ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക് ത്രില്ലർ; മഴ ഭീഷണി

ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക് ത്രില്ലർ; മഴ ഭീഷണി

പാകിസ്താന്റെ ബൗളിങ് ആക്രമണത്തിനെതിരെ ഇറങ്ങുമ്പോള്‍ വിക്കറ്റ് സൂക്ഷിക്കാന്‍ ഇന്ത്യ കുറച്ചധികം സൂക്ഷിക്കേണ്ടി വരും

ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ. ശ്രീലങ്കയിലെ പല്ലക്കെലെയില്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടിയത്. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഏകദിനത്തില്‍ നേര്‍ക്കുനേരെ വരുന്നു എന്നതും ഏഷ്യാകപ്പിന്റെ ആവേശം കൂട്ടുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റിലെ ത്രില്ലര്‍ പോരാട്ടത്തെ മഴ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക് ത്രില്ലർ; മഴ ഭീഷണി
ഏഷ്യാ കപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ലങ്ക

മത്സരം നടക്കുന്ന പല്ലക്കലെയില്‍ ഉച്ചമുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍. അഥവാ മത്സരം നടന്നാലും മഴ വില്ലനായാല്‍ 100 ഓവര്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. മഴ കളി മുടക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയാണ്. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി പാകിസ്താന്‍ വരവറിയിച്ചു കഴിഞ്ഞു. ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിടേണ്ടി വരും. അങ്ങനെ വന്നാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യയ്ക്ക് നേപ്പാളിനെതിരായ മത്സരത്തില്‍ ജയം അനിവാര്യമാണ്.

മഴ കളി മുടക്കിയാല്‍ ഇന്ത്യക്ക് വെല്ലുവിളി

ലോകകപ്പിന് മുന്നോടിയായി ശക്തമായ പ്രകടനം നടത്താനാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. പരുക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ പാകിസ്താനെതിരായ പ്ലേയിങ് ഇലവനില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും തിരിച്ചു വരവ് ടീമിന് കരുത്താകും. പാകിസ്താനെതിരെ ഇന്ത്യയുടെ നിര്‍ണായ സാന്നിധ്യമാണ് കോഹ്‌ലിയുടേത്. ബൗളിങ് ആക്രമണത്തെ നയിക്കാന്‍ ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയുണ്ട്. പരുക്കില്‍ നിന്ന് മുക്തനായി പ്രസിദ്ധ് കൃഷ്ണയും തിരിച്ചെത്തിയിട്ടുണ്ട്.

ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ പേസ് ആക്രമണം ശക്തമാകും. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാകും വിക്കറ്റ് സംരക്ഷിക്കുക. സഞ്ജു സാംസണ്‍ റിസര്‍വ് ടീമില്‍ ഉണ്ട്. എങ്കിലും ഫോം പരിഗണിച്ചാല്‍ ഇഷാനായിരിക്കും സാധ്യത കൂടുതല്‍. ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനം അവരുടെ മുന്നോട്ടുപോക്കിനെ കാര്യമായി സ്വാധീനിക്കും. പാകിസ്താന്‍ പേസര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരും തമ്മില്‍ ആയിരിക്കും പോരാട്ടം.

നേപ്പാളിനെതിരെ 238 റണ്‍സ് ജയത്തിന്റെ വലിയ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍

നേപ്പാളിനെതിരെ 238 റണ്‍സ് ജയത്തിന്റെ വലിയ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. നിലവില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാബര്‍ അസമിന്റെ ടീമാണ് ഒന്നാമത്. ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ബാറ്റിങ്ങിലെ സ്ഥിരതയാണ് പാകിസ്താന്റെ ശക്തി. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇവരുടെ കൂട്ടുകെട്ടിലാണ് പാകിസ്താന്‍ ജയം കണ്ടത്. ഇവരുടെ സമീപകാല ഫോമും ഇന്ത്യയ്ക്ക് ഭീഷണിയാണ്. പാകിസ്താന്റെ പേസ് നിരയും എതിരാളികള്‍ക്ക് മുന്നിലെ വലിയ കടമ്പയാണ്. ഏത് ബാറ്റിങ് നിരയെയും തകര്‍ക്കാന്‍ കഴിയുന്ന പേസ്ത്രയം അവരുടെ മുതല്‍ക്കൂട്ടാണ്. ഇന്ത്യയ്ക്ക മികച്ച സ്‌കോറിലേക്കെത്താന്‍ ഷാഹിന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെ മറികടക്കണം.

ഇരു ടീമുകളും ഏകദിന ഫോര്‍മാറ്റില്‍ കൊമ്പുകോര്‍ത്തപ്പോഴെല്ലാം മേല്‍ക്കൈ ഇന്ത്യയ്ക്കായിരുന്നു

അവസാനം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേരെ വന്ന മത്സരത്തില്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആ മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇരു ടീമുകളും ഏകദിന ഫോര്‍മാറ്റില്‍ കൊമ്പുകോര്‍ത്തപ്പോഴെല്ലാം മേല്‍ക്കൈ ഇന്ത്യയ്ക്കായിരുന്നു. എങ്കിലും പാകിസ്താന്റെ ബൗളിങ് ആക്രമണത്തിനെതിരെ ഇറങ്ങുമ്പോള്‍ വിക്കറ്റ് സൂക്ഷിക്കാന്‍ ഇന്ത്യ കുറച്ചധികം സൂക്ഷിക്കേണ്ടി വരും. വാലറ്റത്തിന്റെ പതിഞ്ഞ പ്രകടനം ആശങ്ക ആയതിനാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പരമാവധി റണ്‍സ് എടുത്തേ മതിയാകൂ.

logo
The Fourth
www.thefourthnews.in