സഞ്ജു നിരാശപ്പെടുത്തി; ഇന്ത്യ 211 റണ്‍സിന് പുറത്ത്

സഞ്ജു നിരാശപ്പെടുത്തി; ഇന്ത്യ 211 റണ്‍സിന് പുറത്ത്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46.2 ഓവറില്‍ 211 റണ്‍സിന് പുറത്തായി

ദേശീയ ടീം ജഴ്‌സിയില്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പോര്‍ട് എലിസബത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46.2 ഓവറില്‍ 211 റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സായ് സുദര്‍ശന്റെയും നായകന്‍ കെ എല്‍ രാഹുലിന്റെയും പ്രകടനമാണ് ഇന്ത്യയെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

സായ് 83 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 62 റണ്‍സ് നേടി ടോപസ്‌കോററായപ്പോള്‍ രാഹുല്‍ 64 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 56 റണ്‍സ് നേടി. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും ഇരുപതിനു മുകളില്‍ സ്‌കോര്‍ കണ്ടെത്താനായില്ല. 18 റണ്‍സ് നേടിയ വാലറ്റതാരം അര്‍ഷ്ദീപ് സിങ്ങാണ് മികച്ച മൂന്നാമത്തെ സ്‌കോറര്‍.

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ്(4), മധ്യനിര താരങ്ങളായ തിലക് വര്‍മ(10), സഞ്ജു സാംസണ്‍(12), റിങ്കു സിങ്(17), അക്‌സര്‍ പട്ടേല്‍(7) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ നന്ദ്രെ ബര്‍ഗറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ബ്യൂറണ്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ലിസാഡ് വില്യംസ്, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

logo
The Fourth
www.thefourthnews.in