ഐപിഎല്‍ 2023 പ്ലേ ഓഫ് റേസ്: ആര് നേടും? ആര് വീഴും?

ഐപിഎല്‍ 2023 പ്ലേ ഓഫ് റേസ്: ആര് നേടും? ആര് വീഴും?

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയാണ് പ്ലേ ഓഫിലേക്ക് മത്സരിക്കുന്ന ടീമുകള്‍

ഐപിഎല്‍ 2023 ലീഗ് ഘട്ടം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള മൂന്ന് പ്ലേ ഓഫ് സ്‌പോട്ടുകളിലേക്കെത്താന്‍ ആറ് ടീമുകള്‍ക്ക് ഇനിയും അവസരമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയാണ് പ്ലേ ഓഫിലേക്ക് മത്സരിക്കുന്ന ടീമുകള്‍. ഈ രണ്ട് ദിവസത്തിലെ ഓരോ മത്സരവും അവരുടെ വിധി നിര്‍ണയിക്കുന്നതാണ്. പഞ്ചാബ് കിങ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ ഇതിനകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്  (15 പോയിന്റ്, 13 മത്സരം, NRR +0.381)

ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ എംഎസ് ധോണി നയിക്കുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. കൂടാതെ ഡല്‍ഹിയോട് ജയിച്ച് കഴിഞ്ഞാല്‍ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് എത്താന്‍ സാധിക്കും. 15 പോയിന്റുമായി ചെന്നൈയും ലഖ്‌നൗവും ഒപ്പത്തിനൊപ്പമാണുള്ളത്. റണ്‍ റേറ്റിലുള്ള നേരിയ മുന്‍തൂക്കം ചെന്നൈയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍ തോല്‍വിയാണ് ഫലമെങ്കില്‍ ചെന്നൈയുടെ കണക്കുകൂട്ടലുകളെല്ലാം താളം തെറ്റിയേക്കാം.

ഡല്‍ഹിയോട് തോറ്റാല്‍ ചെന്നൈയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും. ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകളുടെ ജയം ചെന്നൈയെ അവസാന നാലില്‍നിന്ന് പുറത്താക്കും. അതിനാൽ ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ അവര്‍ക്കെതിരെ ധോണിക്കും സംഘത്തിനും ഇന്ന് ജയിച്ചേ തീരു. വൈകീട്ട് 3.30 നാണ് മത്സരം.

ലഖ്‌നൗ സൂപ്പര്‍ ജയന്‍ന്റ്സ്  (15 പോയിന്റ്, 13 മത്സരം, NRR +0.304)

ചെന്നൈയുടേതിന് സമാനമായ സാഹചര്യത്തിലാണ് ലഖ്‌നൗവും കടന്നുപോകുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലെ ജയം ലഖ്‌നൗവിന് പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കും. മത്സരത്തില്‍ വലിയ ജയത്തോടെ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കെത്താനും അവര്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ജയം കൊല്‍ക്കത്തെയ്‌ക്കൊപ്പമാണെങ്കില്‍ ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യത തുലാസിലാകും. പിന്നെ അവര്‍ക്കും ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും. ഇന്ന് രാത്രി 7.30 നാണ് ലഖ്‌നൗ-കൊല്‍ക്കത്ത നിര്‍ണായക പോരാട്ടം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (14 പോയിന്റ്, 13 മത്സരം, NRR +0.180)

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജയം ബാംഗ്ലൂരിനെ പ്ലേ ഓഫിനരികെ എത്തിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വമ്പന്‍ വിജയങ്ങള്‍ ബാംഗ്ലൂരിന് മികച്ച റണ്‍ റേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ബാംഗ്ലൂരിന് മുംബൈ ഇന്ത്യന്‍സിന്റെ മത്സര ഫലം കൂടി പരിഗണിക്കണം. നാളെ മുംബൈ സണ്‍ റൈസേഴ്സ് ഹൈദരബാദിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ബാംഗ്ലൂരിന് തിരിച്ചടിയാകും. മുംബൈ ജയിക്കുകയും ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്താലും ഫാഫ് ഡുപ്ലസിയ്ക്കും സംഘത്തിനും പുറത്തേക്കുള്ള വഴി തുറക്കും.

എന്നാല്‍ മുംബൈയും ബാംഗ്ലൂരും പരാജയപ്പെടുകയാണെങ്കില്‍ മികച്ച റണ്‍ റേറ്റ് കാരണം ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കടന്നു കൂടും. ഇരു ടീമുകളും തോല്‍ക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗവിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്യുന്ന ഒരു നേരിയ സാധ്യതയും ബാംഗ്ലൂരിന്റെ പ്ലേ ഓഫിലേക്കുള്ള കടമ്പകളില്‍ ഒന്നാണ്. ചെന്നൈയോ ലഖ്‌നൗവോ പരാജയപ്പെടുകയും ബാംഗ്ലൂര്‍ ഗുജറാത്തിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും ചെയ്താല്‍ അവര്‍ക്ക് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാം. റണ്‍റേറ്റ് ഇനിയുള്ള മത്സരങ്ങളില്‍ വലിയ പങ്ക് വഹിക്കും. ഞായറാഴ്ച രാത്രി 7.30 നാണ് ബാംഗ്ലൂര്‍-ഗുജറാത്ത് പോരാട്ടം

മുംബൈ ഇന്ത്യന്‍സ് (14 പോയിന്റ്, 13 മത്സരം, NRR -0.128)

കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോടേറ്റ തോല്‍വി മുംബൈയെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളി. കുറഞ്ഞ റണ്‍റേറ്റാണ് മുംബൈയ്ക്ക് ആശങ്കയാകുന്നത്. അവസാന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനെതിരെ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. കൂടാതെ ചെന്നൈ, ലഖ്‌നൗ, ബാംഗ്ലൂര്‍ എന്നിവയില്‍ ഏതെങ്കിലുമൊരു ടീമിന്റെ പരാജയവും മുംബൈയുടെ പ്ലേ ഓഫ് റേസില്‍ നിർണായകം. ഈ മൂന്ന് ടീമുകള്‍ അവരുടെ മത്സരങ്ങള്‍ പരാജയപ്പെടുകയും ഹൈദരാബാദിനെതിരെ മുംബൈ വലിയ ജയം നേടുകയും ചെയ്താല്‍ അവര്‍ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കെത്താനുള്ള സാധ്യതയുണ്ട്. ഞായറാഴ്ച് വൈകീട്ട് 3.30 നാണ് മുംബൈ-ഹൈദരാബാദ് മത്സരം.

രാജസ്ഥാന്‍ റോയല്‍സ് (14 പോയിന്റ്, 13 മത്സരം, NRR +0.148)

ലീഗ് ഘട്ടത്തിലെ രാജസ്ഥാന്റെ മത്സരങ്ങളെല്ലാം അവസാനിച്ചതിനാല്‍ അവര്‍ക്കിനി ബാംഗ്ലൂരിന്റെയും മുംബൈയുടെയും മത്സരഫലങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ ഇരു ടീമുകളും അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം. ബാംഗ്ലൂര്‍ ഗുജറാത്തിനോട് വലിയ തോല്‍വി ഏറ്റുവാങ്ങിയാല്‍ മാത്രമേ ആ സാധ്യതയും നിലനില്‍ക്കുകയുള്ളൂ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (12 പോയിന്റ്, 13 മത്സരം, NRR -0.256) 

കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് എത്താൻ ലഖ്‌നൗവനോട് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ, മുകളിലുള്ള ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കുകയും വേണം. കൊല്‍ക്കത്ത അവസാന നാലിലേക്ക് യോഗ്യത നേടണമെങ്കില്‍ ബാംഗ്ലൂരും ചെന്നൈയും വലിയ മാര്‍ജിനില്‍ തോല്‍ക്കണം.

logo
The Fourth
www.thefourthnews.in