'വിദേശ നിക്ഷേപം' ഇടിഞ്ഞു, ഒറ്റയാള്‍ പോരാളിയായി കോഹ്ലി; ബെംഗളൂരുവിന്റെ വീഴ്ചയ്ക്കു പിന്നില്‍

'വിദേശ നിക്ഷേപം' ഇടിഞ്ഞു, ഒറ്റയാള്‍ പോരാളിയായി കോഹ്ലി; ബെംഗളൂരുവിന്റെ വീഴ്ചയ്ക്കു പിന്നില്‍

തിരിച്ചടികള്‍ക്കിടയിലും ട്വന്റി 20യില്‍ മൂന്ന് സെഞ്ചുറിയുള്ള വില്‍ ജാക്സിനെയും അഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ആകാശ് ദീപിനെയും എന്തിന് ബെഞ്ചിലിരുത്തിയിരിക്കുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നു

വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍, മുഹമ്മദ് സിറാജ് എന്നിങ്ങനെ ലോകോത്തര താരങ്ങള്‍ ഉള്‍പ്പെട്ട ടീം. ഏത്ര ഉയർന്ന സ്കോറും പടുത്തുയർത്താനും മറികടക്കാനും കെല്‍പ്പുള്ള ബാറ്റിങ് നിര. യുവതാരങ്ങളും പരിചയസമ്പന്നരും നിറഞ്ഞ ബോളിങ് പട. ഏത് തിരിച്ചടിയിലും ഒപ്പം നില്‍ക്കുന്ന ആരാധകവൃന്ദവും. എല്ലാ കൊണ്ടും സമ്പന്നരായിട്ടും സ്ഥാനം പോയിന്റ് പട്ടികയുടെ അടിത്തട്ടിലാണെന്ന് മാത്രം. ന്യൂ ടീം, ന്യൂ ജേഴ്‌സി, സെയിം ഓള്‍ഡ് ആർസിബി.

താളം കണ്ടെത്താത്ത നായകന്‍

തിരിച്ചടികളുടെ കാരണങ്ങള്‍ നിരത്തുമ്പോള്‍ നായകന്‍ ഫാഫ് ഡുപ്ലെസിസില്‍നിന്ന് തന്നെ തുടങ്ങാം. കഴിഞ്ഞ സീസണില്‍ ഡുപ്ലെസിസ് നല്‍കിയ അതിവേഗത്തുടക്കമായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പിന് വളമായത്. 14 മത്സരങ്ങളില്‍നിന്ന് നേടിയത് 730 റണ്‍സും വലം കയ്യന്‍ ബാറ്റർ നേടി. എന്നാല്‍ ഇത്തവണ അഞ്ച് കളികളില്‍നിന്നുള്ള നായകന്റെ സമ്പാദ്യം 109 റണ്‍സ് മാത്രമാണ്. ഇത് മറുവശത്തുള്ള വിരാട് കോഹ്ലിയുടെ സമ്മർദം ഇരട്ടിയാക്കുന്നു.

ഫാഫ് ഡുപ്ലെസിസ്
ഫാഫ് ഡുപ്ലെസിസ്

ഡുപ്ലെസിസിന്റെ ഫോമില്ലായ്മ കോഹ്ലിയുടെ ഇന്നിങ്സിന്റെ തുടക്കം പതിഞ്ഞതാക്കിയിട്ടുണ്ട്. രാജസ്ഥാനെതിരായ ഇന്നിങ്സ് തന്നെ ഉദാഹരണമായി എടുക്കാം. അർധ സെഞ്ചുറിയിലേക്ക് എത്താന്‍ 39 പന്തുകളായിരുന്നു കോഹ്ലിക്ക് ആവശ്യമായി വന്നത്. പിന്നീട് നേരിട്ട 33 പന്തില്‍ 61 റണ്‍സ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. സീസണില്‍ ബെംഗളൂരുവിന് ഏക ആശ്വാസമായി തുടരുന്ന കോഹ്ലിയുടെ ഫോം മാത്രമാണെന്നും പറയാം. അഞ്ച് കളികളില്‍നിന്ന് 316 റണ്‍സുമായി ടോപ് സ്കോറർമാരുടെ പട്ടികയില്‍ മുന്നിലാണ് താരം.

നിരാശപ്പെടുത്തുന്ന ഓള്‍ റൗണ്ടർമാർ

ബെംഗളൂരു നിരയിലെ പ്രധാന ഓള്‍ റൗണ്ടർമാരാണ് മാക്സ്‌വെല്ലും ഗ്രീനും. ഇരുവരുടെയും പ്രകടനം സീസണില്‍ ശരാശരിക്കും താഴെയായത് ടീം ബാലന്‍സിനെ ആകെ തെറ്റിച്ചിട്ടുണ്ട്.

ട്വന്റി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിലൊരാളായ മാക്സ്‌വെല്ലിന്റെ ബാറ്റ് ഇത്തവണ നിശബ്ദമാണ്. അഞ്ച് കളികളില്‍നിന്ന് 32 റണ്‍സാണ് മാക്സ്‌വെല്ലിന് ഇതുവരെ നേടാനായത്. ബോളിങ്ങില്‍ നാല് വിക്കറ്റും. മുംബൈ ഇന്ത്യന്‍സില്‍നിന്ന് എത്തിയ ഗ്രീനിന്റെ കാര്യവും വ്യത്യസ്തമല്ല. മുംബൈയ്ക്കായി കഴിഞ്ഞ സീസണില്‍ 452 റണ്‍സുമായി തിളങ്ങിയ ഗ്രീന്‍ ബെംഗളൂരുവിനായി അഞ്ച് മത്സരങ്ങളില്‍നിന്ന് നേടിയതാകട്ടെ 68 റണ്‍സും രണ്ട് വിക്കറ്റും.

കാമറൂണ്‍ ഗ്രീന്‍
കാമറൂണ്‍ ഗ്രീന്‍

ബാറ്റിങ് നിരയിലുള്ള ഇന്ത്യന്‍ താരങ്ങളായ രജത് പാട്ടിദാർ, അനൂജ് റാവത്ത് എന്നിവർക്ക് ഇതുവരെയും താളം കണ്ടെത്താനായിട്ടില്ല. ഫിനിഷർ റോളില്‍ ദിനേശ് കാർത്തിക്ക് തിളങ്ങുന്നുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് 238 സ്ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് നേടിയാ മഹിപാല്‍ ലോംറോറിനെ വേണ്ടവിധം ഉപയോഗിക്കാനും ടീം മാനേജ്മെന്റിന് സാധിക്കുന്നില്ല.

റണ്‍മല കയറുന്ന ബൗളിങ് നിര

ബാറ്റർമാർ എത്ര വലിയ സ്കോർ ഉയർത്തിയാലും അത് ഭദ്രമാകില്ലെന്ന് ആവർത്തിക്കുന്നതാണ് ബെംഗളൂരു ബൗളർമാരുടെ ഐപിഎല്ലിലെ പ്രകടനങ്ങള്‍. പവർപ്ലേയില്‍ കരുത്തുതെളിയിക്കാന്‍ ട്രെന്‍ ബോള്‍ട്ടിനെയോ ജസ്പ്രിത് ബുംറയെ പോലൊരു ബോളർ ബെംഗളൂരു നിരയിലില്ലെന്നതാണ് പ്രധാന തിരിച്ചടി.

മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്

ന്യൂ ബോള്‍ ബൗളറായ മുഹമ്മദ് സിറാജാകട്ടെ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോഴും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. നാല് വിക്കറ്റ് മാത്രമാണ് വലം കയ്യന്‍ പേസറുടെ നേട്ടം. ന്യൂബോളില്‍ മികവ് പുലർത്താനാകാതെ വന്നതോടെ സിറാജിനെ മധ്യ ഓവറുകളിലാണ് ഡൂപ്ലെസിസ് നിലവില്‍ പരീക്ഷിക്കുന്നത്.

അഞ്ച് വിക്കറ്റെടുത്ത യാഷ് ദയാലാണ് ബെംഗളൂരിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍. താരത്തിന്റെയും എക്കണോമി പത്തിനടുത്താണ്. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ മികവുള്ള സ്പിന്നർമാരുടെ അഭാവമാണ് മറ്റൊരു പോരായ്മ. കരണ്‍ ശർമ, ഹിമാന്‍ഷു ശർമ, മായങ്ക് ഡാഗർ തുടങ്ങി പരീക്ഷിക്കപ്പെട്ട സ്പിന്നർമാരെല്ലാം എതിർ ടീം ബാറ്റർമാരുടെ ചൂട് നന്നെ അറിയുകയും ചെയ്തിട്ടുണ്ട്.

നാല് തോല്‍വികള്‍ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളും കഠിനമാക്കിയിരിക്കുകയാണ്. തിരിച്ചടികള്‍ക്കിടയിലും ട്വന്റി 20യില്‍ മൂന്ന് സെഞ്ചുറികളുള്ള വില്‍ ജാക്സിനെയും അഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ആകാശ് ദീപിനെയും എന്തിന് ബെഞ്ചിലിരുത്തിയിരിക്കുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നു. അവശേഷിക്കുന്ന ഒന്‍പത് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമാണ് അനായാസം പ്ലേ ഓഫ് എന്ന നേട്ടം സാധ്യമാക്കാന്‍ കഴിയൂ.

logo
The Fourth
www.thefourthnews.in