IPL 2024| ഡി കോക്കും പൂരാനും മിന്നി; ലഖ്നൗവിനെതിരെ ബെംഗളൂരുവിന് 182 റണ്‍സ് ലക്ഷ്യം
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്‌റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം. ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റേയും (81) നിക്കോളാസ് പൂരാന്റെയും (40*) ഇന്നിങ്സുകളാണ് മികച്ച സ്കോറിലേക്ക് ലഖ്നൗവിനെ എത്തിച്ചത്. രണ്ട് വിക്കറ്റെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബെംഗളൂരുവിനായി തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് നായകന്‍ കെ എല്‍ രാഹുലും ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പവർപ്ലേയിലെ ആനുകൂല്യം ഉപയോഗിച്ച് അതിവേഗം അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് തീർക്കാന്‍ സഖ്യത്തിനായി. സ്കോർ 50 കടന്നതിന് തൊട്ടുപിന്നാലെ തന്നെ രാഹുലിനെ (20) പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ദേവദത്ത് പടിക്കല്‍ (6) സിറാജിന്റെ ഷോർട്ട് ബോള്‍ തന്ത്രത്തിലും കീഴടങ്ങി.
മറുവശത്ത് വിക്കറ്റ് വീണെങ്കിലും ഡി കോക്ക് ചിന്നസ്വാമിയില്‍ തകർത്താടി. ഇതിനിടയില്‍ ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു. 36 പന്തുകളിലായിരുന്നു ഡി കോക്ക് അർധ ശതകം പിന്നിട്ടത്. നാലാമനായി എത്തിയ മാർക്കസ് സ്റ്റോയിനിസും ഡി കോക്കിനൊപ്പം ചേർന്നു. ഇതോടെ മൂന്നാം വിക്കറ്റിലും അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടായി. സ്റ്റോയിനിസിനെ (15 പന്തില്‍ 24) പുറത്താക്കി മാക്‌സ്‌വെല്‍ തന്നെയാണ് ബെംഗളൂരുവിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
വൈകാതെ തന്നെ ഡി കോക്ക് ട്രീറ്റും അവസാനിച്ചു. ടോപ്ലിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കവെയായിരുന്നു താരത്തിന്റെ പുറത്താകല്‍. 56 പന്തില്‍ 81 റണ്‍സ് ഇടം കയ്യന്‍ ബാറ്റർ നേടി. എട്ട് ഫോറും അഞ്ച് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ആറാമനായി എത്തിയ ആയുഷ് ബഡോണിയും (0) സ്കോറിങ് വേഗത്തിലാക്കാനുള്ള ശ്രമത്തിനിടയില്‍ വീണു. യാഷ് ദയാലിനായിരുന്നു വിക്കറ്റ്. പിന്നിലേക്ക് ഓടി ഫാഫ് ഡുപ്ലെസിസാണ് ക്യാച്ചെടുത്തത്.
ക്രീസിലെത്തിയ ശേഷം താളം കണ്ടെത്താന്‍ വിഷമിച്ച നിക്കോളാസ് പൂരാന്‍ അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180 കടത്തിയത്. 21 പന്തില്‍ ഒരു ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 40 റണ്‍സെടുത്താണ് പൂരാന്‍ പുറത്താകാതെ നിന്നത്. ബെംഗളൂരുവിനായി മാക്‌സ്‌വെല്‍ രണ്ടും മുഹമ്മദ് സിറാജ്, ദയാല്‍, ടോപ്ലി എന്നിവർ ഓരോ വിക്കറ്റും നേടി.