'വെള്ളിയാഴ്ച ഒരിക്കലും ഇന്ത്യയ്ക്ക് പാകിസ്താനെ തോല്‍പ്പിക്കാനാകില്ല'; ആ പറച്ചിലിന് പിന്നില്‍

വെള്ളിയാഴ്ച ദിനത്തില്‍ ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടിയാല്‍ ഇന്ത്യക്ക് പാകിസ്താനെ തോല്‍പിക്കാനാകില്ലേ? ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രചരിച്ച ഈ കെട്ടുകഥയ്ക്കു പിന്നിലെന്താണ്?

കപില്‍ ദേവ്, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കണ്ട നിർഭയനും കരുത്തനുമായ നായകന്‍. എഴുതിത്തള്ളിയവർക്ക് മൈതാനത്ത് മറുപടി നല്‍കി ഇന്ത്യയ്ക്ക് ആദ്യ ലോകകിരീടം സമ്മാനിച്ചയാള്‍. എന്നാല്‍, ആ കപില്‍ ദേവിനെ കളത്തിനകത്തും പുറത്തും ദുർബലനാക്കി മാറ്റിയ ഒരു സിക്സറുണ്ട്...ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല താരങ്ങളുടെ ഉറക്കം വർഷങ്ങളോളം ഇല്ലാതാക്കിയ ഒരു നിമിഷം...

പറയുന്നത് 1986ലെ ഓസ്ട്രേല്‍-ഏഷ്യ കപ്പ് ഫൈനല്‍ നടന്ന ഒരു വെള്ളിയാഴ്ചയെക്കുറിച്ചാണ്, വേദി ഷാർജ...പോരാട്ടം ഇന്ത്യയും പാകിസ്താനും തമ്മില്‍.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 245 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പാകത്തിന് ഒരേ ഒരാള്‍ മാത്രമായിരുന്നു ക്രീസിലുണ്ടായിരുന്നത്, ജാവേദ് മിയാന്‍ദാദ്...

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. ഇന്നത്തെ പോലെയല്ല, റിക്വയേഡ് റണ്‍റേറ്റ് ആറിന് മുകളിലാണെങ്കില്‍ ജയം അസാധ്യമായിരുന്ന കാലം.

അന്നൊക്കെ ഏറ്റവും മികച്ച ബൗളറിന്റെ കൈകളിലേക്കായിരിക്കും അവസാന ഓവറിന്റെ ഉത്തരവാദിത്തം എത്തുക. എന്നാല്‍ കപില്‍ ദേവ് മാറിച്ചിന്തിച്ചു, 49-ാം ഓവറില്‍ റണ്‍സ് പിടിച്ചു നിർത്തിയാല്‍ കളി പിടിക്കാമെന്ന് ഉറപ്പിച്ചു. അങ്ങനെ നിർണായകമായ അവസാന ഓവർ ചേതന്‍ ശർമയ്ക്ക് നല്‍കി.

ടീമിലെ തന്നെ ഏറ്റവും ജൂനിയറായ ചേതന് അന്ന് 20 വയസ് മാത്രമാണ് പ്രായം. ഫൈനലിന്റെയും ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റേയും സമ്മർദം അതീജിവിക്കണമായിരുന്നു... മൂന്ന് വിക്കറ്റു നേടി ചേതന്‍ ഫോമിലുമായിരുന്നു, രവി ശാസ്ത്രി മാത്രമായിരുന്നു കപിലിന് മുന്നിലുണ്ടായിരുന്ന മറ്റൊരു ഓപ്ഷന്‍, ചേതനില്‍ തന്നെ കപില്‍ വിശ്വാസമർപ്പിച്ചു. ഒടുവില്‍, പാകിസ്താനും കിരീടത്തിനുമിടയില്‍ നാല് റണ്‍സ്. ഇന്ത്യയ്ക്ക് ആവശ്യം അത് പ്രതിരോധിക്കുക എന്നത്.

യോർക്കറെന്ന അസ്ത്രമുപയോഗിച്ച ചേതന് പിഴച്ചു, ഫുള്‍ടോസായ പന്ത് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പായിച്ച് മിയാന്‍ദാദ് ചരിത്രമെഴുതി, ഒരു പുതിയ തുടക്കവും കുറിച്ചു... 49-ാം ഓവറിലെ അവസാന പന്ത് വരെ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന ജയം മിയാന്‍ദാദ് ആ സിക്സിലൂടെ സ്വന്തമാക്കി..

ഷോർട്ട് പിച്ച് പന്തെറിയുക എന്നതായിരുന്നു തന്റെ ആദ്യ പദ്ധതിയെന്നും പിന്നീട് യോർക്കർ എറിയാമെന്ന് മാറി ചിന്തിക്കുകയായിരുന്നുവെന്നും ചേതന്‍ പിന്നീടൊരിക്കല്‍ പറഞ്ഞത്...ഒരുപക്ഷേ, അന്നത്തെ ഫോമില്‍ ഏത് പന്തിലും ബൗണ്ടറി പായിക്കാന്‍ മിയാന്‍ദാദിന് കഴിയുമായിരുന്നു..

ആ തോല്‍വി തങ്ങളുടെ ഉറക്കം മാത്രമല്ല പിന്നീടുള്ള നാല് വർഷം ടീമിന്റെ ആത്മവിശ്വാസത്തെ പൂർണമായും ഇല്ലാതാക്കിയെന്നാണ് വസിം അക്രവുമായി നടത്തിയ ഒരു സംഭാഷണത്തില്‍ കപില്‍ ദേവ് പറഞ്ഞത്...

എല്ലാവരിലും ഉപരിയായിരുന്നു ചേതന്‍ ശർമയ്ക്കേറ്റ ആഘാതം. ഇന്ത്യയുടെ ഇതിഹാസ ബൗളറാകുമെന്ന തലക്കെട്ടില്‍ നിന്ന് നിന്ന് വിഷാദത്തിന്റെ ക്രീസിലേക്കായിരുന്നു ചേതന്‍ വീണത്. ചേതനേയും ഇന്ത്യയേയും ഒരുപോലെ കീറിമുറിച്ച ആ സിക്സർ വഴിവെച്ചത് ഒരു താരത്തിന്റെ ഉദയത്തിന് മാത്രമായിരുന്നില്ല. പാകിസ്താനില്‍ ക്രിക്കറ്റിന്റെ ജനപിന്തുണ വർധിപ്പിക്കാനും രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാനും മിയാന്‍ദാദിന്റെ ഇന്നിങ്സിന് കഴിഞ്ഞു.

മിയാന്‍ദാദിന്റെ സെഞ്ചുറി കൊടുങ്കാറ്റില്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആടിയുലഞ്ഞെന്ന് തന്നെ പറയാം. ശേഷം പാകിസ്താനെതിരെ കളിച്ച 60 ഏകദിനത്തില്‍ 40 എണ്ണത്തിലും പരാജയം രുചിച്ചു. മറുവശത്ത് പാകിസ്താന്റെ സമാനതകളില്ലാത്ത കുതിപ്പിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 1992 ലോകകിരീടം, 1993 വരെ പരാജയപ്പെട്ടത് ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രം. അങ്ങനെ മൈതാനത്ത് പിറന്ന വിജയകഥകള്‍ നിരവധിയാണ്.

എന്നാല്‍ വ്യക്തിഗതമികവും എതിരാളികളുടെ ദുർബലതകളൊന്നുമായിരിക്കില്ല ചിലപ്പോള്‍ വിജയത്തിന് പിന്നിലെ കാരണമായി ആരാധകർ കാണുക. വെള്ളിയാഴ്ച പാകിസ്താനെ ഇന്ത്യയ്ക്ക് പരാജയപ്പെടുത്താനാകില്ലെന്നായിരുന്നു അന്ന് ആരാധകർ കണ്ടെത്തിയ തിയറി. അത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഒരു കാലത്ത് അംഗീകരിക്കുകയും ചെയ്തിരുന്നു.

1986 ഡിസംബർ അഞ്ചിനായിരുന്നു ശേഷം ഇന്ത്യ പാകിസ്താനെ നേരിട്ടത്, അന്നുമൊരു വെള്ളിയാഴ്ചയായിരുന്നു, ഫലം പരാജയം.1987 ഏപ്രില്‍ 10ന് വീണ്ടും ഷാർജയില്‍ ഏറ്റുമുട്ടി, ഈ വെള്ളിയാഴ്ചയും ഫലം വ്യത്യസ്തമായില്ല. ഇതുപോലെ പല വെള്ളിയാഴ്ചകളിലും പരാജയത്തിന്റെ പടിക്കെട്ടില്‍ ഇന്ത്യയ്ക്ക് ഇരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വെള്ളിയാഴ്ച പാകിസ്താനെ ഇന്ത്യയ്ക്ക് പരാജയപ്പെടുത്താനാകില്ല എന്നതൊരു ചൊല്ലായും മാറി...

Related Stories

No stories found.
logo
The Fourth
www.thefourthnews.in