പരുക്ക് ഭീഷണിയില്‍ ഇഷാൻ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത മങ്ങുമോ?

പരുക്ക് ഭീഷണിയില്‍ ഇഷാൻ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത മങ്ങുമോ?

ഗുജറാത്തിനെതിരായ റണ്‍ ചേസിനിടെ മുംബൈ താരം കാമറൂണ്‍ ഗ്രീനിനും പരുക്കേറ്റു. ഓള്‍റൗണ്ടറുടെ പരുക്ക് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയയ്ക്കും കനത്ത പ്രഹരമാകും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. അഹമ്മദാബാദില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന് പരുക്കേറ്റു. മുംബൈ ഇന്ത്യന്‍സ് സഹതാരം ക്രിസ് ജോര്‍ദാനുമായി കൂട്ടിയിടിച്ച് കണ്ണിന് പരുക്കേറ്റ ഇഷാന്‍ ഗുജറാത്തിനെതിരെ ബാറ്റിങ്ങിനിറങ്ങിയില്ല. പരുക്കേറ്റ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ഇഷാൻ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ടീമില്‍ ഇടം നേടിയത്.

ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 16ാം ഓവറിന് ശേഷമായിരുന്നു സംഭവം. ഓവര്‍ എറിഞ്ഞതിന് ശേഷം തിരിഞ്ഞ് നടക്കുകയായിരുന്ന ജോര്‍ദാന്‍ എതിര്‍ വശത്തുനിന്നും വന്ന ഇഷാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇഷാന്റെ ഇടത് കണ്ണിന് സമീപത്ത് ജോര്‍ദാന്റെ കൈമുട്ട് കൊണ്ടാണ് പരുക്കേല്‍ക്കുന്നത്. വേദന കൊണ്ട് പുളഞ്ഞ താരം അപ്പോള്‍ തന്നെ കളം വിട്ടു. ഗുജറാത്തിനെതിരായ ചേസിങ്ങിലും ഇഷാന് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. ഇഷാന് പകരം ഇംപാക്ട് പ്ലെയറായ നേഹല്‍ വധേരയാണ് രോഹിത്തിനൊപ്പം ഓപ്പണിങ് ചെയ്യാന്‍ ഇറങ്ങിയത്. പിന്നാലെ ഇഷാന്‍ മത്സരത്തില്‍ നിന്ന് പുറത്തായെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു.

ഇഷാന്റെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഷ്ണു വിനോദിനെ ഇറക്കി. 2020 ല്‍ ഐപിഎല്ലില്‍ കണ്‍കഷന്‍ നിയമം വന്നെങ്കിലും ഇത്തരത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന ആദ്യ താരമാണ് വിഷ്ണു. ഈ സീസണില്‍ മുംബൈയുടെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക ഘടകമായിരുന്ന ഇഷാന്റെ അഭാവം അവരുടെ റണ്‍ ചേസിങ്ങിനെ കാര്യമായി ബാധിച്ചു. 234 എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈയ്ക്ക് തുടക്കം തന്നെ പാളി.

ഇഷാന് പകരം മുംബൈ ബാറ്റിങ് ഓപ്പണ്‍ ചെയ്ത ഇംപാക്ട് പ്ലെയറായ നേഹല്‍ വെറും നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ വിഷ്ണു വിനോദാവട്ടെ 7 പന്തില്‍ 5 റണ്‍സ് മാത്രമാണ് നേടിയത്. നീലപ്പടയ്ക്ക് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു. പരുക്കേറ്റ ഇഷാന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

പരുക്ക് ഭീഷണിയില്‍ ഇഷാൻ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത മങ്ങുമോ?
ഗില്ലാട്ടത്തിനൊടുവില്‍ ടൈറ്റന്‍സ്; മുംബൈയ്ക്ക് മോഹഭംഗം

ഗുജറാത്തിനെതിരായ മത്സരത്തില്‍ ഇഷാന് മാത്രമല്ല, മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു താരമായ കാമറൂണ്‍ ഗ്രീനിനും പരുക്കേറ്റിരുന്നു. ഇത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയയ്ക്കും കനത്ത പ്രഹരമാകും. മുംബൈ ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വേഗമേറിയ പന്ത് ഗ്രീനിന്റെ ഇടത് കൈമുട്ടില്‍ തട്ടുകയായിരുന്നു. മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഗ്രീനിന്റെ സാന്നിധ്യം ഡബ്ല്യൂടിസി ഫൈനലില്‍ നിര്‍ണായകമാണ്. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ഓവലിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടം

logo
The Fourth
www.thefourthnews.in