ഏഷ്യൻ ഗെയിംസ്: ജെയ്സ്വാളിന് സെഞ്ചുറി, നേപ്പാളിനെ തോല്‍പിച്ച്‌ ഇന്ത്യ സെമിയില്‍

ഏഷ്യൻ ഗെയിംസ്: ജെയ്സ്വാളിന് സെഞ്ചുറി, നേപ്പാളിനെ തോല്‍പിച്ച്‌ ഇന്ത്യ സെമിയില്‍

അന്താരാഷ്ട്ര ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ജെയ്‌സ്വാള്‍ സ്വന്തമാക്കി.

2023 ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി ഫൈനലില്‍. പിങ്‌ഫെങ് ക്യാമ്പസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമിപ്രവേശം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളിന്റെ കന്നി സെഞ്ചുറി തിളക്കത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. ഇതോടെ അന്താരാഷ്ട്ര ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജെയ്‌സ്വാള്‍ സ്വന്തമാക്കി.

ഏഴ് സിക്‌സും എട്ട് ബൗണ്ടറിയും അടങ്ങിയതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്‌ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജയ്‌സ്വാളും ക്യാപ്റ്റന്‍ ഗെയ്ക്‌വാദും 103 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 23 പന്തില്‍ 25 റണ്‍സെടുത്ത ഗെയ്ക്‌വാദിനെ ദിപേന്ദ്ര സിങ് ഐറിയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ തിലക് വര്‍മയും (2) ജിതേഷ് ശര്‍മയും (5) നിരാശപ്പെടുത്തി. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച ജയ്‌സ്വാള്‍ 48 പന്തില്‍ തന്റെ കന്നി സെഞ്ചുറി നേടി. ഏഴ് സിക്‌സും എട്ട് ബൗണ്ടറിയും അടങ്ങിയതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

യശ്വസി ജെയ്‌സ്വാള്‍
യശ്വസി ജെയ്‌സ്വാള്‍

ഇതോടെ ശുഭ്മാന്‍ ഗില്ലിന്റെ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗില്ലിന്റെ ആദ്യ സെഞ്ചുറി. 21 വയസും ഒന്‍പത് മാസവും പ്രായമുള്ളപ്പോഴാണ് ജെയ്‌സ്വാള്‍ ഈ നേട്ടം മറികടക്കുന്നത്. സെഞ്ചുറി തികച്ചതിനു പിന്നാലെ ഐറിയുടെ പന്തില്‍ അബിനാഷ് ബൊഹാരയ്ക്ക് ക്യാച്ച് നല്‍കി താരം കൂടാരം കയറി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാന്‍, രവി ബിഷ്‌ണോയി എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ്ങും ഒരു വിക്കറ്റുമായി സായ് കിഷോറും മികച്ച പിന്തുണ നല്‍കി. 15 പന്തുകളില്‍ നിന്ന് നാലു സിക്‌സറുകളോടെ 32 റണ്‍സ് നേടിയ മധ്യനിര താരം ദിപേന്ദ്ര സിങ് ഐറിയാണ് അവരുടെ ടോപ് സ്‌കോറര്‍. മധ്യനിര താരങ്ങളായ സുദീപ് ജോറ(29), കുശാല്‍ മല്ല(29), ഓപ്പണര്‍ കുശാല്‍ ഭുര്‍ടെല്‍(28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in