CWC 2023| രണ്ടാം ജയം തേടി ഇന്ത്യ, ഇന്ന് അഫ്ഗാനെതിരേ

CWC 2023| രണ്ടാം ജയം തേടി ഇന്ത്യ, ഇന്ന് അഫ്ഗാനെതിരേ

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ മിന്നുന്ന ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

മൂന്നാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന ടീം ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നു ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ മിന്നുന്ന ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

അഫ്ഗാനെതിരേ വന്‍ മാര്‍ജിനില്‍ മികച്ച ജയം നേടി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം. നിലവില്‍ കളിച്ച രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയ ന്യൂസിലന്‍ഡാണ് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 1.958 എന്ന മികച്ച റണ്‍റേറ്റും അവര്‍ക്കുണ്ട്. കിവീസിനു പിന്നില്‍ മികച്ച റണ്‍റേറ്റുകളുമായി ദക്ഷിണാഫ്രിക്കയും പാകിസ്താനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യ നാലാമതാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരേ മുന്‍നിര തകര്‍ന്നിട്ടും മികച്ച ജയം നേടാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. 200 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരവെ രണ്ടു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യക്ക് മധ്യനിരയില്‍ മുന്‍നായകന്‍ വിരാട് കോഹ്ലിയുടെയും വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെയും മികച്ച ബാറ്റിങ്ങാണ് കരുത്തായത്.

ഇരുവരും തകര്‍പ്പന്‍ ഫോമിലാണെന്നത് ആശ്വാസം പകരുന്നെങ്കിലും മുന്‍നിരയില്‍ നായകന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്ലിനു പകരം ഓപ്പണറായി ഇറങ്ങുന്ന ഇഷാന്‍ കിഷന്‍, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരുടെ മോശം ഫോം തലവേദനയാണ്. അഫ്ഗാനെതിരേ രോഹിതിന്റെയും കോഹ്ലിയുടെയും ഇതുവരെയുള്ള റെക്കോഡുകളും മികച്ചതല്ലെന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അഫ്ഗാനെതിരേ കളിച്ച രണ്ട് ഏകദിനത്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. രണ്ടു മത്സരങ്ങളില്‍ കളിച്ച കോഹ്ലി ഒരിന്നിങ്‌സില്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അതില്‍ 67 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ അഫ്ഗാനായിട്ടില്ലെന്നത് ആതിഥേയര്‍ക്ക് ആത്മവിശ്വാസം കൂട്ടും.

പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. മികച്ച ഫോമിലുള്ള ഇവരു2െ പിന്‍ബലത്തില്‍ അഫ്ഗാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി മികച്ച ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

മറുവശത്ത് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തകര്‍ന്നടിഞ്ഞ അഫ്ഗാന് ഇത് നിലനില്‍പിന്റെ പോരാട്ടമാണ്. ബംഗ്ലാദേശിനെയിരേ ആറു വിക്കറ്റിന്റെ കനത്ത പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ വെറും 156 റണ്‍സിനാണ് ടീം പുറത്തായത്. ബാറ്റിങ് നിര ഫോമിലേക്ക് ഉയരാത്തതാണ് അവരെ വലയ്ക്കുന്നത്. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നായകന്‍ ഹഷ്മത്തുള്ള ഷാഹിദി എന്നിവരുടെ ബാറ്റിലേക്കാണ് അഫ്ഗാന്‍ ഉറ്റുനോക്കുന്നത്. സ്പിന്നര്‍ റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയിലാണ് അവരുടെ പ്രതീക്ഷയത്രയും.

logo
The Fourth
www.thefourthnews.in