അപരാജിതരായി സെമിയിലേക്ക്; ഇനി കിവീസ് പരീക്ഷണം

അപരാജിതരായി സെമിയിലേക്ക്; ഇനി കിവീസ് പരീക്ഷണം

ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച ഇന്ത്യ 15-ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിതരായി ഗ്രൂപ്പ് റൗണ്ട് പൂര്‍ത്തിയാക്കി ടീം ഇന്ത്യ. ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച ഇന്ത്യ 15-ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ന് ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്‍നിര ബാറ്റര്‍മാരുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 47.5 ഓവറില്‍ 250 റണ്‍സിന് അവസാനിച്ചു.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. പാര്‍ടൈം ബൗളര്‍മാരായി പന്തെറിഞ്ഞ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നെതര്‍ലന്‍ഡ്‌സ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ തേജാ നിദാമനുരുവാണ് പിടിച്ചു നിന്നത്. 39 പന്തുകളില്‍ നിന്ന് ഒരു ഫോറും ആറ് സിക്‌സറുകളും സഹിതം 54 റണ്‍സാണ് തേജ നേടിയത്. 45 റണ്‍സ് നേടിയ മധ്യനിര താരം സിബ്രാന്‍ഡ് ഏംഗല്‍ബ്രെറ്റ്, 35 റണ്‍സ് നേടിയ കോളില്‍ അക്കര്‍മാന്‍, 30 റണ്‍സ് നേടിയ ഓപ്പണര്‍ മാക്‌സ് ഒ ഡൗഡ് എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

നേരത്തെ തകര്‍പ്പന്‍ സെഞ്ചുറികളുമായി മധ്യനിര താരങ്ങളായ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മികച്ച അര്‍ധസെഞ്ചുറികളുമായി നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്.

94 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 128 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസാണ് ടോപ്‌സ്‌കോറര്‍. രാഹുല്‍ 64 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 102 റണ്‍സ് നേടി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 208 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തിയര്‍ത്തിയത്.

നേരത്തെ ഓപ്പണര്‍മാരായ രോഹിതും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 11.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്താന്‍ ഈ സഖ്യത്തിനായി. എന്നാല്‍ തൊട്ടുത്ത പന്തില്‍ ഗില്‍ വീണു. 32 പന്തുകള്‍ നേരിട്ട് മൂന്നു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 51 റണ്‍സ് നേടിയ ഗില്ലിലെ വാന്‍ മീകരന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ തേജ നിദാമനുരു പിടികൂടുകയായിരുന്നു. പിന്നീട് രോഹിതിന് കൂട്ടായ കോഹ്ലി എത്തി.

എന്നാല്‍ സഖ്യം അധികനേരം നീണ്ടുനിന്നില്ല. 29 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും രോഹിതിനെ ഡച്ച് പട വീഴ്ത്തി. 54 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 61 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സംഭാവന. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും ശ്രേയസും ചേര്‍ന്നാണ് ടീമിനെ മുന്നോട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 200-ല്‍ എത്തിച്ചു.

ഇന്ത്യ 200 തികച്ചതിനു പിന്നാലെ കോഹ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കി വാന്‍ ഡെര്‍ മെര്‍വ് ഈ സഖ്യം പൊളിച്ചു. പുറത്താകുമ്പോള്‍ 56 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. ശ്രേയസിനൊപ്പം രാഹുല്‍ ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ കാഴ്ചക്കാരായി. 50-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രണ്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവായിരുന്നു ശ്രേയസിനൊപ്പം ക്രീസില്‍.

logo
The Fourth
www.thefourthnews.in