ഐപിഎല്‍ 2024: ലേലം ഇന്ന്, നോക്കിവച്ചോളൂ ഈ അഞ്ച് മിടുക്കരെ

ഐപിഎല്‍ 2024: ലേലം ഇന്ന്, നോക്കിവച്ചോളൂ ഈ അഞ്ച് മിടുക്കരെ

മികവ് കൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയ അണ്‍ക്യാപ്ഡ് താരങ്ങളില്‍ അഞ്ച് പേരെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അവര്‍ ആരൊക്കെയെന്നു പരിശോധിക്കാം

പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് ദേശീയ ശ്രദ്ധയിലേക്ക് കടന്നുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന കുട്ടിക്രിക്കറ്റ് പൂരം. ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ തുറന്ന് രാജ്യന്തര ക്രിക്കറ്റ് ലോകത്തേക്ക് ഇറങ്ങിയ താരങ്ങളുടെ പട്ടിക ജസ്പ്രീത് ബുംറയില്‍ തുടങ്ങി ഇപ്പോള്‍ റിങ്കു സിങ്ങില്‍ എത്തിനില്‍ക്കുന്നു. ഐപിഎല്ലിന്റെ ഓരോ സീസണ്‍ വരുമ്പോഴും ക്രിക്കറ്റ് ആരാധകരും ആസ്വാദകരും ഉറ്റുനോക്കുന്നത് ഇക്കുറി ഏത് യുവതാരമാകും ഭാവി വാഗ്ദാനമാകുന്നത് എന്നാണ്.

നാലു മാസങ്ങള്‍ക്ക് അപ്പുറം മറ്റൊരു ഐപിഎല്‍ സീസണ്‍ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായുള്ള താരലേലത്തിന് ഇന്ന് ലോക വാണിജ്യ തലസ്ഥാനമായ ദുബായ് സാക്ഷ്യം വഹിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നതും അതിലേക്കാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലും, ആഭ്യന്തര ക്രിക്കറ്റിലുമൊക്കെയായി മികച്ച പ്രകടനം കാഴ്ചവച്ച ഒരുപിടി യുവതാരങ്ങള്‍ ലേലപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അവരിലാരെയൊക്കെ ഏതൊക്കെ ടീമുകള്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

മികവ് കൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയ അണ്‍ക്യാപ്ഡ് താരങ്ങളില്‍ അഞ്ച് പേരെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അവര്‍ ആരൊക്കെയെന്നു പരിശോധിക്കാം.

അര്‍ഷിന്‍ കുല്‍ക്കര്‍ണി
അര്‍ഷിന്‍ കുല്‍ക്കര്‍ണി

1.) അര്‍ഷിന്‍ കുല്‍ക്കര്‍ണി

കൂറ്റനടികള്‍ക്ക് കെല്‍പുള്ള ബാറ്ററും അത്യാവശ്യ ഘട്ടത്തില്‍ നാലോവര്‍ വിശ്വസിച്ച് ഏല്‍പിക്കാവുന്ന പേസറും, ഒറ്റവാചകത്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഉറച്ച പ്രതീക്ഷകളിലൊരാളാണ് അര്‍ഷിന്‍. മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ ഈഗിള്‍ നാസിക് ടൈറ്റന്‍സിന്റെ താരമായ അര്‍ഷിന്‍ തന്റെ ടി20 മികവ് പുറത്തെടുത്തതോടെയാണ് ശ്രദ്ധാകേന്ദ്രമായത്.

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ ചാമ്പ്യന്‍ഷിപ്പിലൂടെ മഹാരാഷ്ട്ര സീനിയര്‍ ടീമിലും അരങ്ങേറ്റം കുറിച്ച അര്‍ഷിനെ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറുമായ ഋതുരാജ് ഗെയ്ക്ക്‌വാദ് സൂപ്പര്‍ കിങ്‌സിന്റെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അണ്ടര്‍ 19 ടീം ക്യാമ്പിലായിരുന്ന അര്‍ഷിന് പങ്കെടുക്കാന്‍. കഴിഞ്ഞില്ല. ലേലത്തില്‍ ചെന്നൈ അര്‍ഷിനു വേണ്ടി ശ്രമിക്കുമോയെന്ന് ഉറപ്പില്ല, എന്നാല്‍ മറ്റൊരു ടീം ഈ യുവതാരത്തിന്റെ പിന്നാലെയുണ്ട്- പഞ്ചാബ് കിങ്‌സ്. ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറിനെ തേടുന്ന പഞ്ചാബ് എന്തുവിലകൊടുത്തും അര്‍ഷിനെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

ശുഭം ദുബെ
ശുഭം ദുബെ

2.) ശുഭം ദുബെ

മിന്നുന്ന ഫിനിഷിങ് മികവുള്ള യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ അത്ര സാധാരണമൊന്നുമല്ല. ഇവിടെയാണ് വിദര്‍ഭ താരം ശുഭം ദുബെ വ്യത്യസ്തനാകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏഴു മത്സരങ്ങള്‍ കൊണ്ട് വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സ്‌കൗട്ടിങ് ടീമുകളെയാണ് അമ്പരപ്പിച്ചത്. ലോവര്‍ മിഡില്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയ താരം ഏഴ് ഇന്നിങ്‌സില്‍ നിന്ന് 187.28 സ്‌ട്രൈക്ക് റേറ്റില്‍ 221 റണ്‍സാണ് നേടിയത്.

അതില്‍ ഏറെ ശ്രദ്ധേയമായത് വിദര്‍ഭ-ബംഗാള്‍ മത്സരത്തിലെ പ്രകടനമായിരുന്നു. തങ്ങളുടെ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് ആണ് വിദര്‍ഭ അന്ന് നടത്തിയത്. ബംഗാള്‍ ഉയര്‍ത്തിയ 213 റണ്‍സ് എന്ന ലക്ഷ്യം 13 പന്ത് ബാക്കിനില്‍ക്കെ അവര്‍ മറികടന്നപ്പോള്‍ നിര്‍ണായകമായത് ദുബെയുടെ പ്രകടനമായിരുന്നു. ഇംപാക്ട് പ്ലെയറായി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ദുബെ വെറും 20 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 58 റണ്‍സുമായി പുറത്താകാതെ നിന്നു. ഇത്തരമൊരു താരത്തെ ഏത് ഫ്രാഞ്ചൈസിയാകും വേണ്ടെന്നു വയ്ക്കുക.

മുഷീര്‍ ഖാന്‍
മുഷീര്‍ ഖാന്‍

3.) മുഷീര്‍ ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന യുവ്‌രാജ് സിങ്ങിനെ പുറത്താക്കുന്ന എട്ടു വയസുകാരന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയിലെ ആ കുഞ്ഞുപയ്യന്‍ വളര്‍ന്ന് യുവ്‌രാജിന്റെ പകരക്കാരനാകാനുള്ള ഒരുക്കത്തിലാണ്. എട്ടാം വയസില്‍ യുവിയെ കുരുക്കിയ മുഷീര്‍ ഖാന്‍ എന്ന ഇടംകൈയ്യന്‍ സ്പിന്നറിലാണ് ഇന്ന് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പ്രതീക്ഷകള്‍.

കഴിഞ്ഞ വഷം കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈയെ ഫൈനലിലേക്ക് നയിച്ച പ്രകടനമാണ് മുഷീറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 632 റണ്‍സും 32 വിക്കറ്റുകളുമെന്ന തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ടൂര്‍ണമെന്റിന്റെ താരമായി മാറിയിരുന്നു മുഷീര്‍. ആ പ്രകടനം മുഷീറിനെ മുംബൈ രഞ്ജി ടീമിലേക്കും എത്തിച്ചു. ഇതുവരെ മുംബൈ സീനിയര്‍ ടീമിനായി മൂന്നു മത്സരങ്ങള്‍ കളിച്ച താരമാണ് മുഷീര്‍. മുംബൈയില്‍ നിന്നുള്ള മുംബൈ ഇന്ത്യന്‍സാണ് മുഷീറിനെ ലക്ഷ്യമിടുന്ന പ്രധാന ഫ്രാഞ്ചൈസി.

സമീര്‍ റിസ്‌വി
സമീര്‍ റിസ്‌വി

4.) സമീര്‍ റിസ്‌വി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷന്‍ റിങ്കു സിങ് ഉള്‍പ്പടെയുള്ളവര്‍ കളിക്കുന്ന യുപി ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമാരെന്ന് അന്വേഷിച്ചാല്‍ ഉത്തരം ചെന്നെത്തി നില്‍ക്കുന്നത് സമീര്‍ റിസ്‌വി എന്ന ഇരുപതുകാരനിലായിരിക്കും. രണ്ടു തകര്‍പ്പന്‍ സെഞ്ചുറികളടക്കം ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 455 റണ്‍സാണ് യുപി ലീഗില്‍ സമീര്‍ അടിച്ചുകൂട്ടിയത്. ആ പ്രകടനത്തോടെ പഞ്ചാബ് കിങ്‌സ് ഉള്‍പ്പടെ മൂന്നു ട്വന്റി20 ക്രിക്കറ്റ് ഫ്രാഞ്ചൈസികളുടെ ട്രയല്‍സിലേക്കും താരത്തിന് ക്ഷണം ലഭിച്ചു.

എന്നാല്‍ യുപി അണ്ടര്‍ 23 ടീമിന്റെ ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ ട്രയല്‍സ് നഷ്ടമാക്കേണ്ടി വന്ന സമീറിനു വേണ്ടി ഇന്ന് പഞ്ചാബ് കിങ്‌സ് ആഞ്ഞ് പിടിച്ചേക്കും. കാരണം തങ്ങള്‍ ട്രയല്‍സ് വച്ച ദിവസം നടന്ന ദേശീയ അണ്ടര്‍ 23 മത്സരത്തില്‍ യുപിക്കു വേണ്ടി രാജസ്ഥാനെതിരേ സമീര്‍ കാഴ്ചവച്ച മിന്നും പ്രകടനം അത്രകണ്ട് മികച്ചതായിരുന്നു. അന്ന് നടന്ന ഏകദിന മത്സരത്തില്‍ 65 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് സമീര്‍ അടിച്ചെടുത്തത്. ആ ടൂര്‍ണമെന്റ് ഫൈനലില്‍ 50 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ സമീറിന്റെ മികവില്‍ യുപി കിരീടം നേടുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പിന്റെ ടോപ് സ്‌കോറര്‍ മറ്റാരുമായിരുന്നില്ല, സമീര്‍ തന്നെ.

കുമാര്‍ കുശാഗ്ര
കുമാര്‍ കുശാഗ്ര

5.) കുമാര്‍ കുശാഗ്ര

ഒരു താരത്തിന്റെ തലവര മാറിമറിയാന്‍ കേവലം ഒരു മത്സരം മതിയാകും... ഇത് ഒരു ചൊല്ലല്ല, മറിച്ച് പച്ചപരമാര്‍ഥമാണ്. കുറഞ്ഞപക്ഷം ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാര്‍ കുശാഗ്രയുടെ കാര്യത്തിലെങ്കിലും. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ നടത്തിയ ഒരു പ്രകടനമാണ് കുമാറിന്റെ ജീവിതം മാറ്റിമറിച്ചത്.

കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരേ 355 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഝാര്‍ഖണ്ഡിനായി ആറാമനായി ഇറങ്ങി 37 പന്തില്‍ നിന്ന് 67 റണ്‍സ് നേടി പുറത്താകാതെ നിന്ന് വിജയത്തിലേക്ക് നയിച്ചതോടെ കുമാറിന്റെ കരിയര്‍ തന്നെ മാറി. നിരവധി ഫ്രാഞ്ചൈസികളുടെ സ്‌കൗട്ടിങ് ടീം സന്നിഹിതരായിരുന്ന വേളയിലായിരുന്നു ഈ പ്രകടനം. ആ ഒരൊറ്റ പ്രകടനത്തോടെ ഝാര്‍ഖണ്ഡിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറാനും കുമാറിനായി. ഐപിഎല്ലിന്റെ പുതിയ സീസണിനു തയാറെടുക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് ഏറ്റവും അത്യാവശ്യമായി നികത്തേണ്ട സ്ലോട്ട് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടേതാണ്. കുമാറിന് വിലയേറാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം?

logo
The Fourth
www.thefourthnews.in