IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

മുന്‍നിര ബാറ്റർമാരാണ് ബെംഗളൂരുവിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്

ഐപിഎല്ലിലെ നിർണായക മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 219 റണ്‍സ് വിജയലക്ഷ്യമുയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സ് നേടിയത്. ഫാഫ് ഡുപ്ലെസിസ് (54), വിരാട് കോഹ്ലി (47), രജത് പാട്ടിദാർ (41), കാമറൂണ്‍ ഗ്രീന്‍ (37) എന്നിവരാണ് ബെംഗളൂരുവിനായി തിളങ്ങിയത്.

മൂന്ന് ഓവറില്‍ 31 എന്ന സ്കോറുമായി ബെംഗളൂരു മികച്ച രീതിയില്‍ തുടങ്ങിയപ്പോഴായിരുന്നു മഴയെത്തിയത്. ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിക്കറ്റില്‍ നിന്ന് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുകയും ബെംഗളൂരുവിന്റെ സ്കോറിങ്ങിന്റെ വേഗത കുറയുകയും ചെയ്തു. പവർപ്ലെ അവസാനിക്കുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോർ 42 മാത്രമായിരുന്നു. ശേഷം കോഹ്ലിയും ഡു പ്ലെസിസും ചേർന്ന് ബെംഗളൂരുവിനെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചു.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം
'എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല'; രോഹിതിന്റെ ഭാവിയില്‍ മുംബൈ പരിശീലകന്‍ മാർക്ക് ബൗച്ചർ

പത്താം ഓവറില്‍ മിച്ചല്‍ സാന്റ്നറിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളില്‍ കോഹ്ലി ഒതുങ്ങി. 29 പന്തില്‍ 47 റണ്‍സെടുത്തായിരുന്നു കോഹ്ലി മടങ്ങിയത്. ശേഷം ഡുപ്ലെസിസും രജത് പാട്ടിദാറും ചേർന്നായിരുന്നു ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. കോഹ്ലി പുറത്താകും വരെ സമ്മർദത്തിലായിരുന്നു ഡുപ്ലെസിസ് തന്റെ മികച്ച ഫോമിലേക്ക് എത്തുന്നതായിരുന്നു പിന്നീട് കണ്ടത്. 35 പന്തിലായിരുന്നു സീസണിലെ നാലാം അർധ സെഞ്ചുറി ഡുപ്ലെസിസ് കുറിച്ചത്.

തൊട്ടുപിന്നാലെ ബെംഗളൂരു നായകന്‍ റണ്ണൗട്ടായി. 39 പന്തില്‍ 54 റണ്‍സായിരുന്നു ഡുപ്ലെസിസ് നേടിയത്. ഡുപ്ലെസിസ് മടങ്ങിയെങ്കിലും പാട്ടിദാറും കാമറൂണ്‍ ഗ്രീനും കൂറ്റനടി തുടർന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 28 പന്തില്‍ 71 റണ്‍സാണ് ചേർത്തത്. 18-ാം ഓവറില്‍ 23 പന്തില്‍ 41 റണ്‍സെടുത്ത പാട്ടിദാർ പുറത്താകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോർ 180 കടന്നിരുന്നു.

ഫിനിഷർ റോളിലെത്തിയ ദിനേശ് കാർത്തിക്ക് ആറ് പന്തില്‍ 14 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്‍ ആറ് അഞ്ച് പന്തില്‍ 16 റണ്‍സുമെടുത്താണ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in