ ഡെവോൺ കോൺവേ ഹെൻറി നിക്കോൾസ് എന്നിവർ ചേർന്നാണ് രക്ഷിച്ചത്. ഹെൻറി നിക്കോൾസ് 42 റൺസെടുത്ത്‌ പുറത്തായി. ഇരുവരും രണ്ടാം വിക്കറ്റിൽ 106 റൺസ് ചേർത്തു. നാലാമനായി എത്തിയ ഡാരിൽ മിച്ചലുമായി ചേർന്ന് ബാറ്റിങ് ഗതി മാറ്റിയ കോൺവേ ഒരുവേള ഇന്ത്യൻ ക്യാമ്പിലേക്ക് ആക്രമണം നയിച്ചു. ഇതിനിടയിൽ കോൺവേ സെഞ്ചുറി പൂർത്തിയാക്കി. ഷാര്‍ദ്ദൂല്‍ താക്കൂറാണ് ഈ കൂട്ട്കെട്ട് പൊളിച്ചത്. അടുത്തടുത്ത പന്തുകളിൽ മിച്ചലിനേയും നായകൻ ടോം ലതത്തിനെയും പുറത്താക്കിയ ഷാര്‍ദ്ദൂല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു. 32ാം ഓവറിൽ കോൺവേയെ (138) ഉമ്രാന്‍ മാലിക് പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് പരാജയം ഉറപ്പിച്ചു. ബ്രേസ്‌വെൽ (26) മിച്ചൽ സാന്റ്നർ (34) എന്നിവരാണ് കിവീസിന്റെ മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യക്കായി താക്കൂറും, കുൽദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയപ്പോൾ, യുസ്‌വേന്ദ്ര ചഹൽ രണ്ടും, ഉമ്രാന്‍ മാലിക്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രോഹിത് ശർമ്മ, ശുഭ്മാന്‍ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനമാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. രോഹിത് 85 പന്തിൽ 101ഉം, ഗിൽ 78 പന്തിൽ 112ഉം റണ്‍സെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ 38 പന്തിൽ 54 റൺസ് നേടി. ഏകദിന ക്രിക്കറ്റില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് രോഹിത് മൂന്നക്കം തികയ്ക്കുന്നത്. അവസാന നാല് ഇന്നിങ്സിലെ മൂന്നാം സെഞ്ചുറിയാണ് ഗിൽ ഇന്‍ഡോറില്‍ നേടിയത്. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നർ എന്നിവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മൈക്കൽ ബ്രേസ്‌വെൽ ഒരു വിക്കറ്റ് നേടി.

logo
The Fourth
www.thefourthnews.in