T20 CWC| അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച സീം ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍; ടീം ഇന്ത്യ ഡബിള്‍ ഹാപ്പി

T20 CWC| അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച സീം ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍; ടീം ഇന്ത്യ ഡബിള്‍ ഹാപ്പി

ശക്തരായ ടീമുകള്‍ക്കെതിരായ മത്സരത്തിന് മുമ്പേ തന്നെ ബൗളിങ് നിര ഫോമിലേക്ക് ഉയരേണ്ടത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആവശ്യമായിരുന്നു.

തുടക്കത്തില്‍ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ രോഹിത് ശര്‍മ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ ബൗളിങ് തിരഞ്ഞെടുത്തു. എന്നാല്‍ അപ്പോള്‍ രോഹിത് പോലും സ്വപ്‌നേനി ഇത്തരമൊരു മികച്ച പ്രകടനം തന്റെ പേസര്‍മാരില്‍ നിന്നു പ്രതീക്ഷിച്ചു കാണില്ല.

എല്ലായ്‌പ്പോഴുമെന്ന പോലെ ഇന്നും ജസ്പ്രീത് ബുംറ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ഫോം കണ്ടെത്താനാകാതെ ഉഴറിയിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും മിന്നുന്ന പ്രകടനം കാഴ്ചവച്ചത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ തെല്ലൊന്നുമല്ല ആഹ്‌ളാദിപ്പിക്കുന്നത്.

എതിരാളികള്‍ കുഞ്ഞന്മാരായ അയര്‍ലന്‍ഡ് ആണെന്നത് കുറച്ചു കാണേണ്ടതില്ല. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന കൗണ്ടി ക്രിക്കറ്റില്‍ കളിച്ച പരിചയസമ്പത്തുള്ള ബാറ്റിങ് നിരയാണ് അവരുടേത്. ആ നിരയെയാണ് 16 ഓവറില്‍ വെറും 96 റണ്‍സിന് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിട്ടത്.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലോവറില്‍ ഒരു മെയ്ഡനടക്കം 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്.

എന്നാല്‍ ബുംറയ്‌ക്കൊപ്പം തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച അര്‍ഷ്ദീപ്, സിറാജ് എന്നിവരും കൈയടി അര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മികച്ച സീം മൂവ്‌മെന്റും സ്വിങ്ങും കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ലെങ്തില്‍ വേരിയേഷന്‍ കൊണ്ടുവന്ന് ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും ഇരുവരും മിടുക്കു കാട്ടി. അര്‍ഷ്ദീപ് നാലോവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്നോവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റായിരുന്നു സിറാജിന്റെ നേട്ടം. ബുംറ മൂന്നോവറില്‍ വെറും ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളുമായി എപ്പോഴത്തെയും പോലെ മികച്ചു നിന്നു. അക്‌സര്‍ പട്ടേലിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

ഓസ്‌ട്രേലിയന്‍ കളിമണ്ണില്‍ നിര്‍മിച്ച പിച്ചുകളാണ് യുഎസിലേത്. അതുകൊണ്ടു തന്നെ ബാറ്റിങ്ങിന് അല്‍പം ദുഷ്‌കരമായിരിക്കുമെന്നാണ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ആ സാഹചര്യത്തില്‍ ശക്തരായ ടീമുകള്‍ക്കെതിരായ മത്സരത്തിന് മുമ്പേ തന്നെ ബൗളിങ് നിര ഫോമിലേക്ക് ഉയരേണ്ടത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആവശ്യമായിരുന്നു.

ജൂണ്‍ ഒമ്പതിന് ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ദുര്‍ബലരായ യുഎസ്എയും കാനഡയുമാണ് എതിരാളികള്‍. അതുകൊണ്ടു തന്നെ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായി മുന്നേറാന്‍ പാക് പടയ്‌ക്കെതിരേ ജയം നിര്‍ണായകമാണ്. ആ സാഹചര്യത്തില്‍ ഇന്ത്യന്‍ ബൗളിങ് നിര ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുമെന്നത് തീര്‍ച്ചയാണ്.

logo
The Fourth
www.thefourthnews.in