'താരങ്ങളെ പരിശീലിപ്പിക്കണം, സ്റ്റേഡിയം നിര്‍മിക്കാനും സഹായിക്കണം'; ബിസിസിഐയോട് അഭ്യർഥിച്ച് ഇറാൻ

'താരങ്ങളെ പരിശീലിപ്പിക്കണം, സ്റ്റേഡിയം നിര്‍മിക്കാനും സഹായിക്കണം'; ബിസിസിഐയോട് അഭ്യർഥിച്ച് ഇറാൻ

ഇന്ത്യയുടെ എം എസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ഇറാനിലെ തങ്ങളുടെ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനം

രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ ഭാവി മെച്ചപ്പെടുത്താൻ ഇന്ത്യ സഹായിക്കണമെന്ന അഭ്യർഥനയുമായി ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. ഇറാന്‍ ദേശീയ താരങ്ങളെ പരിശീലിപ്പിക്കാന്‍ ബിസിസിഐ മുന്നോട്ടുവരണമെന്നും ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സഹായിക്കണമെന്നും അസ്ഗര്‍ അലി അപേക്ഷിച്ചു. ഇന്ത്യയുടെ എം എസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ഇറാനിലെ തങ്ങളുടെ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

'ഇറാനിയന്‍ താരങ്ങള്‍ എം എസ് ധോണിയേയും വിരാട് കോലിയേയും ആരാധിക്കുന്നവരാണ്. അവരുടെ വീഡിയോ കാണിച്ച് താരങ്ങളെ പ്രചോദിപ്പിക്കാറുണ്ട്. രാജ്യത്ത് പരിശീലനത്തിനുള്ള ഭൗതിക സാഹചര്യങ്ങളില്ല. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഉപരോധം കാരണം ഫണ്ട് ലഭിക്കുന്നില്ല. നിര്‍മാണം നീണ്ടുപോവുകയും ചെയ്യുന്നു''- അസ്ഗര്‍ അലി റെയ്‌സി പറഞ്ഞു.

അഫ്ഗാന് ബിസിസഐയില്‍ നിന്ന് ലഭിച്ച പിന്തുണ തങ്ങള്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അസ്ഗര്‍ അലി. ഇന്ത്യ സഹായം നൽകിയാൽ മാത്രമേ ഇറാൻ താരങ്ങൾക്ക് ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

"അന്താരാഷ്ട്ര തലത്തിൽ വരെ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാൻ കഴിവുള്ളവരാണ് ഇറാനിയൻ ക്രിക്കറ്റ് കളിക്കാർ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കളിക്കാരെ പിന്നോട്ട് വലിക്കുകയാണ്. അവർക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കണം. അതിനായി ആദ്യം ഒരു സ്റ്റേഡിയം നിർമിക്കണം. ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാന്‍ ബിസിസിഐ സഹായിക്കണം"- റെയ്‌സി വ്യക്തമാക്കി. ഇന്ത്യ സഹായിച്ചാല്‍ ഇറാന്‍ കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

രാജ്യത്തെ കളിക്കാരെയും അമ്പയറിനെയും ബിസിസിഐയുടെ കീഴിൽ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അതുവഴി രാജ്യത്തെ താരങ്ങൾക്ക് മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി പത്ത് ഹെക്ടർ സ്ഥലമാണ് ഇറാൻ ചാബഹാറിൽ നീക്കി വച്ചിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്കയുടെ ഉപരോധം കാരണം ഫണ്ട് ലഭിക്കുന്നില്ല. അഫ്ഗാനിസ്ഥാന്‍  ക്രിക്കറ്റ് താരങ്ങളുടെ വളർച്ചയ്ക്ക് 2017 ൽ ഇന്ത്യ സാമ്പത്തിക സഹായം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നിരവധി താരങ്ങൾക്ക് ഐപിഎൽ പരിശീലനത്തിനായി ബിസിസിഐ നോയിഡയിൽ ഗ്രൗണ്ടും വിട്ടു നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in