'താഴ്‌വാര'ത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിന് ജയം

'താഴ്‌വാര'ത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിന് ജയം

ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സണ്‍റൈസേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്തേക്കു വീണു. ഡല്‍ഹി പത്താം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 16-ല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒമ്പതു റണ്‍സിന്റെ ജയം. ഇന്ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 188-ല്‍ അവസാനിച്ചു.

അര്‍ധസെഞ്ചുറികള്‍ നേടിയ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനും മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചുനില്‍ക്കാനായത്. മാര്‍ഷ് 39 പന്തുകളില്‍ നിന്ന് ഒരു ഫോറും ആറു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ സാള്‍ട്ട് 35 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികള്‍ സഹിതം 59 റണ്‍സ് നേടി.

14 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 29 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ ഡേവിഡ് വാര്‍ണര്‍(0), മധ്യനിര താരങ്ങളായ മനീഷ് പാണ്ഡെ(1), പ്രിയം ഗാര്‍ഗ്(12), സര്‍ഫ്രാസ് ഖാന്‍(9) എന്നിവര്‍ നിരാശപ്പെടുത്തി.

സണ്‍റൈസേഴ്‌സിനു വേണ്ടി നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മായങ്ക് മര്‍ഖണ്ഡെയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, അകീല്‍ ഹൊസെയ്ന്‍, ടി. നടരാജന്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഓഹറൗണ്ടര്‍ ഹെന്റ്‌റിച്ച് ക്ലാസന്റെയും മികവിലാണ് സണ്‍റൈസേഴ്‌സ് മികച്ച സ്‌കോറില്‍ എത്തിയത്. അഭിഷേക് 36 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 67 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 53 റണ്‍സുമായി ക്ലാസന്‍ പുറത്താകാതെ നിന്നു.

സണ്‍റൈസേഴ്‌സിനു വേണ്ടി നാലോവറില്‍ 27 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മാര്‍ഷാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മയും അക്‌സര്‍ പട്ടേലും മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in