ആരണിയും ഓറഞ്ച്-പര്‍പ്പിള്‍ തൊപ്പികള്‍? മത്സരം ഇവര്‍ക്കിടയില്‍

ആരണിയും ഓറഞ്ച്-പര്‍പ്പിള്‍ തൊപ്പികള്‍? മത്സരം ഇവര്‍ക്കിടയില്‍

പർപ്പിള്‍ ക്യാപ്പിനും ഓറഞ്ച് ക്യാപ്പിനുമുള്ള ലിസ്റ്റിലെ അഞ്ച് താരങ്ങളെ പരിചയപ്പെടാം

ഐപിഎല്‍ 2023 ന് തിരശ്ശീല വീഴാന്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കി. രണ്ടാം ക്വാളിഫയറും ഫൈനലും കടന്ന് കിരീടമുയര്‍ത്തുന്ന ടീമിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയികള്‍ക്കൊപ്പം ക്രിക്കറ്റ് ആരാധകര്‍ക്കും അറിയേണ്ടത് സീസണിലെ പര്‍പ്പിള്‍ക്യാപ്പും ഓറഞ്ച് ക്യാപ്പും ആര് നേടും എന്നതാകും. ഇത്തവണയും അതിലേക്കുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് താരങ്ങള്‍.

പര്‍പ്പിള്‍ ക്യാപ്

1.മുഹമ്മദ് ഷമി

ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഹമ്മദ് ഷമിയാണ് പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത്. 26 വിക്കറ്റ് വീഴ്ത്തിയ ഷമി 244 റണ്‍സ് വഴങ്ങിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ്‌ ഈ സീസണില്‍ ഷമിയുടെ മികച്ചത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളവരില്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ഏക ബൗളറും അദ്ദേഹമാണ്. ഇതുവരെ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഷമി അഞ്ച് തവണ മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

2.റാഷിദ് ഖാന്‍

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുള്ള അടുത്ത എന്‍ട്രിയാണ് റാഷിദ് ഖാന്‍. ഈ സീസണില്‍ 438 റണ്‍സ് വഴങ്ങി 25 വിക്കറ്റാണ് അഫ്ഗാനിസ്ഥാന്‍ ബൗളര്‍ വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ 4/30 എന്ന ഇന്നിങ്‌സാണ് ഏറ്റവും മികച്ചത്. ഷമിയേക്കാള്‍ ഒരു വിക്കറ്റ് മാത്രം പുറകിലുള്ള റാഷിദ് ഖാന് അദ്ദേഹത്തെ മറികടക്കാന്‍ ഇനിയും അവസരം ബാക്കിയുണ്ട്.

3. പീയുഷ് ചൗള

വലിയൊരു തിരിച്ചുവരവായിരുന്നു ഈ സീസണില്‍ പീയുഷ് ചൗള മുംബൈ ഇന്ത്യന്‍സിനൊപ്പം നടത്തിയത്. മുംബൈ സ്പിന്നര്‍ ഇതുവരെ 21 വിക്കറ്റാണ് വീഴ്ത്തിയത്. 450 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ 3/22 ആണ് ഏറ്റവും മികച്ചത്.

4. യൂസ്‌വേന്ദ്ര ചഹല്‍

പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായതോടെ യൂസ്‌വേന്ദ്ര ചഹലിന്റെ പര്‍പ്പിള്‍ ക്യാപ് മോഹവും അവസാനിച്ചു. 432 റണ്‍സ് വിട്ടു കൊടുത്ത ചഹല്‍ 221 വിക്കറ്റ് വീഴ്ത്തി. 4/17 ആണ് ഏറ്റവും മികച്ചത്

5. തുഷാര്‍ ദേശ്പാണ്ഡെ

ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ഇതുവരെ 508 റണ്‍സ് വഴങ്ങി 21 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 45 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ദേശ്പാണ്ഡെയുടെ മികച്ച പ്രകടനം.

ഓറഞ്ച് ക്യാപ്

1. ഫാഫ് ഡുപ്ലീസിസ്‌

ബാംഗ്ലൂര്‍ നായകന്‍ ഡുപ്ലീസിസ്‌ 14 മത്സരത്തില്‍ നിന്ന് 730 റണ്‍സുമായി ഓറഞ്ച് ക്യാപ് നേട്ട സാധ്യതയില്‍ മുന്നിലാണ്. ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഡുപ്ലസിയുടെ സ്ഥാനം കയ്യാലപ്പുറത്താണ്.

2. ശുഭ്മാന്‍ ഗില്‍

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ഗില്ലാണ് ഡുപ്ലീസിസിന്റെ തൊട്ടുപുറകിലുള്ളത്. 15 മത്സരങ്ങളില്‍ നിന്ന് 722 റണ്‍സുള്ള ഗില്ലിന് അടുത്ത മത്സരത്തില്‍ ഡുപ്ലീസിസിനെ മറികടന്ന് മുന്നിലെത്താന്‍ സാധ്യതയുണ്ട്.

3. വിരാട് കോഹ്‌ലി

ബാംഗ്ലൂര്‍ താരം കോഹ്‌ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 14 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 639 റണ്‍സാണ് അടിച്ചെടുത്തത്. ബാംഗ്ലൂര്‍ പുറത്തായതോടെ കോഹ്‌ലിയുടെ അവസരവും അവസാനിച്ചു.

4. യശ്വസി ജെയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ 14 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 625 റണ്‍സാണ്. ജെയ്സ്വാളിനും ഈ സീസണില്‍ ഇനി അവസരങ്ങളില്ല.

5. ഡെവോണ്‍ കോണ്‍വെ

14 ഇന്നിങ്‌സുകള്‍ കളിച്ച കോണ്‍വെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 625 റണ്‍സാണ് നേടിയത്.

logo
The Fourth
www.thefourthnews.in