റെക്കോഡ് കിങ്! കോഹ്ലിക്കരുത്തില്‍ 197 അടിച്ച് ബാംഗ്ലൂര്‍

റെക്കോഡ് കിങ്! കോഹ്ലിക്കരുത്തില്‍ 197 അടിച്ച് ബാംഗ്ലൂര്‍

തന്റെ ഏഴാം ഐ.പി.എല്‍ സെഞ്ചുറിയാണ് കിങ് ഇന്നു കുറിച്ചത്. ഇതോടെ ഐ.പി.എല്ലില്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിലാക്കി.

നിര്‍ണായക മത്സരത്തില്‍ വീണ്ടും സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോഹ്ലിയുടെ ബാറ്റിങ് കരുത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍. പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ട് ഇന്നു ഗുജറാത്ത് ടൈറ്റന്‍സിനെ നേരിട്ട ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 61 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 101 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതോടെ ഐ.പി.എല്ലില്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിലാക്കി.

തന്റെ ഏഴാം ഐ.പി.എല്‍ സെഞ്ചുറിയാണ് കിങ് ഇന്നു കുറിച്ചത്. ആറു സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കോഹ്ലിക്കു പുറമേ മറ്റാര്‍ക്കും ഇന്നു ബാംഗ്ലൂര്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.

19 പന്തില്‍ 28 റണ്‍സ് നേടിയ ഫാഫ് ഡുപ്ലീസിസാണ് മികച്ച രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. ഇവര്‍ക്കു പുറമേ മൈക്കല്‍ ബ്രേസ്‌വെല്‍(26), അനുജ് റാവത്ത്(23) എന്നിവരും സംഭാവനകള്‍ നല്‍കി. ഗുജറാത്ത് നിരയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്.

പേര്‍മാരായ മുഹമ്മദ് ഷമി, യാഷ് ദയാല്‍, സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പ്ലേ ഓഫില്‍ കടക്കാന്‍ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

14 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് അവര്‍ ടോപ് ഫോറില്‍ ഇടംപിടിച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് മാത്രമുള്ള ബാംഗ്ലൂര്‍ അഞ്ചാമതാണ്. മികച്ച റണ്‍റേറ്റുള്ളതിനാല്‍ ഇന്ന് ഗുജറാത്തിനെതിരായ കേവല ജയം പോലും മുംബൈയെ പിന്തള്ളി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബാംഗ്ലൂരിനെ സഹായിക്കും. എന്നാല്‍ തോല്‍വി പുറത്തേക്കും നയിക്കും.

logo
The Fourth
www.thefourthnews.in