''ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ പാകിസ്താനില്‍ പോകില്ല''

''ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ പാകിസ്താനില്‍ പോകില്ല''

ഏഷ്യാകപ്പ് നിഷ്പക്ഷ വേദിയില്‍ നടക്കുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയയ്ക്കില്ലെന്നു വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ സെക്രട്ടറിയായി ഷാ വീണ്ടും അധികാരമേറ്റതിനു ശേഷമുള്ള ആദ്യ തീരുമാനമാണ് ഇത്. മുംബൈയില്‍ നടന്ന 91-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇതിനെക്കുറിച്ചുള്ള തീരുമാനം എടുത്തത്.

'ഏഷ്യാകപ്പിന് നിഷ്പക്ഷ വേദി അനുവദിക്കുന്നത് ആദ്യമായല്ല. ഞങ്ങള്‍ പാകിസ്താനിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിന്റെ അനുമതിയെക്കുറിച്ച് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അതിനാല്‍ ഞങ്ങള്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. പകരം ഏഷ്യാകപ്പ് നിഷ്പക്ഷവേദിയില്‍ നടക്കും' ജയ് ഷാ അറിയിച്ചു.

2005-06 സീസണില്‍ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കായാണ് ഇന്ത്യന്‍ ടീം അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ചയ്. നിലവിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡായിരുന്നു അന്നത്തെ നായകന്‍. അതിനു ശേഷം പിന്നീട് 2012-13 സീസണ്‍ വരെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല.

2012-13 സീസണില്‍ പാകിസ്താന്‍ ടീം ഇന്ത്യയില്‍ പരമ്പര കളിക്കാന്‍ എത്തിയിരുന്നു. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളുമാണ് അന്ന് കളിച്ചത്. പിന്നീട് ഇതുവരെ ഇരു ടീമുകളും തമ്മില്‍ ക്രിക്കറ്റ് പരമ്പരയ അരങ്ങേറിയിട്ടില്ല. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലും ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളിലും മാത്രമാണ് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്.

logo
The Fourth
www.thefourthnews.in