സെഞ്ചൂറിയന്‍ മുതല്‍ ഇന്‍ഡോർ വരെ; തകർന്നടിയുന്ന ഇന്ത്യന്‍ ബാറ്റിങ് നിര

സെഞ്ചൂറിയന്‍ മുതല്‍ ഇന്‍ഡോർ വരെ; തകർന്നടിയുന്ന ഇന്ത്യന്‍ ബാറ്റിങ് നിര

വിദേശത്തും സ്വന്തം മൈതാനങ്ങളിലും ഒരേ പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിയുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലതവണ കണ്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ ബാറ്റിങ് തകർച്ച ഒരിക്കല്‍ക്കൂടി ചർച്ചയാവുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ഉള്‍പ്പെട്ട ബാറ്റിങ് നിര രണ്ടാം ഇന്നിങ്സില്‍ കേവലം 131 റണ്‍സിലൊതുങ്ങി. 32 റണ്‍സിന്റെ ഇന്നിങ്സ് തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഇത്തരത്തില്‍ തകർന്നടിയുന്നത്.

36 - ഓസ്ട്രേലിയ, അഡ്‌ലെയ്‌ഡ് (2020)

അവിശ്വസനീയം എന്ന വാക്ക് മാത്രമാണ് അഡ്‌ലെയ്‌ഡ് ടെസ്റ്റിനെക്കുറിച്ച് ഓർക്കുമ്പോള്‍ മനസിലെത്തുന്നത്. ഓസ്ട്രേലിയക്കെതിരെ മൂന്നാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോള്‍ 62 റണ്‍സ് ലീഡും ഒന്‍പത് വിക്കറ്റും ഇന്ത്യ‌യ്‌ക്കൊപ്പമുണ്ടായിരുന്നു. 15-2 എന്ന നിലയില്‍ നിന്ന് അടുത്തടുത്ത 14 പന്തില്‍ ഇന്ത്യ 16-6 എന്ന സ്കോറിലേക്ക് വീണു. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് പേസ് ദ്വയമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയെ അന്ന് ചുരുട്ടിക്കെട്ടിയത്. ഒരു ബാറ്റർപോലും രണ്ടക്കം കാണാത്ത മത്സരത്തില്‍ ഇന്ത്യ നാണക്കേടിന്റെ 36-ലൊതുങ്ങി.

109 - ഓസ്ട്രേലിയ, ഇന്‍ഡോർ (2023)

ഇന്‍ഡോറില്‍ ഇന്ത്യയ്ക്ക് വിനയായത് മാത്യു കൂനെമാന്‍ എന്ന ഇടം കയ്യന്‍ സ്പിന്നറായിരുന്നു. ഇന്‍ഡോറിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രോഹിത് ശർമയുടെ പുറത്താകലോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. 109 റണ്‍സില്‍ ഓള്‍ ഔട്ടുമായി. ഒന്‍പത് ഓവറില്‍ കേവലം 16 റണ്‍സ് വഴങ്ങിയായിരുന്നു കൂനെമാന്‍ അന്ന് അഞ്ച് വിക്കറ്റെടുത്തത്. 22 റണ്‍സെടുത്ത വിരാട് കോഹ്ലിയായിരുന്നു അന്നത്തെ ടോപ് സ്കോറർ.

സെഞ്ചൂറിയന്‍ മുതല്‍ ഇന്‍ഡോർ വരെ; തകർന്നടിയുന്ന ഇന്ത്യന്‍ ബാറ്റിങ് നിര
മൂന്നാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് ഇന്നിങ്സ് തോല്‍വി

124 - ന്യൂസിലന്‍ഡ്, ക്രൈസ്റ്റ്ചർച്ച് (2020)

ഒന്നാം ഇന്നിങ്സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയതിന് ശേഷമായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ വീഴ്ച. ദിവസങ്ങള്‍ പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിന് അനുകൂലമാകുന്ന പിച്ചില്‍ ട്രെന്റ് ബോള്‍ട്ടിന്റെയും ടിം സൗത്തിയുടെയും മികവിന് മുന്നിലാണ് ഇന്ത്യ അന്ന് തലകുനിച്ചത്. കേവലം 124 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ മൂന്നാം ദിനംതന്നെ ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചു.

107 & 130 - ഇംഗ്ലണ്ട്, ലോർ‌ഡ്സ് (2018)

രണ്ട് ഇന്നിങ്സുകളിലും ഒരുപോലെ തകർന്നടിഞ്ഞ ഇന്ത്യ അന്ന് ഇംഗ്ലണ്ടിനോട് ഇന്നിങ്സിനും 159 റണ്‍സിനുമായിരുന്നു പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്സില്‍ 107-ന് പുറത്ത്. ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത് അഞ്ച് പേർ, അതില്‍ രണ്ട് പേർ ബൗളർമാരായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജയിംസ് ആന്‍ഡേഴ്സണായിരുന്നു ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ തകർച്ചയ്ക്ക് കാരണമായത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 397-7 എന്ന സ്കോറില്‍ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ കാത്തിരുന്നത് ആന്‍ഡേഴ്സണ്‍-ബ്രോഡ് പേസ് ദ്വയത്തിന്റെ മിന്നും പ്രകടനമായിരുന്നു. ഇരുവരും ചേർന്ന് എട്ട് വിക്കറ്റെടുത്തപ്പോള്‍ 130 റണ്‍സില്‍ ഇന്ത്യ ഒതുങ്ങി.

logo
The Fourth
www.thefourthnews.in