ബട്ട്ലറുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അയര്‍ലന്‍ഡ്
ബട്ട്ലറുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അയര്‍ലന്‍ഡ്

മഴ കളിച്ചു; ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ്

2011 ഏകദിന ലോകകപ്പിലും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു

ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ അട്ടിമറി ജയവുമായി അയര്‍ലന്‍ഡ്. അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെയാണ് അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയത്. മഴ തടസം നിന്ന മത്സരത്തില്‍ മഴ നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു അയര്‍ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കവെ മഴ പെയ്തു. മത്സരം തുടരാനാവാത്ത സാഹചര്യത്തില്‍, ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം സ്‌കോര്‍ പരിശോധിച്ചപ്പോള്‍ ഇംഗ്ലണ്ട് അഞ്ച് റണ്‍സിന് പിന്നിലായിരുന്നു. അതോടെ, മത്സരഫലം അയര്‍ലന്‍ഡിന് അനുകൂലമായി. 2011 ഏകദിന ലോകകപ്പിലും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു. അന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം.

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ തുടക്കം ശുഭമായിരുന്നില്ല. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ റണ്ണൊന്നും എടുക്കാതെ മടങ്ങി. മൂന്നാം ഓവറില്‍ അലക്‌സ് ഹെയ്ല്‍സും (7), ആറാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സും (6) മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഒരറ്റത്ത് നിലയുറപ്പിച്ച മലാനൊപ്പം ഹാരി ബ്രൂക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍, പതിനൊന്നാം ഓവറില്‍ 18 റണ്‍സെടുത്ത ബ്രൂക്ക് ഡോക്‌റെല്ലിന്റെ പന്തില്‍ ഡെലാനിക്ക് ക്യാച്ച് കൊടുത്ത് മടങ്ങി. 14ാം ഓവറില്‍ മലാനെ ബാരി മക്കാര്‍ത്തി ഫിയോണ്‍ ഹാന്‍ഡിന്റെ കൈകളിലെത്തിച്ചതോടെ, ഇംഗ്ലണ്ട് വീണ്ടും സമ്മര്‍ദ്ദത്തിലായി. എന്നാല്‍, മൊയീന്‍ അലിയും ലിയാം ലിവിങ്‌സ്റ്റണും രക്ഷാദൗത്യം ഏറ്റെടുത്തു. പക്ഷേ, മഴയില്‍ കളി മുടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. മഴ നിയമപ്രകാരം സ്‌കോര്‍ പരിശോധിക്കുമ്പോള്‍ ജയിക്കാനാവശ്യമായതിനേക്കാള്‍ അഞ്ച് റണ്‍സ് പിന്നിലായിരുന്നു ഇംഗ്ലണ്ട്. അതോടെ, ജയം ഐറിഷ് പടയ്ക്ക് സ്വന്തമായി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ രണ്ട് വിക്കറ്റ് നേടി. മക്കാര്‍ത്തി, ഹാന്‍ഡ്, ഡോക്‌റെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഐറിഷ് ടീമിന് പോള്‍ സ്റ്റെര്‍ലിങ്ങും ആന്‍ഡ്രൂ ബാല്‍ബിറിനും മികച്ച തുടക്കമാണ് നല്‍കിയത്. 14 റണ്‍സെടുത്ത സ്റ്റെര്‍ലിങ് മൂന്നാമത്തെ ഓവറില്‍ പുറത്തായെങ്കിലും ബാല്‍ബറിനും ലോര്‍കാന്‍ ടക്കറും ഐറിഷ് സ്‌കോറിന് വേഗം നല്‍കി. പന്ത്രണ്ടാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. ടക്കര്‍ 34 റണ്‍സില്‍ റണ്ണൗട്ടാകുമ്പോള്‍ സ്‌കോര്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാരി ടെക്ടര്‍ റണ്ണൊന്നും എടുക്കാതെ മടങ്ങി. പതിനാറാം ഓവറില്‍ ബാല്‍ബിറിനും വീണു. ലിവിങ്‌സ്റ്റണിന്റെ പന്തില്‍ ഹെയ്ല്‍സിനായിരുന്നു ക്യാച്ച്. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് ബാല്‍ബിറിന്‍ അടിച്ചെടുത്തത്. തൊട്ടടുത്ത പന്തില്‍ ഡോക്‌റെല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 17ാം ഓവറില്‍ കാംഫറും (18) വീണതോടെ, ഐറിഷ് പടയുടെ പത്തിമടങ്ങി. ഡെലാനി (പുറത്താകാതെ 12) ഒഴികെ മറ്റെല്ലാവരും വേഗം കീഴടങ്ങിയതോടെ, അവസാന ഓവറില്‍ നാല് പന്ത് ശേഷിക്കെ അയര്‍ലന്‍ഡിന്റെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ലിവിങ്‌സ്റ്റണിം മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍ രണ്ടും സ്‌റ്റോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം, ലോകകപ്പിന് മഴ ഭീഷണി തുരുകയാണ്. ബുധനാഴ്ച ന്യൂസീലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇട്ടിരുന്നില്ല.

logo
The Fourth
www.thefourthnews.in