റായ്പൂരില്‍ പിഴച്ചില്ല; ഇന്ത്യക്ക് 21 റണ്‍സ് ജയം, പരമ്പര

റായ്പൂരില്‍ പിഴച്ചില്ല; ഇന്ത്യക്ക് 21 റണ്‍സ് ജയം, പരമ്പര

നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് നേടിയ സ്പിന്നര്‍ അക്‌സര്‍ പട്ടേലാണ് ഓസീസിനെ പിടിച്ചുകെട്ടിയത്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ പരാജയത്തിന്റെ കയ്പ്‌നീര് മായുംമുമ്പേ പരമ്പരനേട്ടവുമായി ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇന്ത്യക്ക് കിരീടനേട്ടം. റായ്പൂരില്‍ ഇന്നു നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ ജയം നേടിയാണ് അഞ്ച് മത്സര പരമ്പരയില്‍ 3-1ന്റെ അനിഷേധ്യ ലീഡ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് നേടിയ സ്പിന്നര്‍ അക്‌സര്‍ പട്ടേലാണ് ഓസീസിനെ പിടിച്ചുകെട്ടിയത്.

ഓസീസ് നിരയില്‍ നായകന്‍ മാത്യു വേഡ്(36), ഓപ്പണര്‍ ട്രാവിസ് ഹെഡ്(31), മധ്യനിര താരം മാത്യു ഷോര്‍ട്ട്(22) എന്നിവര്‍ക്കുമാത്രമാണ് പിടിച്ചുനില്‍ക്കാനായത്. രണ്ടുവിക്കറ്റുകളുമായി ദീപക് ചഹാറും ഓരോ വിക്കറ്റുകളുമായി രവി ബിഷ്‌ണോയി, ആവേശ് ഖാന്‍ എന്നിവരും അക്‌സറിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ മധ്യനിര താരങ്ങളായ റിങ്കു സിങ്ങിന്റെയും ജിതേഷ് ശര്‍മയുടെയും മികവിലാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. മികച്ച തുടക്കത്തിനു ശേഷം മധ്യനിര തകര്‍ന്നതാണ് 200-ന് മേല്‍ ഉയര്‍ന്ന സ്‌കോര്‍ എന്ന ഇന്ത്യന്‍ ലക്ഷ്യം തകര്‍ത്തത്.

ഒരുഘട്ടത്തില്‍ 13.2 ഓവറില്‍ നാലിന് 111 എന്ന നിലയില്‍ പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത റിങ്കു സിങ്-ജിതേഷ് ശര്‍മ സഖ്യമാണ് തുണച്ചത്. 29 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 46 റണ്‍സ് നേടിയ റിങ്കുവാണ് ടോപ് സ്‌കോറര്‍. ജിതേഷ് 19 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടി.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്ക്വാദും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ആറോവറില്‍ 50 റണ്‍സ് പിറന്ന ശേഷമാണ് ആ കൂട്ടുകെട്ട് പിരിഞ്ഞത്. യശ്വസി 28 പന്തുകളില്‍ നിന്ന് 37 റണ്‍സും ഗെയ്ക്‌വാദ് 28 പന്തില്‍ 32 റണ്‍സും നേടി. പിന്നീട് തകര്‍ച്ച നേരിട്ട ഇന്ത്യയെ റിങ്കു-ജിതേഷ് സഖ്യമാണ് കരകയറ്റിയത്.

logo
The Fourth
www.thefourthnews.in